Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരബന്ധം നിഷേധിച്ച് രോഹിൻഗ്യ മുസ്‍ലിംകൾ സുപ്രീംകോടതിയിൽ

Rohingya Crisis മതപീഡനം ശക്തമായ മ്യാൻമറിൽനിന്നും പലായനം ചെയ്ത് ബംഗ്ലദേശിലെത്തിയ രോഹിൻഗ്യ മുസ്‍ലിംകൾ.

ന്യൂഡൽഹി ∙ ഭീകരബന്ധം ആരോപിച്ചും രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയും ഇന്ത്യയിൽനിന്ന് മടക്കി അയയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പ്രതിരോധിച്ച് രോഹിൻഗ്യ മുസ്‍ലിംകൾ സുപ്രീം കോടതിയിൽ. രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന കേന്ദ്രസർക്കാർ വാദത്തെ രോഹി‍ന്‍ഗ്യ മുസ്‍ലിം പ്രതിനിധികൾ സുപ്രീം കോടതിയിൽ നിഷേധിച്ചു. ഇസ്‍ലാമിക് സ്റ്റേറ്റ് ഉൾപ്പടെയുള്ള ഭീകരസംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.

ഇന്ത്യയിൽ അഭയം തേടിയ രോഹിൻഗ്യ മുസ്‌ലിംകളെ മ്യാൻമറിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് രോഹിൻഗ്യ വിഭാഗത്തിൽപ്പെട്ട ചിലരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭീകരരുമായി ബന്ധമുണ്ടെന്ന കേന്ദ്രസർക്കാർ വാദം മുഹമ്മദ് സലീമുള്ള ഉൾപ്പെടെയുള്ള ഹർജിക്കാർ തള്ളിക്കളഞ്ഞു. സമാധാനപ്രിയരും യാതൊരുവിധ ഭീകരബന്ധവും ഇല്ലാത്തവരുമാണ് രോഹിൻഗ്യകളിൽ ഏറിയപങ്കുമെന്ന് അവർ വ്യക്തമാക്കി. കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി ഒക്ടോബർ മൂന്നിലേക്കു മാറ്റി.

രോഹിൻഗ്യ മുസ്‍ലിംകൾക്ക് ഭീകരരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ജമ്മു കശ്മീർ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയും ഇവർ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ശ്രീലങ്കയിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സമയം അഭയം തേടി ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍‌ പൗരൻമാരിൽ എൽടിടിഇ ബന്ധമുള്ളവരെ കണ്ടെത്തി പ്രത്യേക ക്യാംപിലേക്കു മാറ്റാൻ കേന്ദ്രസർക്കാർ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിരുന്ന കാര്യവും ഇവർ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

ഈ നടപടിക്കു നേതൃത്വം നൽകിയ തമിഴ്നാട് സർക്കാരിന്റെ പുനരധിവാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് പ്രത്യേക കൈപ്പുസ്തകം പ്രസിദ്ധപ്പെടുത്തിയതും അവർ ചൂണ്ടിക്കാട്ടി. കർശനമായ പരിശോധനകൾക്കു ശേഷം സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താത്തവരെ സാധാരണ ക്യാംപുകളിൽതന്നെ തങ്ങാൻ അനുവദിച്ചിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അഭയം തേടിയ തങ്ങളെ കരുണയോടും ദയയോടും കൂടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചതെന്നും മ്യാൻമറിലേക്കു മടങ്ങിയാൽ കടുത്ത പീഡനം നേരിടേണ്ടി വരുമെന്നും ഹർജിക്കാർ ബോധിപ്പിച്ചു. രോഹിൻഗ്യൻ മുസ്‍ലിംകൾ കടുത്ത മതപീഡനം നേരിടുന്ന മ്യാൻമറിൽ സൈന്യം തങ്ങളെ ശത്രുക്കളായാണ് കാണുന്നത്. കൊടിയ പീഡനങ്ങൾ അരങ്ങേറുന്ന അവിടേക്ക് തിരിച്ചയയ്ക്കരുതെന്നും ഹർജിക്കാർ അപേക്ഷിച്ചു. 2015 ൽ ഇതര മതസ്ഥരായ അഭയാർഥികളെ സ്വീകരിക്കുന്നതിൽ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തിൽ മുസ്‍ലിം മതവിഭാഗക്കാരെ ഉൾപ്പെടുത്താത്തത് വിവേചനപരമാണെന്നും ഹർജിയിൽ പറയുന്നു.

നേരത്തെ, രോഹിൻഗ്യകളെ രാജ്യത്തുനിന്ന് ഒഴിപ്പിക്കണമെന്നു സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. 2012 ൽ ആരംഭിച്ച അഭയാർഥിപ്രവാഹത്തിൽ 40,000 പേരാണ് രാജ്യത്തെത്തിയത്. അഭയാർഥികളെ കടത്താൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്നും മ്യാൻമർ, ബംഗാൾ, ത്രിപുര എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പാക്ക് സംഘടനകളുമായി രോഹിൻഗ്യകൾക്കു ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. രോഹിന്‍ഗ്യകളെ തിരിച്ചയക്കുന്നതു തടയണമെന്ന ഹര്‍ജിയിലാണു കേന്ദ്രം നിലപാടു വ്യക്തമാക്കിയത്. 

രോഹിൻഗ്യ അഭയാർഥി പ്രശ്നത്തിൽ ഇന്ത്യൻ സർക്കാർ സുപ്രീം കോടതിയിൽ ധരിപ്പിച്ച വസ്തുതകൾ ചുവടെ:

∙ ഒട്ടേറെ രോഹിൻഗ്യ അഭയാർഥികൾ ഐഎസ്‌ഐ, ഐഎസ് ഉൾപ്പെടെയുള്ള വിധ്വംസക സംഘടനകളുടെ ഇന്ത്യാവിരുദ്ധ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. 

∙ ഹവാല പണമിടപാട്, വ്യാജ തിരിച്ചറിയൽ കാർഡ് (വോട്ടർ കാർഡ്, പാൻ കാർഡ്) സംഘടിപ്പിക്കൽ, മനുഷ്യക്കടത്ത് തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെടുന്നു. 

∙ തീവ്രനിലപാടുകാരായ രോഹിൻഗ്യകൾ ഇന്ത്യയിൽ കഴിയുന്ന ഇന്ത്യൻ പൗരത്വമുള്ള ബുദ്ധമതക്കാരെ ആക്രമിക്കാൻ സാധ്യത.

∙ തീവ്രവാദ പശ്‌ചാത്തലമുള്ള രോഹിൻഗ്യകൾ ജമ്മുവിലും ഡൽഹിയിലും ഹൈദരാബാദിലും മറ്റും സജീവം. ഇവർ ആഭ്യന്തര സുരക്ഷയ്‌ക്കും ദേശീയ സുരക്ഷയ്‌ക്കും ഭീഷണി. 

∙ വൻജനസംഖ്യയുള്ള ഇന്ത്യയിൽ തൊഴിലില്ലാത്തവർ ഏറെ. നിലവിലെ ദേശീയ വിഭവങ്ങളും ക്ഷേമപദ്ധതികളും നിയമവിരുദ്ധമായി രാജ്യത്തെത്തിയവരുമായി പങ്കുവയ്‌ക്കുന്നത് സംഘർഷാവസ്‌ഥയും നിയമപ്രശന്‌ങ്ങളുമുണ്ടാക്കാം. പൗരൻമാരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടും. 

∙ സുരക്ഷാ ഏജൻസികൾ നൽകിയതും അന്വേഷണങ്ങളിൽ ലഭിച്ചതുമായ കൂടുതൽ വിവരങ്ങൾ രഹസ്യരേഖയായി കോടതിക്കു കൈമാറും. 

related stories