Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലിൻഡ് ഭൂമിയുടെ പാട്ടക്കരാർ പുതുക്കൽ: മന്ത്രിമാർക്കിടയിൽ ഭിന്നാഭിപ്രായം

E Chandrasekhran, J Mercykutty Amma

തിരുവനന്തപുരം∙ കുണ്ടറ അലിൻഡ് ഭൂമിയുടെ പാട്ടക്കരാർ പുതുക്കിനൽകുന്നതുമായി ബന്ധപ്പട്ടു സർക്കാരിൽ ഭിന്നത. പാട്ടക്കരാർ പുതുക്കി നൽകണമെന്ന സൊമാനി ഗ്രൂപ്പിന്റെ അപേക്ഷ റവന്യു വകുപ്പ് തള്ളി. എന്നാൽ ഇക്കാര്യത്തിൽ മന്ത്രിസഭായോഗമാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.

കുണ്ടറ അലിൻഡുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ നിലനിൽക്കുന്ന കടുത്ത ഭിന്നതയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർ ഭൂമിയിലെ ഫാക്ടറി തുറക്കുന്നതിനു സൊമാനി ഗ്രൂപ്പിന് അനുമതി നൽകിയ മുഖ്യമന്ത്രിയുടെ തീരുമാനത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയാണു മന്ത്രി ഇ.ചന്ദ്രശേഖരൻ പാട്ടക്കരാർ പുതുക്കേണ്ട എന്നു തീരുമാനിച്ചത്.

റവന്യുമന്ത്രിയെ ഉൾപ്പെടുത്താതെ മുഖ്യമന്ത്രി വിളിച്ച യോഗത്തിലായിരുന്നു സർക്കാരിന്റെ മുൻനിലപാട് അട്ടിമറിച്ച് സൊമാനി ഗ്രൂപ്പിന് അനുകൂലമായ തീരുമാനമെടുത്തത്. വിജിലൻസ് റിപ്പോർട്ടടക്കം പുറത്തുവന്നതോടെ അലിൻഡിന്റെ ഭൂമിയിൽ കണ്ണുവച്ചുള്ള സൊമാനി ഗ്രൂപ്പിന്റെ നീക്കത്തിന് റവന്യുവകുപ്പ് തടയിട്ടു. എന്നാൽ ഇതല്ല സർക്കാരിന്റെ നിലപാടെന്നാണ് ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. അതേസമയം, മുഖ്യമന്ത്രി ഇപ്പോഴും കുണ്ടറ അലിൻഡ് വിഷയത്തിൽ മൗനത്തിലാണ്.

‌അലിൻഡിൽ സംഭവിക്കുന്നത്

വ്യവസായ വകുപ്പിനു കീഴിലുള്ള അലുമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (അലിൻഡ്) കോടികൾ വിലമതിക്കുന്ന ഭൂമി കൈക്കലാക്കാൻ ഉത്തരേന്ത്യൻ ലോബി നടത്തുന്ന നീക്കത്തിനു പിന്നിൽ ഉന്നതതല ഇടപെടലെന്നാണു സൂചന. പാട്ടക്കാലാവധി കഴിഞ്ഞിട്ടും സൊമാനി ഗ്രൂപ്പ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് അട്ടിമറിച്ചാണു നീക്കം. പാട്ടഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന വ്യവസായ വകുപ്പിന്റെ മുൻ തീരുമാനവും അട്ടിമറിക്കപ്പെട്ടു.

കമ്പനിയുടെ പ്രമോട്ടർമാരായ സൊമാനി ഗ്രൂപ്പിന് അലിൻഡിന്റെ കുണ്ടറയിലെ യൂണിറ്റ് തുറന്നുപ്രവർത്തിപ്പിക്കാൻ നൽകിയ അനുമതിയാണു ഭൂമികൈമാറ്റത്തിനു വഴിയൊരുക്കിയത്. ഒന്നരപ്പതിറ്റാണ്ടിലേറെ മുൻപു പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സൊമാനി ഗ്രൂപ്പിനു വീണ്ടും കൈമാറാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. കുണ്ടറ യൂണിറ്റിൽ ഉൽപാദനം പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17നു മുഖ്യമന്ത്രി നിർവഹിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.

ഭൂമി തിരിച്ചുപിടിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ജൂൺ 26ന് ആണു സമർപ്പിച്ചത്. ജൂലൈ 31നു മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കുണ്ടറയിലെ ഭൂമി സൊമാനി ഗ്രൂപ്പിനു വീണ്ടും നൽകാൻ തീരുമാനമെടുത്തു. ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ നേരത്തേ വ്യവസായ മന്ത്രി എ.സി.മൊയ്തീൻ വിളിച്ച യോഗം റദ്ദാക്കുകയും ചെയ്തു.

സൊമാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരിക്കെ പാട്ടത്തുക, നികുതി, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ തുടങ്ങിയ ഇനങ്ങളിൽ കോടികളുടെ കുടിശിക അടച്ചിട്ടില്ല. കുണ്ടറയിലെയും ഹൈദരാബാദിലെയും രണ്ടു യൂണിറ്റുകളും ഒഡീഷയിലെ ഒരു യൂണിറ്റും 1998 മുതൽ പ്രവർത്തനം നിർത്തിവച്ചു. കമ്പനി തുറക്കാൻ പിന്നീടു നടന്ന നീക്കങ്ങളെല്ലാം വിവിധ കാരണങ്ങളാൽ തടസ്സപ്പെട്ടു. ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പാട്ടക്കാലാവധി നീട്ടിക്കൊടുക്കേണ്ടതില്ലെന്നു തീരുമാനമെടുത്തിരുന്നു.