Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയയ്ക്കു പിന്നാലെ യുഎസിനെ വെല്ലുവിളിച്ച് ഇറാന്റെ മിസൈൽ പരീക്ഷണം

ballistic-missile വെള്ളിയാഴ്ച ഇറാൻ സൈന്യം നടത്തിയ പരേഡിൽ പ്രദർശിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളിലൊന്ന്.

ടെഹ്റാൻ ∙ ഉത്തരകൊറിയ സൃഷ്ടിക്കുന്ന പ്രതിസന്ധി നിലനിൽക്കെ, യുഎസിനെ വെല്ലുവിളിച്ച് മിസൈൽ പരീക്ഷണവുമായി ഇറാനും. പുതിയ മധ്യദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇറാൻ വെളിപ്പെടുത്തി. മിസൈൽ പരീക്ഷണങ്ങൾക്കെതിരെ യുഎസ് നൽകിയ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇറാന്റെ നീക്കം.

ഖൊറംഷർ മിസൈൽ വിജയകരമായി പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ ദേശീയ ടെലിവിഷൻ ചാനലും സംപ്രേഷണം ചെയ്തു. വലിയ സൈനിക പരേഡിന്റെ ദൃശ്യങ്ങൾ കാട്ടിയശേഷമാണു മിസൈൽ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ ചാനൽ സംപ്രേഷണം ചെയ്തത്. അതേസമയം, എന്നാണ് മിസൈൽ പരീക്ഷിച്ചതെന്നു ചാനൽ വെളിപ്പെടുത്തിയിട്ടില്ല.

ഇതിനു മുൻപ് ഇറാൻ നടത്തിയ മിസൈൽ പരീക്ഷണങ്ങളെല്ലാം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുള്ള സ്ഥിതിക്കു പുതിയ പരീക്ഷണത്തോട് ഇവർ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക ശക്തമാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ ഇറാൻ നടത്തിയ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ, മിസൈൽ പരീക്ഷണങ്ങൾ നിർബാധം തുടരുമെന്നു വ്യക്തമാക്കി ഇറാൻ രംഗത്തെത്തിയിരുന്നു. സിമോർഗ് ബഹിരാകാശവാഹനം വിജയകരമായി വിക്ഷേപിച്ചതിനു പിന്നാലെ ഇതു ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിലേക്കു നീങ്ങുമെന്നാരോപിച്ചാണു യുഎസ് ഉടൻ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചത്.

ഇറാന്റെ നടപടി യുഎൻ രക്ഷാസമിതിയുടെ പ്രമേയത്തിനു വിരുദ്ധമാണെന്നു യുഎസ്, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ആരോപിക്കുകയും ചെയ്തു. എന്നാൽ, വിക്ഷേപണം രക്ഷാസമിതിയുടെ നിർദേശങ്ങൾക്കു വിരുദ്ധമല്ലെന്നാണ് ഇറാന്റെ വാദം. അതിനിടെ, അമേരിക്കയുടേതിനെ വെല്ലുന്ന അതീവ പ്രഹരശേഷിയുള്ള ആണവേതര ബോംബ് കൈവശമുണ്ടെന്ന് ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ ആമിർ അലി ഹാജിസാദേ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. 10 ടണ്ണിലധികം ശേഷിയുള്ള ബോംബ് എയർക്രാഫ്റ്റുകളിൽനിന്നു വിക്ഷേപിക്കാനാകും. അമേരിക്കയുടെ ‘മാസീവ് ഓർഡിനൻസ് എയർബ്ലാസ്റ്റ്’ ബോംബിനേക്കാൾ ശേഷി കൂടിയതാണിത്.