Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോ ഭൂകമ്പം: ജീവന്റെ ‘മിടിപ്പ്’ തിരിച്ചുപിടിച്ചത് നാസ ‘ഫൈൻഡർ’

nasa finder നാസ തയാറാക്കിയ ‘ഫൈൻഡർ’

വാഷിങ്ടൺ∙ മെക്സിക്കോയെ തകർത്തുകളഞ്ഞ ഭൂകമ്പങ്ങൾക്കൊടുവിൽ ജീവന്റെ മിടിപ്പു തേടിയുള്ള രക്ഷാദൗത്യത്തിനിടെ സഹായവുമായെത്തിയത് നാസയുടെ ‘റഡാർ’ ഉപകരണം. ബഹിരാകാശ ദൗത്യത്തിനു വേണ്ടി തയാറാക്കിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമിച്ച ‘ഫൈൻഡർ’ എന്ന ഉപകരണമാണ് ഒട്ടേറെപ്പേരുടെ ജീവൻ തിരിച്ചു പിടിക്കാൻ സഹായിച്ചത്.

ഭൂകമ്പത്തെത്തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോകുന്നവരെ അവരുടെ ശ്വസനവും ഹൃദയമിടിപ്പും ‘പിടിച്ചെടുത്ത്’ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സഹായകമായത് ഫൈൻഡിങ് ഇൻഡിവിജ്വൽസ് ഫോർ ഡിസാസ്റ്റർ ആൻഡ് എമർജൻസി റെസ്പോൺസ്(FINDER) എന്നു പേരുള്ള ഉപകരമാണ്.

ഒരു സ്യൂട്ട്കെയ്സിന്റെ മാത്രം വലുപ്പമുള്ള ഇത് പോർട്ടറീക്കോയിൽ ‘മരിയ’ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴും ഉപയോഗപ്പെടുത്തിയിരുന്നു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മെക്സിക്കോയിൽ 250ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയും ചെയ്തു.

കെട്ടിടാവശിഷ്ടങ്ങൾക്ക് മുകളിൽ വന്ന് ഏറെ തീവ്രത കുറഞ്ഞ ഒരു സിഗ്നൽ അയക്കുകയാണ് ഫൈൻഡർ ചെയ്യുക. മൊബൈൽ ഫോൺ സിഗ്നലിനേക്കാളും ആയിരം മടങ്ങ് തീവ്രത കുറഞ്ഞതാണ് ഇത്. തുടർന്ന് ഫൈൻഡറിൽ ഈ സിഗ്നലിന്റെ പ്രതിഫലനം പരിശോധിക്കും.

സിഗ്നലിന്റെ താഴേക്കുള്ള യാത്രാമധ്യേ ആരെങ്കിലും ശ്വസിക്കുകയോ ഹൃദയമിടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പ്രതിഫലനത്തിൽ അക്കാര്യം വ്യക്തമാകും. കെട്ടിടാവശിഷ്ടങ്ങൾക്ക് 30 അടി വരെയും കോൺക്രീറ്റ് കട്ടകൾക്ക് 20 അടി വരെയും താഴെയുള്ള ഹൃദയമിടിപ്പുകളെ കണ്ടെത്താൻ ഫൈന്‍ഡറിന് സാധിച്ചിരുന്നു.

മരിയ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒട്ടെറെപ്പേർ വീടുകളിൽ കുടുങ്ങിയിരുന്നു. മേൽക്കൂരയ്ക്കു മുകളിൽ നിന്ന് താഴേക്ക് സിഗ്നൽ അയച്ചാല്‍ ആരെങ്കിലും ബോധക്ഷയം സംഭവിച്ചോ മറ്റോ വീടുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് തിരിച്ചറിയാനാകും.

വെള്ളത്തിൽ റഡാർ പ്രവർത്തിക്കില്ലെങ്കിലും മറ്റ് ഉപകരണങ്ങൾക്കൊപ്പം ചേരുമ്പോൾ ഫൈൻഡർ അവിടെയും സഹായിയാകും. ദുരന്തബാധിത പ്രദേശങ്ങളിലെ ഉപയോഗത്തിനായി പരിശീലനം ലഭിച്ച നായ്ക്കൾ, തെർമൽ ഇമേജർ തുടങ്ങിയവയ്ക്കൊപ്പവും ഫൈൻഡറിനെ ഉപയോഗപ്പെടുത്താം.

ബഹിരാകാശ പേടകങ്ങളുടെ ചലനത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ തിരിച്ചറിയാനുള്ള ചെലവു കുറഞ്ഞ പദ്ധതിയുടെ ഭാഗമായാണ് ഫൈൻഡറിന്റെ സാങ്കേതികതയ്ക്ക് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷൻ ലബോറട്ടറി രൂപം നൽകിയത്. തങ്ങളുടെ സാങ്കേതികത ഇത്തരത്തിൽ ഉപയോഗപ്പെടുത്തിയതിന് ഫൈൻഡറിന്റെ ടാസ്ക് മാനേജർ നീൽ ഷാംബെർലെൻ സന്തോഷവും അറിയിച്ചു.

2015ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ ഒരു വസ്ത്രനിര്‍മാണ ഫാക്ടറിയുടെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടു പോയ നാലു പേരെ രക്ഷപ്പെടുത്താൻ സഹായിച്ചതും ‘ഫൈൻഡർ’ ആണ്.