Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭ്യാസ പ്രകടനത്തിനിടെ സൈനിക വിമാനം കടലിൽ തകർന്നുവീണു– വിഡിയോ

Italian-Plane-Crash സൈനിക വിമാനം കടലിൽ തകർന്നുവീഴുന്നതിന്റെ ദൃശ്യം. (ചിത്രത്തിന് കടപ്പാട്: ട്വിറ്റർ)

റോം ∙ ആയിരക്കണക്കിന് കാണികൾ നോക്കിനിൽക്കെ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്ന സൈനിക വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നിന്ന് 110 കിലോമീറ്റർ അകലെ ടെറാസിനയിലാണു സംഭവം. ഇറ്റാലിയൻ വ്യോമസേന ഉപയോഗിക്കുന്ന യൂറോ ഫൈറ്റർ ജെറ്റുകളിലൊന്നാണ് സൈനികാഭ്യാസത്തിനിടെ കടലിൽ തകർന്നു വീണത്.

അപകടത്തിനു തൊട്ടുപിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും പൈലറ്റിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം കണ്ടെടുത്തതായി ഇറ്റാലിയൻ എയർഫോഴ്സ് സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുമുൻപായി വിമാനം ആകാശത്ത് ഡൈവ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെയാണ് വൻ ശബ്ദത്തോടെ വിമാനം കടലിലേക്കു കൂപ്പുകുത്തിയത്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സൈനികാഭ്യാസങ്ങളിലെ ഇറ്റാലിയൻ താരസാന്നിധ്യമായ ‘ഫ്രച്ചെ ടിറികളോറി’ വിഭാഗവും പങ്കെടുത്ത വ്യോമാഭ്യാസമാണ് ഒരു വൈമാനികന്റെ ജീവനെടുത്ത അപകടത്തിലേക്കു നയിച്ചത്. ഒട്ടേറെയാളുകൾ ക്യാമറയിലും മൊബൈൽ ഫോണുകളിലുമായി വ്യോമാഭ്യാസം പകർത്തിയിരുന്നതിനാൽ അപകടത്തിന്റേതായി ഒട്ടേറെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.