Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. ടോം ഉഴുന്നാലിൽ കൊച്ചിയിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

Fr.Tom നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്ന ഫാ.ടോം. (ടിവി ദൃശ്യം)

കൊച്ചി ∙ പ്രാർഥനയോടെ കാത്തിരുന്ന നാടിന്റെ സ്നേഹത്തിലേക്കു ഫാ. ടോം ഉഴുന്നാലിൽ പറന്നിറങ്ങി. രാവിലെ 7.15നാണ് സലേഷ്യൻ സഭയിലെ സഹവൈദികർക്കൊപ്പം ബെംഗളൂരുവിൽനിന്നും ഫാ.ടോം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പരീക്ഷണ കാലഘട്ടത്തിലെ വേദനകളെയും ദുരിതങ്ങളെയും അതിജീവിച്ചെത്തിയ ഫാ. ടോമിനെ മാതൃരൂപതയ്ക്കു വേണ്ടി പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സ്വീകരിച്ചു. ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ശേഷം ആദ്യമായാണ് അദ്ദേഹം േകരളത്തിലെത്തുന്നത്. മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി 2014 സെപ്റ്റംബർ ആറിനായിരുന്നു ഫാ. ടോം ഇതിനുമുമ്പു ജന്മനാട്ടിലെത്തിയത്.

വൈദികരുടെയും സന്യസ്തരുടെയും വൻനിരയും ഫാ. ടോമിനെ സ്വീകരിക്കാൻ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളാ കോൺഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ.മാണി, എംഎൽഎമാരായ അൻവർ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ഹൈബി ഈഡൻ, റോജി എം.ജോൺ, വി.ഡി. സതീശൻ, കേരളാ കോൺഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവരും ഫാ.ടോമിനെ സ്വീകരിക്കാനെത്തി. അതേസമയം, സർക്കാരിന്റെ പ്രതിനിധികളാരും വിമാനത്താവളത്തിലെത്തിയില്ല. ഇതിൽ അനൗചിത്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം ഫാ. ടോം വെണ്ണല ഡോൺ ബോസ്കോയിലേക്ക് പോയി. പിന്നീട് കൊച്ചി സെന്റ് മേരീസ് ബസലിക്കയിൽ എത്തി പ്രത്യേക പ്രാർഥന നടത്തും. ഇതിന് ശേഷം വരാപ്പുഴ ആർച്ച് ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിക്കും. ഉച്ചയോടെ ഫാ. ടോം കോട്ടയത്തേക്ക് പോകും. സഹായ മെത്രാനൊപ്പം വൈകിട്ടു നാലിനു പാലാ ബിഷപ്സ് ഹൗസിലെത്തുന്ന ഫാ. ടോമിനെ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ ഉൾപ്പെടെയുള്ളവർ ചേർന്നു സ്വീകരിക്കും.

ബിഷപ്സ് ഹൗസിലെ ചാപ്പലിൽ പ്രാർഥനയ്ക്കുശേഷം ഫാ. ടോം ജന്മനാടായ രാമപുരത്തേക്കു പോകും. വൈകിട്ട് 5.15നു രാമപുരം കവലയിൽ സ്വീകരണം. 5.30നു സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ഫാ. ടോമിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി. 6.45നു പാരിഷ് ഹാളിൽ സമ്മേളനം. എട്ടരയോടെ രാമപുരത്തെ സ്വന്തം വീട്ടിലെത്തുന്ന ഫാ. ടോം രാത്രി അവിടെ വിശ്രമിക്കും.