Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന് ജാമ്യം; 85 ദിവസത്തിനു ശേഷം മോചനം, വൻ സ്വീകരണമൊരുക്കി ആരാധകർ

Dileep 85 ദിവസത്തെ ജയിൽവാസത്തിനു ശേഷം നടൻ ദിലീപ് പുറത്തിറങ്ങിയപ്പോൾ. ചിത്രം: ടോണി ഡോമിനിക്.

കൊച്ചി∙ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ കേസിൽ റിമാൻഡിലായിരുന്ന നടൻ ദിലീപ് ജയിൽ മോചിതനായി. ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതാണ് നടന്റെ ജയിൽ മോചനത്തിന് വഴി തുറന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതി പുറപ്പെടുവിച്ച മോചന ഉത്തരവ് ആലുവ സബ് ജയിലിൽ എത്തിച്ചു. തുടർന്ന് വൈകിട്ട് അഞ്ചേകാലോടെ ദിലീപ് ജയിൽനിന്ന് പുറത്തിറങ്ങി.

ദിലീപിന്റെ സഹോദരൻ അനൂപ്, അഭിഭാഷകർ എന്നിവർ ചേർന്നാണു ഹൈക്കോടതിയുടെ ഉത്തരവ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്. അവിടെ നിന്നും റിലീസിങ് ഓർഡർ ആലുവ ജയിലിൽ സഹോദരൻ എത്തിക്കുകയായിരുന്നു. ആലുവ സബ് ജയിലിനു പുറത്ത് വലിയ ജനക്കൂട്ടമാണ് ദിലീപിനെ സ്വീകരിക്കാൻ കാത്തുനിന്നത്. മധുരം വിതരണം ചെയ്തും ജയ് വിളിച്ചും നടന്റെ ഫ്ലെക്സിൽ പാലഭിഷേകം നടത്തിയുമാണ് ആരാധകർ ആഹ്ലാദം പ്രകടിപ്പിച്ചത്. നടൻ ധർമ്മജൻ, നാദിർഷായുടെ സഹോദരൻ സമദ്, കലാഭവൻ അൻസാർ തുടങ്ങി സിനിമാമേഖലയിൽ നിന്നുള്ളവരും ദിലീപിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യഹർജി പരിഗണിച്ചത്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചു. ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതികളിലുമായി അഞ്ച് തവണയാണ് ദിലീപ് ജാമ്യപേക്ഷ സമർപ്പിച്ചത്.

ദിലീപ് പുറത്തിറങ്ങുന്നതു കാത്ത് ആലുവ സബ് ജയിലിനുമുന്നിൽ തടിച്ചുകൂടിയിരിക്കുന്ന ആരാധകർ. ചിത്രം: ടോണി ഡൊമിനിക്

അതേസമയം, ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതു സംബന്ധിച്ച് വിധി പകർപ്പു ലഭിച്ചശേഷം പ്രതികരിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ദിലീപിന് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ചയല്ലെന്നും കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റപത്രം മർപ്പിക്കുമെന്നും ആലുവ റൂറൽ എസ്പി എ.വി.ജോർജ് പ്രതികരിച്ചു.

ജാമ്യ വ്യവസ്ഥകൾ ഇങ്ങനെ:

1. പാസ്പോർട്ട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കണം
2. ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം
3. രണ്ട് ആൾ ജാമ്യവും നൽകണം
4. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്
5. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം
6. നടിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുത്
7. മാധ്യമങ്ങളോടു സംസാരിക്കുന്നതിന് നിയന്ത്രണം

വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂർത്തിയായിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേട്ട് കോടതി രണ്ടു തവണയും ജാമ്യാപേക്ഷ തള്ളി.

നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനിൽകുമാർ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണു മുൻപു ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിന്റെ നാൾ വഴി

2017 ഫെബ്രുവരി 17 : അങ്കമാലി അത്താണിക്കു സമീപം പ്രമുഖ യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തതായി കേസ്.

ഫെബ്രുവരി 21: നടൻ ദിലീപിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ഫെബ്രുവരി 23: മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ (പൾസർ സുനി), തലശേരി സ്വദേശി വിജീഷ് എന്നിവരെ കോടതി മുറിയിൽനിന്നു നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 20: വിഷ്ണു എന്നയാൾ വിളിച്ച് സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി കാണിച്ച് നടൻ ദിലീപ് ഡിജിപിക്ക് പരാതി നൽകി.

ജൂൺ 25: ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. കത്ത് എഴുതിയതായി സുനി അന്വേഷണസംഘത്തിനു മൊഴി നൽകി.

ജൂൺ 28: പുതിയ വെളിപ്പെടുത്തലുകളെത്തുടർന്ന് ദിലീപ്, നാദിർഷ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ ചോദ്യം ചെയ്തു

ജൂലൈ 02: ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മുഖ്യപ്രതി പൾസർ സുനി എത്തിയതായി പൊലീസിന് തെളിവു ലഭിച്ചു.

ജൂലൈ 10: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നു.

related stories