Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിവില്ലാത്ത മാരത്തൺ ചർച്ചയുമായി പാക്ക് കരസേനാ മേധാവി ജനറൽ ബജ്‌വ

Qamar Javed Bajwa

ഇസ്‌ലാമാബാദ്∙ കശ്മീരീലെ നിയന്ത്രണരേഖയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പാക്ക് കരസേനാ മേധാവിയുടെ മാരത്തൺ ചർച്ച. സുരക്ഷാകാര്യങ്ങളാണ് ചർച്ചയായതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും എന്തെങ്കിലും തിരിച്ചടിയാണോ പാക്കിസ്ഥാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

കരസേനാ മേധാവി ജനറൽ ഖ്വമർ ജാവേദ് ബജ്‌വയാണ് രാജ്യത്തെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ നിർണായക യോഗം വിളിച്ചത്. നിയന്ത്രണ രേഖയിലെ സാഹചര്യങ്ങളാണു പ്രധാനമായും ചർച്ചയായത്. ഉന്നത സൈനിക ഉദ്യോസ്ഥരുമായുള്ള ചർച്ച ഏഴു മണിക്കൂറിലധികം നീണ്ടുവെന്നാണ് റിപ്പോർട്ട്. പതിവിനു വിപരീതമായി, സൈന്യത്തിന്റെ മാധ്യമ വിഭാഗം ഐഎസ്പിആർ (ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ്) ഔദ്യോഗിക പ്രസ്താവന ഇറക്കിയില്ലെന്നതും ശ്രദ്ധേയമാണ്.

ജനറൽ ബജ്‍വയുടെ കാബുൾ സന്ദർശനത്തിനു മുന്നോടിയായാണ് യോഗം ചേർന്നത്. ഇന്ത്യയിൽനിന്നുള്ള പ്രകോപനങ്ങൾ നിയന്ത്രിക്കണമെന്ന തരത്തിലും ചർച്ചകളുണ്ടായി. ഇന്ത്യൻ സേന പ്രദേശവാസികളെ ആക്രമിക്കുന്നുവെന്ന ആരോപണവുമുയർന്നു. കശ്മീരിലെ സാഹചര്യങ്ങളും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പ്രകോപനങ്ങളോട് ഏതെല്ലാം തരത്തിൽ പ്രതികരിക്കണമെന്നുള്ള നിർദേശങ്ങളാണ് സൈനിക മേധാവി കൈമാറിയതെന്നാണ് സൂചന.