Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹിത്യ നൊബേൽ വിഭ്രമാത്മകതയുടെ എഴുത്തുകാരൻ കസുവോ ഇഷിഗുറോയ്ക്ക്

 Kazuo Ishiguro

സ്റ്റോക്കാം ∙ കാലവും ഓർമകളും മനുഷ്യന്റെ മിഥ്യാഭ്രമങ്ങളും എഴുത്തിൽ ആഘോഷമാക്കിയ ബ്രിട്ടിഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോ(62)യ്ക്ക് ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം. നൊബേലിന് ഏറെ സാധ്യത കൽപിച്ചിരുന്ന ഹാറുകി മുറാകാമി, മാർഗരെറ്റ് ആറ്റ്‌വുഡ്, ഗുഗി വാ തിയോങോ എന്നിവരെ പിന്തള്ളിയാണ് സാഹിത്യലോകത്തെ ഏറ്റവും ഉന്നത ബഹുമതികളിലൊന്ന് ഇഷിഗുറോ സ്വന്തമാക്കിയത്. 

വൈകാരികമായി കരുത്തുറ്റ രചനാവൈഭവത്തിലൂടെ മനുഷ്യനും ഭൂമിയും തമ്മിലുള്ള മായികമായ ബന്ധത്തിന്റെ ആഴക്കാഴ്ചകളെ അനാവരണം ചെയ്യുന്ന കൃതികളാണ് ഇഷിഗുറോയുടേതെന്ന് നൊബേൽ സമ്മാനിക്കുന്ന സ്വീഡിഷ് അക്കാദമി വിലയിരുത്തി. ആവിഷ്കാരത്തിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ട് ഇഷിഗുറോയുടെ ഓരോ രചനയിലും. ഓർമ, കാലം, മിഥ്യാഭ്രമങ്ങൾ തുടങ്ങിയവയാണ് ഇഷ്ട വിഷയങ്ങൾ.

എഴുത്തിൽ പശ്ചാത്തലമൊരുക്കുമ്പോൾ വർത്തമാനത്തേക്കാൾ ഭൂതകാലത്തോടാണ് പ്രിയം കൂടുതൽ. ഇതുവരെ എഴുതിയത് എട്ടു നോവലുകൾ. ചലച്ചിത്ര–ടെലിവിഷൻ തിരക്കഥാകൃത്തുമാണ് ഇഷിഗുറോ. ചെറുകഥകളും പുറത്തിറക്കിയിട്ടുണ്ട്. കോളമെഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തൻ. 

1989 ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ദ് റിമെയ്ൻസ് ഓഫ് ദ് ഡേ’ ആണ് പ്രശസ്ത നോവൽ. ആ വർഷത്തെ മാൻ ബുക്കർ പ്രൈസും ഈ നോവലിനായിരുന്നു. ഇത് സിനിമയുമാക്കിയിട്ടുണ്ട്. എ പേൽ വ്യൂ ഓഫ് ഹിൽസ്, ആൻ ആർടിസ്റ്റ് ഓഫ് ദ് ഫ്ലോട്ടിങ് വേൾഡ്, നെവർ ലെറ്റ് മി ഗോ, ദി അൺകൺസോൾഡ്, ദ് ബറീഡ് ജയന്റ് തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ. 

1954 നവംബർ എട്ടിന് ജപ്പാനിലെ നാഗസാക്കിയിൽ ജനിച്ച ഇഷിഗുറോ അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറി. സമുദ്രഗവേഷകനായ പിതാവിന്റെ പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇഷിഗുറോയുടെ ഉപരിപഠനവും ഇംഗ്ലണ്ടിലായിരുന്നു.

മനുഷ്യന്റെ വിഭ്രമാത്മകതയെയും ഓർമയെയുമെല്ലാം ഇഴ കീറി പരിശോധിക്കുന്ന രചനാരീതിയാണെങ്കിലും സയൻസ് ഫിക്‌ഷന്റെ സ്വാധീനവും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലുകളിലുണ്ട്. 2005 ലിറങ്ങിയ ‘നെവർ ലെറ്റ് മി ഗോ’യിൽ അത്തരമൊരു പരീക്ഷണം കാണാം. യാഥാർഥ്യവും ഭ്രമാത്മകതയും തമ്മിലുള്ള ബന്ധം വരച്ചിട്ട ‘ദ് ബറീഡ് ജയന്റ്’ (2015) ആണ് ഏറ്റവും പുതിയ നോവൽ. വിസ്മൃതികൾക്കടിയിൽ വീർപ്പു മുട്ടുന്ന ഓർമകളുടെ കഥയാണിത്. 

1945 മുതലുള്ള ഏറ്റവും മികച്ച 50 എഴുത്തുകാരെ ‘ദ് ടൈംസ്’ മാഗസിൻ തിരഞ്ഞെടുത്തപ്പോൾ മുപ്പത്തിരണ്ടാം സ്ഥാനത്ത് ഇഷിഗുറോ ആയിരുന്നു. 

സാമൂഹിക പ്രവർത്തകയായ ലോർമ മക്ഡഗലിനെ 1986 ൽ വിവാഹം ചെയ്തു. ഒരു മകളുണ്ട്– നവോമി. ലണ്ടനിലാണിപ്പോൾ താമസം. സാഹിത്യത്തിനുള്ള നൊബേൽ നേടുന്ന 114–ാമത്തെ എഴുത്തുകാരനാണ് ഇഷിഗുറോ. സംഗീതജ്ഞൻ ബോബ് ഡിലനായിരുന്നു കഴിഞ്ഞ വർഷത്തെ സാഹിത്യനൊബേൽ.