Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഖലയിലെ സുരക്ഷ ശക്തമാക്കും; പാകിസ്ഥാന്‍ നാവികസേനയ്ക്ക് പുതിയ മേധാവി

pakistan-naval-admiral-abbasi

ഇസ്‌ലാമാബാദ്∙ സുരക്ഷാരംഗത്ത് കനത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ പാകിസ്ഥാന്റെ പുതിയ നാവികസേന മേധാവിയായി അഡ്മിറൽ സഫർ മെഹമൂദ് അബ്ബാസി സ്ഥാനമേറ്റു. നിലവിലെ മേധാവി അഡ്മിറൽ മുഹമ്മദ് സക്കാവുള്ളയിൽ നിന്നാണ് അബ്ബാസി സ്ഥാനമേറ്റെടുത്തത്.

അബ്ബാസി 1978ലാണ് പാകിസ്ഥാൻ നാവികസേനയിൽ ചേരുന്നത്. നാവിക അക്കാദമിയിലായിരുന്നു പഠനം. മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെ ഡയറക്ടർ ജനറലായിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ നാവികസേന ഉപമേധാവി സ്ഥാനത്തേക്ക് എത്തി.

സ്ഥാനാരോഹണ ചടങ്ങിൽ കര–നാവിക–വ്യോമസേന മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ പങ്കെടുത്തു. മേഖലയിലെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങൾ ഇപ്പോഴും സങ്കീർണമാണെന്ന് സക്കാവുള്ള പറഞ്ഞു. ഇത് പൂർണമായും പരിഹരിക്കാനായിട്ടില്ല.

രാജ്യത്തിന്റെ ആകെ സുരക്ഷയിൽ നാവികസേനയ്ക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്. ഇന്ത്യയുടെ കരുത്തിനെ കണ്ടില്ലെന്നു നടിക്കാനാവില്ല. പക്ഷേ പരമ്പരാഗത വൈരികളെ നേരിടുന്നതിന് സേന എപ്പോഴും സജ്ജമാണ്. ഭീഷണികൾ നിലനിൽക്കെത്തന്നെ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സക്കാവുള്ള ഊന്നിപ്പറഞ്ഞു.

ചൈന–പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി മേഖലയിൽ പുരോഗതിയും സമാധാനവും കൊണ്ടുവരും. സാമ്പത്തിക ഇടനാഴിക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ നാവികസേനയ്ക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നാവികസേനയുടെ ശക്തി വർധിപ്പിക്കാനുള്ള നീക്കങ്ങൾ പാകിസ്ഥാൻ തുടരുകയാണ്. ഇതിന്റെ ഭാഗമായി യുകെയിൽ നിന്നും സീ കിങ് ഹെലിക്കോപ്റ്ററുകൾ വാങ്ങിയിരുന്നു. ആകാശത്തു നിന്ന് കടലിലേക്ക് മിസൈലുകൾ അയച്ച് കപ്പലുകളെ തകർക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞമാസം ഇത് പരീക്ഷിക്കുകയും ചെയ്തു.

ഹെലിക്കോപ്റ്ററിൽ നിന്ന് അറബിക്കടലിലെ ലക്ഷ്യത്തിലേക്ക് മിസൈൽ വിജയകരമായി വിക്ഷേപിച്ചായിരുന്നു പരീക്ഷണം. യുകെയിൽ നിന്ന് എട്ട് മുങ്ങിക്കപ്പലുകൾ വാങ്ങാനുള്ള കരാർ നടപടികളും പുരോഗമിക്കുകയാണ്.

related stories