Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴവൂർ വിജയന്റെ മരണത്തിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; സുൽഫിക്കർ പ്രതിയാകും

Uzhavoor-Vijayan-2

തിരുവനന്തപുരം∙ ഉഴവൂർ വിജയന്റെ മരണത്തിൽ എൻസിപി നേതാവിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ. മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായി കൂടിയായ സുൽഫിക്കർ മയൂരിയെ പ്രതിയാക്കാനാണ് നിർദേശം. ഫോണിൽ വിളിച്ച് സുൽഫിക്കർ നടത്തിയ പരാമർശങ്ങൾ ഉഴവൂർ വിജയനെ മാനസികമായി തളർത്തിയെന്നും രോഗം വഷളാകാൻ ഇടയാക്കിയെന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ശുപാർശ ക്രൈംബ്രാഞ്ച് ഉടൻ സർക്കാരിനു കൈമാറും.  

എ.കെ.ശശീന്ദ്രൻ ഒഴിയുകയും തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെ പാർട്ടിയിലെ പ്രശ്നങ്ങൾ രൂക്ഷമായി. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂർ വിജയൻ, തോമസ് ചാണ്ടയുടെ എതിർപക്ഷത്താണെന്നു ധാരണ പരന്നതോടെ അദ്ദേഹത്തിനെതിരെ പാർട്ടിയിൽ ആക്ഷേപങ്ങൾ ശക്തമായി. ഇതിനിടെയാണ് എൻസിപി നേതാവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൽഫിക്കർ മയൂരി, വിജയനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. 

ഇതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൈകാതെ മരിക്കുകയും ചെയ്തത്. സുൽഫിക്കർ മയൂരിയുടെ ഭീഷണി മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ എൻസിപി നേതാക്കൾ അടക്കമുള്ളവർ പരസ്യമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഇപ്പോൾ ശുപാർശ നൽകുന്നത്. ഫോണിലൂടെ കൊലവിളി നടത്തിയ പാർട്ടി നേതാവ് സുൽഫിക്കർ മയൂരിയുടെ ശബ്ദം ശാസ്‌ത്രീയ പരിശോധനയ്ക്ക് അയക്കാനും നിർദേശമുണ്ട്. 

അതേസമയം, വിജയന്റെ രോഗം വഷളാക്കാൻ ഇടയാക്കിയ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിൽ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല. പകരം അദ്ദേഹത്തെ നേരിൽ കാണാതെ ഓഫിസിൽനിന്ന് ചോദ്യാവലി പൂരിപ്പിച്ചു വാങ്ങുകയാണ് ഐജിയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തത്. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ഉടൻ സർക്കാരിനു കൈമാറും.