Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്പനിയ്ക്ക് എതിരായ വാർത്ത; ജെയ് ഷാ മാനനഷ്ടക്കേസ് നൽകി

amit-shah-son

അഹമ്മദാബാദ്∙ കമ്പനിക്കെതിരായ വാർത്ത നൽകിയതിനു മാധ്യമസ്ഥാപനത്തിനെതിരെ ബിജെപി േദശീയ അധ്യക്ഷൻ അമിത് ഷായുടെ മകന്‍ ജെയ് ഷാ മാനനഷ്ടക്കേസ് നല്‍കി. ജെയ് ഷായുടെ ഉടസ്ഥതയിലുള്ള ടെംപിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി വാർത്ത പുറത്തുവിട്ട ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റിലെ ഏഴുപേർക്കെതിരെയാണ് കേസ്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി ബുധനാഴ്ച കേസ് പരിഗണിക്കും.

അതേസമയം, ജെയ് ഷായുെട കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വര്‍ധിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടില്‍ വിവാദം കൊഴുക്കുകയാണ്. അഴിമതിയുടെ കാവല്‍ക്കാരനാണോ പങ്കാളിയാണോയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിന്‍റെ യഥാര്‍ഥ ഗുണഭോക്താവ് അമിത് ഷാ യുടെ മകനാണെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷസ്ഥാനം രാജിവെയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മാനനഷ്ടക്കേസ് നല്‍കാന്‍ ജെയ് ഷായ്ക്ക് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയതും പുതിയ ആരോപണങ്ങള്‍ക്കു വഴിവെച്ചു. ജെയ് ഷായ്ക്ക് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിയമോപദേശം നല്‍കിയതിനെ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി ചോദ്യം ചെയ്തു. നിയമമന്ത്രാലയത്തിന്‍റെ അനുമതി നേടിയിരുന്നതായും ആവശ്യമെങ്കില്‍ ജെയ് ഷായ്ക്കുവേണ്ടി കോടതിയില്‍ ഹാജരാകുമെന്നും തുഷാര്‍ മേത്ത പ്രതികരിച്ചു. 

വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്നു കോൺഗ്രസും സിപിഎമ്മും സിപിഐയും ആം ആദ്‌മി പാർട്ടിയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐയോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോടും അന്വേഷണത്തിനു നിർദേശിക്കുമോയെന്നു യച്ചൂരി ചോദിച്ചു. റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ജെയ് ഷായെ ന്യായീകരിച്ചു വാര്‍ത്താസമ്മേളനം നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

∙ വൈറലായി വെളിപ്പെടുത്തൽ

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജെയ് അമിത്‍ഭായ് ഷായുടെ ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വർഷംകൊണ്ട് 16,000 മടങ്ങു വർധിച്ചുവെന്നാണു ‘ദ് വയർ’ എന്ന വാർത്താ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തൽ. അമിത് ഷായുടെ മകന്റെ ഉടമസ്‌ഥതയിലുള്ള ടെംപിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായി 2013 മുതൽ കഴിഞ്ഞ വർഷം ഒക്‌ടോബർ വരെ റജിസ്‌ട്രാർ ഓഫ് കമ്പനീസിൽ (ആർഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണു വാർത്തയ്‌ക്ക് അടിസ്‌ഥാനം. രേഖകളനുസരിച്ച്, കാർഷികോൽപന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന കമ്പനിക്കു 2013ൽ 6,230 രൂപയുടെയും 2014ൽ 1,724 രൂപയുടെയും നഷ്‌ടമുണ്ടായി.

2015ൽ വരുമാനം 50,000 രൂപ; ലാഭം 18,728 രൂപ. 2015–16ൽ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയർന്നു. എന്നാൽ, കഴിഞ്ഞ ഒക്‌ടോബറിൽ മുൻ വർഷങ്ങളുടെ നഷ്‌ടം കണക്കിലെടുത്തു കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. വാർത്ത തയാറാക്കുന്നതിന്റെ ഭാഗമായി അമിത് ഷായുടെ മകനോടു വെബ്‌സൈറ്റ് പ്രതികരണം ചോദിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകൻ നൽകിയ മറുപടിയിൽ കണക്കുകൾ നിഷേധിച്ചില്ല. പകരം, ക്രമക്കേട് ആരോപിച്ചുള്ള വാർത്ത നൽകിയാൽ നിയമനടപടിയെടുക്കുമെന്നു മുന്നറിയിപ്പു നൽകി. 

∙ വർധനയ്‌ക്കു പറഞ്ഞ കാരണങ്ങൾ 

ഉൽപന്നങ്ങളുടെ വിൽപന വർധിച്ചതിനാൽ വിറ്റുവരവും വർധിച്ചെന്നാണു കമ്പനി ആർഒസിയോടു വ്യക്‌തമാക്കിയത്. വർധിച്ച വിറ്റുവരവിൽ വിദേശത്തുനിന്നുള്ള 51 കോടി രൂപയുടെ വരുമാനവും ഉൾപ്പെടും. വിറ്റുവരവിൽ വൻ വർധനയുണ്ടായ കാലയളവിൽ, കെഐഎഫ്‌എസ് ഫിനാൻഷ്യൽ സർവീസ് എന്ന സ്‌ഥാപനത്തിൽനിന്നു ടെംപിൾ എന്റർപ്രൈസസിന് 15.78 കോടി രൂപ വായ്‌പയായി ലഭിച്ചിട്ടുണ്ടത്രേ. 

എന്നാൽ, അതേ വർഷം കെഐഎഫ്‌എസിന്റെ വരുമാനം ഏഴു കോടി മാത്രമായിരുന്നുവെന്നും വായ്‌പ നൽകിയതായി അവരുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നില്ലെന്നും വെബ്‌സൈറ്റ് ആരോപിക്കുന്നു. രാജ്യസഭാംഗവും റിലയൻസ് ഇൻഡസ്‌ട്രീസിലെ ഉന്നത ഉദ്യോഗസ്‌ഥനുമായ പരിമൾ നത്വാനിയുടെ ബന്ധു രാജേഷ് ഖണ്ഡ്‌വാലയുടേതാണു കെഐഎഫ്‌എസ്. പരിമളിനോ റിലയൻസിനോ വായ്‌പാ ഇടപാടുമായി ബന്ധമില്ലെന്നാണു വെബ്‌സൈറ്റിനു ലഭിച്ച വിവരം. 

∙ കുസും ഫിൻസേർവ് 

ജെയ്‌ക്ക് 60% ഓഹരി പങ്കാളിത്തമുള്ള കുസും ഫിൻസേർവ് എന്ന ഓഹരിയിടപാടു സ്‌ഥാപനത്തിനും കെഐഎഫ്‌എസിൽനിന്ന് 2014–15ൽ 2.6 കോടി വായ്‌പയായി ലഭിച്ചുവത്രേ. ഓഹരിയിടപാടാണു പ്രധാന മേഖലയെങ്കിലും കുസും ഫിൻസേർവ് മധ്യപ്രദേശിലെ റത്‌ലാമിൽ 15 കോടി ചെലവിട്ടു 2.1 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി പദ്ധതി നടപ്പാക്കുന്നുണ്ടെന്നും വെബ്‌സൈറ്റ് ആരോപിക്കുന്നു.

related stories