Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ ശക്തനാകാൻ കിം ജോങ്; അധികാരത്തലപ്പത്ത് ഇനി അനുജത്തിയും

Kim-and-Sister കിം ജോങ് ഉൻ, കിം യോ ജോങ്

സോൾ∙ ആണവ, മിസൈൽ പരീക്ഷണങ്ങളിലൂടെ ലോകത്തെ ‘വിറപ്പിച്ചു’ നിർത്തിയിരിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, സഹോദരിയെയും ഭരണത്തലപ്പത്തു പ്രതിഷ്ഠിച്ചു. ഇരുപത്തിയെട്ടുകാരിയായ അനുജത്തി കിം യോ ജോങ്ങിനെ പൊളിറ്റ് ബ്യൂറോയിൽ (പിബി) ഉൾപ്പെടുത്തി.

രാജ്യത്തെ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതിയാണു പിബി. കിം ജോങ് ഉൻ ആണ് പിബി അധ്യക്ഷൻ. കിം ജോങ്ങിന്റെ അമ്മായി കിം ക്യോങ് ഹീയ്ക്കു പകരക്കാരിയാകും കിം യോ എന്നു കരുതപ്പെടുന്നു. കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെ കാലത്ത് അതിശക്തയായ ഭരണകേന്ദ്രമായിരുന്നു കിം ക്യോങ്.

അനുജത്തിയോടൊപ്പം, കിമ്മിന്റെ റോക്കറ്റ് പദ്ധതിയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന കിം ജോങ് സിക്, റി പ്യോങ് ചോൾ, വിദേശകാര്യമന്ത്രി റി യോങ് ഹോ എന്നിവരെയും പിബിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം യുഎൻ പൊതുസഭയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘ദുഷ്കർമി’ എന്നു വിശേഷിപ്പിച്ചതു റി യോങ് ആയിരുന്നു.

ഇതിനിടെ, ട്രംപും കിമ്മും തമ്മിലുള്ള ‘വാചകമടി യുദ്ധം’ തുടരുകയാണ്. കിമ്മിനെതിരെ ‘ഇനി ഒന്നേ ചെയ്യാനുള്ളൂ’ എന്നു ട്രംപ് സൂചിപ്പിച്ചു. എന്താണ് ആ കാര്യമെന്നു ട്രംപ് പറഞ്ഞില്ലെങ്കിലും ആക്രമണമോ യുദ്ധമോ ഒക്കെയാണ് ഉദ്ദേശിച്ചതെന്നു നിരീക്ഷകർ പറയുന്നു. ഇതിനു മറുപടിയെന്നോണം, ‘ആണവ പദ്ധതി ഉത്തര കൊറിയയുടെ പരമാധികാരം ഉറപ്പുവരുത്തുന്നു’ എന്നു കിം പറഞ്ഞു.