Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റലോണിയ പ്രശ്നം സങ്കീർണമാകുന്നു; വിഭജനത്തിനെതിരെ വൻപ്രകടനം

Catalan independence

ബാഴ്സിലോന ∙ സ്പെയിനിൽ നിന്നു സ്വാതന്ത്ര്യം നേടാനുള്ള കാറ്റലോണിയയുടെ ശ്രമം കൂടുതൽ സങ്കീർണമാകുന്നു. തിങ്കളാഴ്ച ചേരുന്ന കാറ്റലൻ പാർലമെന്റ് യോഗത്തിൽ സ്പെയിൻ വിടാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടാൽ ക്രമസമാധാനപാലനത്തിനു കൂടുതൽ പൊലീസിനെ നിയോഗിക്കാൻ കാറ്റലോണിയ ഹൈക്കോടതി സ്പാനിഷ് പൊലീസിനു നിർദേശം നൽകി. കാറ്റലൻ സ്വതന്ത്ര്യപ്രക്ഷോഭ നേതാവ് കർലസ് പ്യുജിമോണ്ട് ചൊവ്വാഴ്ചയാണു പാർലമെന്റിൽ പ്രസംഗിക്കുക. ഒത്തുതീർപ്പു ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ തിങ്കളാഴ്ചത്തെ പാർലമെന്റ് യോഗം നിർണായകമാവും. ഹിതപരിശോധന നിയമവിരുദ്ധമെന്നു സ്പെയിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാർലമെന്റിലെ പ്രഖ്യാപനം സ്വതന്ത്ര കാറ്റലോണിയ പ്രക്രിയയ്ക്കു തുടക്കംകുറിക്കും.

ഇതേസമയം, വിഭാഗീയതയ്ക്കെതിരെ സ്പെയിനിലെങ്ങും പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്. ആയിരക്കണക്കിനു തൊഴിലാളികൾ ബാഴ്സിലോനയിലും മഡ്രിഡിലും പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധം ശ്കതിയാർജിക്കുന്നത് കടുത്ത നടപടികൾക്കു സ്പാനിഷ് സർക്കാരിനെ പ്രേരിപ്പിച്ചേക്കും. കാറ്റലോണിയയ്ക്കു നൽകിയിട്ടുള്ള സ്വയംഭരണാവകാശം എടുത്തുകളയാനും കാറ്റലൻ സർക്കാർ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനും പ്രധാനമന്ത്രി മരിയാനോ രജോയ് മടിച്ചേക്കില്ല. ഇതിനിടെ, കാറ്റലോണിയയിലെ ആരൻ താഴ്‍വര സ്പെയിനിൽ തുടരാൻ താൽപര്യം പ്രകടിപ്പിച്ചതു കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സ്വതന്ത്രമായി നിൽക്കാനും ഇവർക്കു താൽപര്യമുണ്ട്. സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള മലയോരവാസികളാണിവർ.

കാറ്റലൻ പാർലമെന്റിന്റെ തീരുമാനം അറിഞ്ഞശേഷം യുക്തമായ തീരുമാനമെടുക്കുമെന്ന് ആരൻ തലസ്ഥാനമായ വീയയിലെ ഡപ്യൂട്ടി മേയർ മരിയ വെർഗസ് പെരസ് പറഞ്ഞു. ഏകപക്ഷീയമായ കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം അംഗീകരിക്കില്ലെന്നു ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്. സ്പെയിൻ വിഭജിക്കപ്പെടുന്നതിനെ വത്തിക്കാൻ അനുകൂലിക്കുന്നില്ലെന്നു വത്തിക്കാനിലെ സ്പാനിഷ് അംബാസഡർ ജരാർദോ ബുഗാലോയുമായുള്ള ‌സ്വകാര്യ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി അറിയുന്നു. കാറ്റലൻ കത്തോലിക്കാ സമൂഹത്തിലെ കർദിനാൾ യുവാൻ യോസെ ഒമെല്ലയും മറ്റ് ഉന്നതാധികാരികളും ഹിതപരിശോധനയെക്കുറിച്ചു നിഷ്പക്ഷ നിലപാടാണ് എടുത്തിട്ടുള്ളത്.