Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർടപ് ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ജയ്ഷാ; വിമർശനവുമായി രാഹുൽ

Rahul Gandhi

വഡോദര∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി പാർ‍ട്ടി ഭരണകാലത്ത് വൻതോതിൽ സാമ്പത്തിക നേട്ടം സ്വന്തമാക്കിയ വാർത്ത പുറത്തു വന്നതിനെത്തുടർന്ന് മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കാനായി പ്രധാനമന്ത്രി മോദി കൊണ്ടുവന്ന ‘സ്റ്റാർടപ് ഇന്ത്യ’ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ജയ് ഷാ ആണെന്ന് അദ്ദേഹം പരിഹസിച്ചു.

‘നിങ്ങൾ സ്റ്റാർടപ് ഇന്ത്യയെപ്പറ്റി കേട്ടിട്ടുണ്ടോ? അതിന്റെ മുഖമുദ്ര ഇന്ന് ആരാണെന്നറിയാമോ? അത് ജയ് ഷായാണ്. 50,000 രൂപയിൽ നിന്ന് 80 കോടിയിലേക്ക് എത്ര എളുപ്പത്തിലാണ് അദ്ദേഹം കമ്പനി വരുമാനം ഉയർത്തിയത്. പക്ഷേ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും എന്തിനാണ് അദ്ദേഹം കമ്പനി അടച്ചു പൂട്ടിയതെന്നാണ് എനിക്കു മനസിലാകാത്തത്.’ ഗുജറാത്തിലെ വഡോദരയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുൽ പറഞ്ഞു.

അമിത് ഷായുടെ മകന്റെ കമ്പനിയായ ടെംപിൾ എന്റർപ്രൈസസ് മോദി ഭരണത്തിൽ 16,000 ഇരട്ടി ലാഭമുണ്ടാക്കിയതു സംബന്ധിച്ച് ‘ദ് വയർ’ പോർട്ടൽ പുറത്തുവിട്ട വാർത്ത പരാമർശിച്ചായിരുന്നു രാഹുലിന്റെ വിമർശനം. സംഭവത്തിൽ ഇപ്പോഴും മോദി മൗനം പാലിക്കുന്നതിനെതിരെയും രാഹുൽ ആഞ്ഞടിച്ചു.

‘രാജ്യത്തിന്റെ കാവൽക്കാരൻ (ചൗക്കിദാർ) ഇപ്പോൾ നിശബ്ദനാണ്. ഇത്തരം കാര്യങ്ങളിലൊന്നും അഭിപ്രായം പറയാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്നു തോന്നുന്നു’– രാജ്യത്തിന്റെ സമ്പത്തിന്റെ കാവൽക്കാരനായിരിക്കും താനെന്ന മോദിയുടെ വാഗ്ദാനത്തെ പരിഹസിച്ചായിരുന്നു രാഹുലിന്റെ പരാമർശം.

ഇന്ത്യയിലെ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മയും വർധിച്ച് വരികയാണ്. 30,000 യുവാക്കളിൽ 450 പേർക്കേ തൊഴിൽ ലഭിക്കുന്നുള്ളൂ. എന്‍ഡിഎ സർക്കാരിന്റെ ശ്രദ്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലല്ലെന്നും രാഹുൽ പറഞ്ഞു.

‘വലിയ’ കാര്യങ്ങളിലാണ് സർക്കാരിന്റെ ശ്രദ്ധ. എന്നാൽ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി ഒന്നും പറയുന്നതു പോലുമില്ല. ആർഎസ്എസ് ക്യാംപുകളിൽ എവിടെയെങ്കിലും ഒരു വനിതാ പ്രതിനിധിയെ കണ്ടിട്ടുണ്ടോയെന്നും രാഹുൽ ചോദിച്ചു.

തിങ്കളാഴ്ച ഖേദ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിലും ജയ് ഷാ വിഷയത്തിൽ മോദിയുടെ നിശബ്ദതയ്ക്കെതിരെ രാഹുൽ കനത്ത വിമർശനം നടത്തിയിരുന്നു.

related stories