Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈജറിനു സ്‘പെയിൻ’; നാലു ഗോൾ വിജയവുമായി പ്രതീക്ഷ കാത്തു

Fifa Under 17 World Cup 2017 കൊച്ചിയില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ നൈജറിനെതിരെ സ്പെയിന്‍ ഗോള്‍ നേടിയപ്പോള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി ∙ കടുത്ത ചൂടിലും പോരുകാളയുടെ കരുത്തോടെ ആഞ്ഞടിച്ച സ്പെയിനിനു മുന്നിൽ ആഫ്രിക്കൻ വമ്പുമായെത്തിയ നൈജറിന് അടിപതറി. വിജയത്തുടർച്ച തേടി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പന്തു തട്ടിയ നൈജറിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു വീഴ്ത്തി സ്പെയിൻ അണ്ടർ 17 ലോകകപ്പിൽ ആദ്യമായി വിജയമധുരം നുണഞ്ഞു. ആദ്യ മൽസരത്തിൽ ബ്രസീലിനോടേറ്റ 2–1ന്റെ തോൽവിക്കു നാലു ഗോളടിച്ചു പ്രാശ്ചിത്തം ചെയ്ത സ്പാനിഷ് കുട്ടികൾ, വിലപ്പെട്ട മൂന്നു പോയിന്റും സ്വന്തമാക്കി. ആദ്യപകുതിയിൽ സ്പെയിൻ 3–0നു മുന്നിലായിരുന്നു.

ടൂർണമെന്റിന്റെ താരമാകുമെന്ന് കരുതപ്പെടുന്ന സ്പാനിഷ് നായകൻ ആബേൽ റൂയിസിന്റെ ഇരട്ടഗോളുകളാണ് മൽസരത്തിന്റെ ഹൈലൈറ്റ്. 21, 41 മിനിറ്റുകളിലായിരുന്നു റൂയിസിന്റെ ഗോളുകൾ. സെസാർ ഗെലാബർട്ട് (45+1), സെർജിയോ ഗോമസ് (82) എന്നിവരാണ് സ്പെയിനിന്റെ മറ്റു ഗോളുകൾ നേടിയത്. മികച്ച ചില അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് മൽസരത്തിൽ നൈജറിനെ പിന്നോട്ടടിച്ചത്. സ്പെയിനിനോടു തോറ്റെങ്കിലും രണ്ടു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുള്ള നൈജറിന് ഇപ്പോഴും പ്രീക്വാർട്ടർ പ്രതീക്ഷയുണ്ട്.

കിരീട പ്രതീക്ഷ നിലനിർത്താൻ വിജയത്തിനൊപ്പം ഗോളെണ്ണവും വേണമെന്ന തിരിച്ചറിവിൽ നാലു സ്ട്രൈക്കർമാരുമായി ടീമിനെ വിന്യസിച്ച സ്പാനിഷ് പരിശീലകന്റെ തന്ത്രങ്ങളാണ് അന്തിമഫലത്തിൽ നിർണായകമായത്.

ഗോളുകൾ വന്ന വഴി

ഒന്നാം ഗോൾ: 21–ാം മിനിറ്റിൽ സ്പെയിൻ ആദ്യവെടി പൊട്ടിച്ചു. ചെറുപാസുകളിലൂടെ നെയ്തെടുത്ത മുന്നേറ്റത്തിനൊടുവിൽ പന്ത് ഇടതുവിങ്ങിൽ യുവാൻ മിറാൻഡയിലേക്ക്. നിരന്നുനിന്ന മൂന്നു നൈജർ പ്രതിരോധ നിരക്കാർക്കിടയിലൂടെ മിറാൻഡ നീട്ടിനിൽകിയ പാസ് ആബേൽ റൂയിസ് അനായാസം തട്ടി വലയിലിട്ടു. റൂയിസിന്റെ മികവിനേക്കാൾ നൈജർ പ്രതിരോധത്തിന്റെ പാളിച്ച തുറന്നുകാട്ടിയ ഗോൾ. ടൂർണമെന്റിന്റെ താരമാകുമെന്ന് കരുതപ്പെടുന്ന സ്പാനിഷ് ക്യാപ്റ്റന്റെ ലോകകപ്പിലെ ആദ്യഗോൾ. സ്പെയിനിന്റെയും. സ്കോർ 1–0.

സ്പെയിൻ–നൈജർ മത്സരത്തിൽ നിന്ന്. ചിത്രം: റോബർട്ട് വിനോദ്

രണ്ടാം ഗോൾ: 41–ാം മിനിറ്റിൽ വീണ്ടും സ്പെയിൻ. നൈജർ ബോക്സിന് തൊട്ടു പുറത്ത് ഫെറാൻ ടോറസിനെ വീഴ്ത്തിയതിന് സ്പെയിനിന് അനുകൂലമായി ഫ്രീകിക്ക്. തീർത്തും അപകടകരമായ പൊസിഷനിൽനിന്നും ഡയറക്റ്റ് ഫ്രീകിക്കിനു ശ്രമിക്കാതെ ക്യാപ്റ്റൻ ആബേൽ റൂയിസിനെ ലക്ഷ്യമാക്കി സെർജിയോ ഗോമസ് പന്ത് നിലംപറ്റെ നീട്ടിനിൽകി. നൈജർ താരങ്ങളിൽനിന്നൊഴിഞ്ഞ് ആബേൽ റൂയിസ് ആദ്യം നടത്തിയ ഗോൾശ്രമം അവരുടെ പ്രതിരോധത്തിൽ തട്ടി തെറിച്ചു. റീബൗണ്ടിൽ കിട്ടിയ അവസരം മുതലെടുത്ത് ആബേൽ റൂയിസിന്റെ തകർപ്പൻ ഫിനിഷിങ്. സ്പെയിൻ 2–0നു മുന്നിൽ.

മൂന്നാം ഗോൾ: ആദ്യപകുതിയുടെ അധികസമയത്ത് സ്പെയിൻ ലീഡു വർധിപ്പിച്ചു. ഇത്തവണ ഗോൾ നേടാനുള്ള ഭാഗ്യം സെസാർ ഗെലാബർട്ടിന്. ബോക്സിനുള്ളിൽ സ്പാനിഷ് ക്യാപ്റ്റൻ ആബേൽ റൂയിസ് നടത്തിയ ഗോൾശ്രമം നൈജർ ഗോൾകീപ്പർ തട്ടിത്തെറുപ്പിച്ചു. പന്തു ലഭിച്ച സെർജിയോ ഗോമസ് നൽകിയ ക്രോസിൽ ഗെലാബർട്ടിന്റെ ഫസ്റ്റ് ടൈം ഷോട്ട്. ഇത്തവണ നൈജർ ഗോള്‍കീപ്പറിനു യാതൊരു അവസരവും നൽകാതെ പന്ത് വലയിലേക്ക്. സ്കോർ 3–0.

നാലാം ഗോൾ: മൽസരത്തിലുടനീളം അധ്വാനിച്ചു കളിച്ച സ്പെയിനിന്റെ 10–ാം നമ്പർ താരം സെർജിയോ ഗോമസിന്റെ അവസരം. ബോക്സിനു വെളിയിൽ സെർജിയോ ഗോമസിനു പന്തു ലഭിക്കുമ്പോൾ നൈജർ പ്രതിരോധത്തിലെ കരുത്തർ മുന്നിൽ. അതിനു പിന്നിൽ പലകുറി നൈജറിന്റെ രക്ഷകനായി മാറിയ ഗോൾകീപ്പർ ഖാലിദ് ലവാലിയും. വമ്പൻ ഷോട്ടിനു പകരം നിലംപറ്റെ പന്തുപായിച്ച സെർജിയോ ഗോമസിനു പിഴച്ചില്ല. നൈജർ പ്രതിരോധത്തെയും ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെയും കടന്ന് പന്ത് വലയിൽ വിശ്രമിച്ചു. സ്കോർ 4–0.

Spain Niger Match സ്പെയിൻ–നൈജർ മത്സരത്തിൽ നിന്ന്. ചിത്രം: റോബർട്ട് വിനോദ്

ആക്രമണം, സ്പെയിനിന്റെ തന്ത്രം

ആദ്യ മൽസരത്തിൽ ബ്രസീലിനോടു തോറ്റതോടെ നൈജറിനെതിരെ സ്പെയിനിനു വേണ്ടിയിരുന്നത് വൻ മാർജിനിലുള്ള വിജയം. ഈ ലക്ഷ്യവുമായി സ്പാനിഷ് പരിശീലകൻ നാലു സ്ട്രൈക്കർമാരെയാണ് കളത്തിലിറക്കിയത്. ബ്രസീലിനെതിരെ കളിച്ച ടീമിൽ മൂന്നു മാറ്റം വരുത്തിയശേഷമായിരുന്നു ഇത്. അന്റോണിയോ ബ്ലാങ്കോ, മുഹമ്മദ് മൗക്‌ലിസ് എന്നിവർ മധ്യനിരയിൽ കളി നിയന്ത്രിച്ചപ്പോൾ, ക്യാപ്റ്റൻ ആബേൽ റൂയിസ്, സെസാർ ഗെലാബർട്ട് എന്നിവർ സെൻട്രൽ സ്ട്രൈക്കർമാരായി. വിങ്ങുകളിൽ തീപടർത്താൻ ഫെറാൻ ടോറസും സെർജിയോ ഗോമസും അണിനിരന്നു.

ആക്രമണത്തിനൊപ്പം പ്രതിരോധത്തിനും തുല്യപ്രാധാന്യം നൽകുന്ന 4–2–4 ശൈലിയാണ് സ്പെയിൻ പരിശീലകൻ സ്വീകരിച്ചത്. അതേസമയം, 4–3–3 ശൈലിയിലായിരുന്നു നൈജറിന്റെ കളി.

തുടക്കത്തിൽ മികവുകാട്ടി നൈജർ, മന്ദംമന്ദം സ്പെയിൻ

സ്പെയിനിനെ ഭയക്കാതെ കളി മെനഞ്ഞ നൈജറിന്റെ മുന്നേറ്റങ്ങളായിരുന്നു ആദ്യ നിമിഷങ്ങളിലെ ഹൈലൈറ്റ്. ആദ്യ പത്തു മിനിറ്റിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും മികച്ചുനിന്ന് നൈജർ തന്നെ. ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ രണ്ടു കോർണർ വഴങ്ങിയാണ് സ്പെയിൻ മൽസരത്തിലേക്ക് ഉണർന്നത്. ആദ്യത്തെ ശ്രദ്ധേയ നീക്കം സംഘടിപ്പിച്ചത് നൈജർ. മധ്യവരയ്ക്കു സമീപത്തുനിന്നും കാലിൽക്കൊളുത്തിയ പന്തുമായി മധ്യനിരതാരം ഹബീബു സോഫിയാന്റെ മുന്നേറ്റം. സ്പെയിൻ ബോക്സിലെത്തുമ്പോഴേക്കും ദുർബലമായി മാറിയ നീക്കം ഗോൾകീപ്പർ അൽവാരോ ഫെർണാണ്ടസിന്റെ കൈകളിൽ അവസാനിച്ചു. ആറാം മിനിറ്റിൽ നൈജർ മുന്നേറ്റത്തിനു തടയിടാനുള്ള സ്പാനിഷ് പ്രതിരോധനിരതാരം യുവാൻ മിറാൻഡയുടെ ശ്രമം സ്വന്തം പോസ്റ്റിൽ അവസാനിക്കാതിരുന്നതു ഭാഗ്യം. ഇബ്രാഹിം ബൗബാക്കറിന്റെ ചില മിന്നിൽ നീക്കങ്ങളും സ്പാനിഷ് താരങ്ങളെ വെള്ളംകുടിപ്പിച്ചു.

എന്നാൽ, പതുക്കെ മൽസരത്തിലേക്ക് തിരിച്ചുവന്ന സ്പെയിൻ, നൈജർ താരങ്ങളെ ചിത്രത്തിൽനിന്നു മായിച്ചുകളഞ്ഞു. 12–ാം മിനിറ്റിൽ അന്റോണിയോ ബ്ലാങ്കോയിൽനിന്ന് ലഭിച്ച പന്തിൽ സെർജിയോ ഗോമസിന്റെ ദുർബലമായ ഗോൾശ്രമം നൈജർ ഗോൾകീപ്പർ അനായാസം കയ്യിലൊതുക്കി. 15–ാം മിനിറ്റിൽ സ്പെയിനിന്റെ മുന്നേറ്റത്തിനൊടുവിൽ പന്ത് മുഹമ്മദ് മൗക്‌ലിസിന്. ഫെറാൻ ടോറസിനെ ലക്ഷ്യമിട്ടുള്ള മൗക്‌ലിസിന്റെ അലക്ഷ്യമായ പാസ് നൈജർ ഗോളിയുടെ കയ്യിലേക്ക്. 16–ാം മിനിറ്റിൽ ആബേൽ റൂയിസിൽനിന്നും പന്തു സ്വീകരിച്ച് സെസാർ ഗെലാബർട്ട് തൊടുത്ത മിന്നൽഷോട്ട് നൈജർ ഗോൾകീപ്പർ വീണുകിടന്ന കയ്യിലൊതുക്കി. മികവാർന്ന സേവിന് ഗാലറിയുടെ കയ്യടി. ഇടയ്ക്ക് അനാവശ്യ ഫൗളിനു മുതിർന്ന ഇബ്രാഹിം നമാട്ടയെ മഞ്ഞക്കാർഡ് കാട്ടി റഫറി വിരട്ടി. ഇതിനു പിന്നാലെയായിരുന്നു ആദ്യ ഗോൾ.

26–ാം മിനിറ്റിൽ ലീഡ് വർധിപ്പിക്കാൻ സ്പെയിനിന് സുവർണാവസരം. അനുകൂലമായി ലഭിച്ച കോർണറിൽനിന്നെത്തിയ പന്ത് കയ്യിലൊതുക്കാനുള്ള നൈജർ ഗോൾകീപ്പറിന്റെ ശ്രമം വിഫലം. പന്തു കാൽക്കലാക്കിയ ആബേൽ റൂയിസ് ഹെഡ് ചെയ്യാൻ പാകത്തിന് അതുയർത്തി ബോക്സിനു നടുവിലേക്കിട്ടു. സ്ഥാനം തെറ്റിനിന്ന ഗോളിയെ കബളിപ്പിച്ച് സ്പാനിഷ് നിരയിലെ ഉയരക്കാരൻ യുവാൻ മിറാൻഡ പന്തു ചെത്തിവിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ ക്രോസ്ബാറിനു മുകളിലൂടെ പറന്നു.

27–ാം മിനിറ്റിൽ നൈജറിന്റെ അവസരം. സ്പെയിൻ ബോക്സിനുള്ളിലെത്തിയ പന്തു കൈക്കലാക്കാൻ താരങ്ങളുടെ കൂട്ടപ്പൊരിച്ചിൽ. അതിനിടെ ഇബ്രാഹിം ബൗബാക്കറും ഹബീബു സോഫിയാനും തൊടുത്ത ഷോട്ടുകൾ സ്പെയിനിന്റെ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഇതു നൈജറിന്റെ ദിനമല്ലെന്നു തോന്നിച്ച നിമിഷങ്ങൾ. 31–ാം മിനിറ്റിൽ വീണ്ടും സ്പെയിനിനു ലീഡ് വർധിപ്പിക്കാൻ അവസരം. മുഹമ്മദ് മൗക്‌ലിസിന്റെ പാസിൽ ക്യാപ്റ്റൻ ആബേൽ റൂയിസ് തൊടുത്ത ഷോട്ട് പുറത്തേക്കു പോയി. 33–ാം മിനിറ്റിൽ സ്പാനിഷ് മിഡ്ഫീൽഡർ അന്റോണിയോ ബ്ലാങ്കോയുടെ ഫൗൾ നൈജറിനു ഫ്രീകിക്ക് സമ്മാനിച്ചെങ്കിലും ഷോട്ട് പുറത്തേക്ക്. 41–ാം മിനിറ്റിൽ ആബേൽ റൂയിസ് രണ്ടാം ഗോളും ഇൻജുറി ടൈമിന്റെ അധികസമയത്ത് ഗെലാബർട്ടും ലക്ഷ്യം കണ്ടതോടെ മൂന്നു ഗോളിന്റെ ലീഡുമായി ഇടവേള.

മന്ദം മന്ദം രണ്ടാം പകുതി

മന്ദഗതിയിലായിരുന്നു രണ്ടാം പകുതിയുടെയും തുടക്കം. കുറിയ പാസുകളിലൂടെ നൈജർ ബോക്സിലേക്കു കയറി ലക്ഷ്യം കാണാനായിരുന്നു സ്പെയിനിന്റെ ശ്രമം. ആദ്യപകുതിയിലെ പ്രതിരോധപ്പിഴവുകൾ തിരുത്തിയെന്നു തോന്നിക്കുന്ന നീക്കങ്ങളുമായി നൈജറും കളം നിറഞ്ഞു. കടുത്ത ചൂടിൽ വലഞ്ഞ സ്പാനിഷ് താരങ്ങൾ തുടർച്ചയായി പരുക്കേറ്റു വീഴുന്ന ‘പതിവു’ കാഴ്ചയും ഇടയ്ക്കു കണ്ടു. 63–ാം മിനിറ്റിൽ ക്യാപ്റ്റൻ കരിം ടിന്നിയെ തിരിച്ചുവിളിച്ച നൈജർ പരിശീകലൻ, സ്ട്രൈക്കർ ഹമീദ് ഗലീസ്സുവിനെ കളത്തിലിറക്കി മുന്നേറ്റനിര ശക്തിപ്പെടുത്തി. ഫലത്തിൽ നൈജറും സ്പെയിൻ തുടക്കം മുതൽ സ്വീകരിച്ചുവന്ന 4–2–4 ശൈലിയിലേക്കു കൂടുമാറി.

സ്പെയിൻ താരങ്ങൾ ക്യാപ്റ്റൻ ആബേൽ റൂയിസിന്റെ നേതൃത്വത്തിൽ മികച്ച ചില മുന്നേറ്റങ്ങൾ സംഘടിപ്പിച്ചെങ്കിലും ലക്ഷ്യം മിക്കപ്പോഴും അകന്നുപോയി. സ്പെയിനിന്റെ ശ്രമങ്ങൾ ലക്ഷ്യത്തിലേക്കെന്നു തോന്നിയപ്പോഴെല്ലാം നൈജർ ഗോള്‍കീപ്പർ ഖാലിദ് ലവാലിയുെട തകർപ്പൻ സേവുകൾ രക്ഷയായി. 70–ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽനിൽക്കെ ഫെറാൻ ടോറസിൽനിന്ന് ലഭിച്ച പന്ത് സെസാർ ഗെലാബർട്ട് പോസ്റ്റിലേക്ക് പായിച്ചെങ്കിലും മുഴുനീള ഡൈവിലൂടെ ലവാലി നൈജറിന്റെ രക്ഷകനായി. 70–ാം മിനിറ്റിൽ അന്റോണിയോ ബ്ലാങ്കോയ്ക്കു പകരം സ്പാനിഷ് നിരയിൽ അൽവാരോ ഗാർഷ്യ എത്തി. തൊട്ടുപിന്നാലെ ഫെറാൻ ടോറസ്, ആബേൽ റൂയിസ് എന്നിവരുടെ ഉറച്ച ഗോൾശ്രമങ്ങൾ തടുത്തിട്ട നൈജർ ഗോളി ലവാലി കൊച്ചിയിലെ കാണികളുടെ ഇഷ്ടനായകനായി.

77–ാം മിനിറ്റിൽ നൈജർ നിരയിൽ യാസിൻ വാ മസാംബയ്ക്കു പകരം കയ്റു അമുസ്തഫയും സ്പാനിഷ് നിരയിൽ സെസാർ ഗെലാബർട്ടിനു പകരം ഹോസെ അലൊൻസോയുമെത്തി. മൽസരം 80 മിനിറ്റു പിന്നിട്ടതിനു പിന്നാലെ സ്പെയിനിന്റെ നാലാം ഗോളെത്തി. കളം നിറഞ്ഞു കളിച്ച സെർജിയോ ഗോമസാണ് ഇത്തവണ ലക്ഷ്യം കണ്ടത്. പിന്നാലെ സ്പാനിഷ് ക്യാപ്റ്റൻ ആബേൽ റൂയിസിനെ പിൻവലിച്ച പരിശീലകൻ നാച്ചോ ഡയസിനെ കളത്തിലിറക്കി. 82–ാം മിനിറ്റിൽ സ്പെയിൻ നാലാം ഗോള്‍ നേടിയതിനു പിന്നാലെ വീണ്ടും ലീഡു വർധിപ്പിക്കാൻ അവർക്കു സുവർണാവസരം. നൈജർ ബോക്സിനുള്ളിൽ നാച്ചോ ഡയസിൽനിന്നും പന്തു സ്വീകരിച്ചു യുവാൻ മിറാൻഡ തൊടുത്ത ഷോട്ട് നൈജർ ഗോൾകീപ്പറിന്റെ മറ്റൊരു വിസ്മയകരമായ രക്ഷപ്പെടുത്തലിൽ അവസാനിച്ചു. തൊട്ടടുത്ത മിനിറ്റിൽ സ്പാനിഷ് ബോക്സിനു മുന്നിൽ നൈജറിനു ലഭിച്ച ഫ്രീകിക്ക് എടുത്തത് ഹബീബു സോഫിയാൻ. പന്തു ഗോളിയെ കടന്നെങ്കിലും ഇടത്തേപോസ്റ്റിനു ചാരി പുറത്തേക്ക്.