Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാനാക്രി ആക്രമണത്തിനു പിന്നിലും ഉത്തരകൊറിയ: വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്

WannaCry RansomeWare CyberAttack

വാഷിങ്ടൻ∙ കംപ്യൂട്ടറിനെ ‘പൂട്ടി’ മോചനദ്രവ്യം ആവശ്യപ്പെടുന്ന മാരക വാനാക്രിപ്റ്റ് (വാനാക്രി) സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്ന് മൈക്രോസോഫ്റ്റ്. 150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെയാണ് വാനാക്രി ആക്രമിച്ചത്. ഇക്കഴിഞ്ഞ മേയിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്തും സ്ഥിരീകരിച്ചത്.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് വിവിധ സൈബർ ടൂളുകൾ ഹാക്ക് ചെയ്തെടുത്തത് ഉത്തരകൊറിയയിലെ സൈബർ വിദഗ്ധരാണ്. അവ ഉപയോഗിച്ചാണ് വാനാക്രിക്ക് രൂപം നൽകിയതെന്ന് തനിക്കുറപ്പാണെന്നും സ്മിത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കാലാവധി കഴിഞ്ഞ വിൻഡോസ് ഓപറേറ്റിങ് സിസ്റ്റം(ഒഎസ്) ഉപയോഗിച്ച കംപ്യൂട്ടറുകളെയാണ് വാനാക്രി പ്രധാനമായും ലക്ഷ്യം വച്ചത്. ഒഎസ് കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ അപ്ഡേഷൻ നിർബന്ധമായും നടത്തണമെന്ന് മുന്നറിയിപ്പു നടത്തിയിട്ടും ചെയ്യാതിരുന്നവർ സൈബർ ആക്രമണത്തിനിരയായാൽ ഉത്തരവാദിത്തം മൈക്രോസോഫ്റ്റിന് ഏറ്റെടുക്കാനാകില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

കഴിഞ്ഞ ആറുമാസക്കാലത്തിനിടെ പുത്തൻ രീതികളിലുള്ള ഗുരുതര ആക്രമണങ്ങളാണ് ലോകത്തിനു നേരെ നടക്കുന്നത്. ഈ സാഹചര്യത്തിൽ ലോക രാജ്യങ്ങൾ കൂടിച്ചേർന്ന് പുതിയ ഡിജിറ്റൽ നയത്തിനു രൂപം നൽകണം. സാധാരണക്കാര്‍ക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണക്കാക്കണമെന്നും സ്മിത്ത് പറഞ്ഞു.

വാനാക്രി ആക്രമണം ഉണ്ടായ സമയത്തു തന്നെ എല്ലാ അന്വേഷണങ്ങളും നിഗമനങ്ങളും ചെന്നെത്തിയത് ഉത്തരകൊറിയയിലായിരുന്നു. നേരത്തെ ഗൂഗിളിന്റെ സൈബർ സുരക്ഷാ വിദഗ്ധനായ നീൽ മേത്തയും വാനാക്രിക്കു പിന്നിൽ ഉത്തരകൊറിയയാണെന്ന് സൂചിപ്പിച്ചിരുന്നു. ഉത്തരകൊറിയയിലെ ‘മാൽവെയറുകളുടെ ഫാക്ടറി’ എന്നറിയപ്പെടുന്ന ലസാറസ് സംഘമാണു വാനാക്രിയുടെ ഉപജ്ഞാതാക്കളെന്നായിരുന്നു ബ്രിട്ടന്റെ നാഷനൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ നിഗമനം. യുഎസ് അന്വേഷകരും ഇതു ശരിവച്ചു.

2014ൽ സോണി പിക്ചേഴ്സിന്റെ സൈറ്റുകളിൽ കടന്നുകയറി പുറത്തിറങ്ങാനുള്ള സിനിമകളടക്കം ചോർത്തിയതും ഇതേ സംഘമാണെന്നാണു കരുതുന്നത്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന ‘ഇന്റർവ്യൂ’ എന്ന സിനിമ സോണി റിലീസ് ചെയ്യുന്നതിനു തൊട്ടുമുൻപായിരുന്നു അവരുടെ സൈറ്റുകളിൽ ആക്രമണം. 

ദക്ഷിണകൊറിയൻ സൂപ്പർ മാർക്കറ്റുകളുടെ സൈബർ ശൃംഖലയിലും മുൻപു ലസാറസ് സംഘം കടന്നു കയറിയിരുന്നു. കംപ്യൂട്ടറുകളിൽ കടന്നുകയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു വാനാക്രി.

കേരളത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫിസ് അടക്കം ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും ആക്രമണത്തിന് ഇരയായെങ്കിലും ബ്രിട്ടനിലെ ദേശീയ ആരോഗ്യ സർവീസിനെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.