ഫിഫ റാങ്കിങിൽ ഇന്ത്യൻ ടീമിന് മുന്നേറ്റം; ജർമനി ഒന്നാമത്

ന്യൂഡല്‍ഹി∙ പുതിയ ഫിഫ റാങ്കിങിൽ ഇന്ത്യൻ‌ ടീമിന് മുന്നേറ്റം. തിങ്കളാഴ്ച പുറത്തിറങ്ങിയ റാങ്കിങ് പ്രകാരം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇന്ത്യ 105–ാം സ്ഥാനത്താണ്.

എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തിൽ മക്കാവുവിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് തുണയായത്. മക്കാവുവിനെതിരായ ജയത്തോടെ ഇന്ത്യ 2019ൽ യുഎഇയിൽ നടക്കുന്ന എഎഫ്സി കപ്പിനുള്ള യോഗ്യതയും സ്വന്തമാക്കി. നിലവിൽ ഇന്ത്യക്ക് 328 പോയിന്റുകളാണുള്ളത്. ഈ വർഷം ജൂലൈയിൽ 96–ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. പിന്നെ പിന്നാക്കം പോവുകയായിരുന്നു.

ജർമനി റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സ്പെയിനും ഫ്രാൻസും നില മെച്ചപ്പെടുത്തി. ഫ്രാൻസ് ഏഴാമതും സ്പെയിൻ എട്ടാമതുമാണ്. 22 സ്ഥാനങ്ങൾ‌ മെച്ചപ്പെടുത്തി 114–ാം റാങ്ക് സ്വന്തമാക്കിയ തുർക്മെനിസ്ഥാനാണ് ഇത്തവണ റാങ്കിങിൽ മികച്ച മുന്നേറ്റം നടത്തിയ ടീം.