Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രാജ്ശക്തി’ക്കെതിരെ ‘ലോക്ശക്തി’ക്ക് ആഹ്വാനം; മോദിക്കെതിരെ വീണ്ടും സിൻഹ

Yashwant Sinha

മുംബൈ∙ നരേന്ദ്ര മോദി സർക്കാരിനെതിരെ വിമർശനവുമായി മുതിര്‍ന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. രാജ്ശക്തിക്ക് (സർക്കാർ) എതിരെ ലോക്ശക്തിക്ക് (ജനശക്തി) സിൻഹ ആഹ്വാനം ചെയ്തു. വിദർഭയിൽ കർഷകരുടെ എൻജിഒ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും സിൻഹ ആഞ്ഞടിച്ചത്.

സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനെ ഉദ്ധരിച്ചാണു കേന്ദ്ര സർക്കാരിനെതിരെ ജനശക്തി ഉണരണമെന്ന് സിൻഹ ആഹ്വാനം ചെയ്തത്. അകോളയിലെ ഈ സമ്മേളനം ജനശക്തിയുടെ തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മൾ സാമ്പത്തിക മാന്ദ്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കണക്കുകളും അതാണു തെളിയിക്കുന്നത്’– സിൻഹ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെയും സിൻഹ വിമർശനങ്ങൾ ഉന്നയിച്ചു. നമ്മുടെ ഭരണത്തലവൻ അടുത്തിടെ മണിക്കൂറുകൾ നീണ്ട പ്രസംഗത്തിൽ കണക്കുകൾ ഉദ്ധരിച്ച് ഇന്ത്യയുടെ വികസനത്തെക്കുറിച്ചു പ്രതിപാദിച്ചു. അനേകം കാറുകളും മോട്ടോർ സൈക്കിളുകളും വിൽക്കുന്നതായും പറഞ്ഞു. അതാണോ രാജ്യത്തിന്റെ വികസനത്തിന്റെ അർഥം? ശരിയാണ്, വിൽപനയുണ്ട്. എന്നാൽ എന്തെങ്കിലും നിർമാണം ഇവിടെ നടക്കുന്നുണ്ടോ? –സിൻഹ ചോദിച്ചു.

ഈ വേദിയിൽ നോട്ടുനിരോധനത്തെക്കുറിച്ചു താനധികം സംസാരിക്കുന്നില്ല. അല്ലെങ്കിലും പരാജയപ്പെട്ട ഒരു സംവിധാനത്തെപ്പറ്റി എന്തു പറയാനാവും. ഞങ്ങൾ പ്രതിപക്ഷത്തായിരുന്നപ്പോൾ, രാജ്യത്ത് നികുതി ഭീകരത, റെയ്ഡ് രാജ് എന്നിങ്ങനെ സർക്കാരിനെതിരെ വലിയ ആരോപണമുയർത്തിയിരുന്നു. എന്നാൽ ഇന്നത്തെ പോക്കിനെക്കുറിച്ചു പറയാൻ വാക്കുകളില്ല. ഭീകരത എന്നുമാത്രമാണു വിശേഷിപ്പിക്കാനാവുക.

നല്ലതും ലളിതവുമായ നികുതി (ഗുഡ് ആൻഡ് സിംപിൾ ടാക്സ്) എന്നാണ് ജിഎസ്ടിയെക്കുറിച്ചു പ്രധാനമന്ത്രിയും കേന്ദ്രവും പറഞ്ഞത്. പക്ഷേ മോശവും സങ്കീർണവുമായ നികുതിയായി ജിഎസ്ടി മാറി. ജിഎസ്ടിയിലെ തടസ്സങ്ങൾ നീക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ജാർഖണ്ഡിൽനിന്നാണു ഞാൻ വരുന്നത്. കർഷകർ ആത്മഹത്യ ചെയ്യാത്ത സ്ഥലമായിരുന്നു. പക്ഷേ, അവിടെ ഇപ്പോൾ എത്ര കർഷകരാണു ജീവനൊടുക്കുന്നത്? – ആശങ്കയോടെ സിൻഹ പറഞ്ഞു.

അടുത്തിടെ, കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെയും യശ്വന്ത് സിന്‍ഹ കടുത്ത വിമർശനങ്ങൾ നടത്തിയിരുന്നു. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക ദുരന്തമാണ്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സ്വകാര്യ നിക്ഷേപം ഏറ്റവും കുറഞ്ഞു. വ്യാവസായിക ഉല്‍പാദനം താഴ്ന്നു. ജിഎസ്ടി നടപ്പാക്കിയതിനാൽ ഒട്ടേറെ ചെറുകിട സംരംഭങ്ങൾ തകർന്നു. ദശലക്ഷക്കണക്കിന് ആളുകൾക്കു തൊഴിലും അവസരങ്ങളും നഷ്ടമായി. പുതിയ തൊഴിലുകൾ സൃഷ്ടിക്കാനുള്ള പദ്ധതികളൊന്നുമില്ല. പ്രസംഗത്തിലെ വീമ്പിളക്കൽ മാത്രമാണു നടക്കുന്നതെന്നും സിൻഹ കുറ്റപ്പെടുത്തിയിരുന്നു.

related stories