Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് കേസിൽ കുറ്റപത്രം പൂർത്തിയാകുന്നു; ‘ആലബൈ’ തകർക്കാൻ കച്ചകെട്ടി പൊലീസ്

Dileep

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ കുറ്റപത്രം പൂർത്തിയാവുമ്പോൾ നിയമത്തിന്റെ പോർമുഖങ്ങൾ തുറന്നു പ്രോസിക്യൂഷനും പ്രതിഭാഗവും. പ്രതിഭാഗം ഉന്നയിക്കാനിടയുള്ള ‘ആലബൈ’ വാദത്തിനു കുറ്റപത്രത്തിൽ തന്നെ പാഠഭേദം ഒരുക്കിയാണു പൊലീസിന്റെ നീക്കം.

കുറ്റകൃത്യം നടക്കുമ്പോൾ പ്രതി മറ്റൊരിടത്തായിരുന്നുവെന്ന വാദമാണിത്. ആലബൈ ഉന്നയിക്കുന്നതോടെ അതു തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതിഭാഗത്തിനാവും. ഏതു കുറ്റകൃത്യങ്ങളിലും പ്രതിഭാഗം ആലബൈ വാദം ഉന്നയിക്കാറുണ്ട്. ഇത്തരം കുറ്റകൃത്യം നടക്കാറുള്ളത് ഏതെങ്കിലും ഒരു ദിവസം പ്രത്യേക സമയത്താണ്.

എന്നാൽ, നടിയെ ഉപദ്രവിച്ച കേസിൽ നടൻ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളിൽ നാലു സമയങ്ങളിലാണ്. അതുകൊണ്ടുതന്നെ പ്രതിക്ക് ‘ആലബൈ’ ഉന്നയിച്ചു തെളിയിക്കുക എളുപ്പമല്ല. കുറ്റകൃത്യം നടന്ന കഴിഞ്ഞ ഫെബ്രുവരി 17 നു രാത്രി എട്ടരയ്ക്കും ഒൻപതിനും ഇടയിൽ ദിലീപ് എവിടെയാണെന്നത് ഈ കേസിൽ പ്രസക്തമല്ല.

എന്നാൽ, കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത സുനിൽകുമാർ (പൾസർ സുനി) അടക്കമുള്ള പ്രതികളുടെ കാര്യത്തിൽ ഇതു പ്രസക്തമാണുതാനും.

എന്താണ് ‘ആലബൈ’?

ഇന്ത്യൻ തെളിവുനിയമത്തിലെ 11–ാം വകുപ്പ് അനുസരിച്ചു പ്രതിക്കു നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ആലബൈ. കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന രീതിയാണിത്.

ലാറ്റിൻ വാക്കായ ആലബൈ 18–ാം നൂറ്റാണ്ടു മുതലാണു ബ്രിട്ടിഷുകാർ ക്രിമിനൽ നടപടിക്രമത്തിൽ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്. ഈ വിഷയം കേന്ദ്രീകൃതമായ ഇതിവൃത്തമാണു മലയാളത്തിലെ ‘ദൃശ്യം’ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ദിവസങ്ങളും സ്ഥലങ്ങളും കേസിൽ നടൻ ദിലീപും സുനിൽകുമാറും ഗൂഢാലോചന നടത്തിയതായി പൊലീസ് ഉന്നയിക്കുന്ന ദിവസങ്ങളും സ്ഥലങ്ങളും. ഇവയിൽ ഏതെങ്കിലും ഒന്നിന് ആലബൈ ഉന്നയിക്കാൻ കഴിഞ്ഞാൽപോലും പ്രതിഭാഗത്തിനു നേട്ടമാവും.

∙ 2013 മാർച്ച് 26 നും ഏപ്രിൽ ഏഴിനും ഇടയിൽ: എറണാകുളത്തെ ഹോട്ടൽ അബാദ് പ്ലാസയിലെ 410 –ാം നമ്പർ മുറിയിൽ രാത്രി ഏഴിനും ഒൻപതിനും ഇടയിൽ.

∙ 2016 നവംബർ എട്ട്: എറണാകുളം തോപ്പുംപടി സിഫ്റ്റ് ജംക്‌ഷനിലെ സിനിമാ ഷൂട്ടിങ് സ്ഥലം.

∙ 2016 നവംബർ 13: തൃശൂർ കിണറ്റിങ്കൽ ടെന്നിസ് ക്ലബിൽ നിർത്തിയിട്ട കാരവനു സമീപം പ്രതികൾ പരസ്പരം സംസാരിച്ചു.

∙ 2016 നവംബർ 14: തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ.

(കുറ്റകൃത്യത്തിനുശേഷം 2017 ഏപ്രിൽ 21 ന് ഒന്നാം പ്രതി സുനിൽ എറണാകുളം ജില്ലാ ജയിലിനുള്ളിലെ കോയിൻ ബൂത്തിൽനിന്നു ദിലീപിന്റെ ഡ്രൈവറും സഹായിയുമായ അപ്പുണ്ണിയെ ഫോണിൽ വിളിച്ചു സംസാരിക്കുമ്പോൾ ദിലീപ് സമീപമുണ്ടായിരുന്നു (സ്ഥലം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല).

അപ്പോഴും സുനിലും ദിലീപും ക്വട്ടേഷൻ തുക സംബന്ധിച്ചു സംസാരിച്ചു എന്ന ആരോപണത്തെ പ്രതിഭാഗം എങ്ങനെ എതിർക്കുമെന്നതാവും കേസിൽ ഏറ്റവും നിർണായകം).

related stories