Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകതാരം; സിദാൻ മികച്ച പരിശീലകൻ

ronaldo-award ക്രിസ്റ്റ്യാനോ റൊണാൾഡോ പുത്രൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനൊപ്പം ഫിഫ പുരസ്കാര സമർപ്പണച്ചടങ്ങിൽ. ലയണൽ മെസ്സിയും ഭാര്യ അന്റോനെല്ലാ റോകുസ്സോയും (ഇടത്) സമീപം. ചിത്രം: എഎഫ്പി

സൂറിക്ക് ∙ മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കി, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിഫ ലോകഫുട്ബോളർ പുരസ്കാരം സ്വന്തമാക്കി. റയലിനും പോർച്ചുഗൽ ദേശീയ ടീമിനുമായി  കഴിഞ്ഞ വർഷം നടത്തിയ മികച്ച പ്രകടനമാണ് മുപ്പത്തിരണ്ടുകാരൻ ക്രിസ്റ്റ്യാനോയെ പുരസ്കാരത്തിന് അർഹനാക്കിയത്. 

FBL-ESP-CUP-REALMADRID-SEVILLA സിനദിൻ സിദാൻ

യുവേഫ ചാംപ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കിരീടം നിലനിർത്തിയ റയൽ മഡ്രിഡിനെ നയിച്ച ക്രിസ്റ്റ്യാനോ 12 ഗോളുമായി ലീഗിൽ ടോപ് സ്കോററുമായി. റയൽ മഡ്രിഡിന്റെ സിനദിൻ സിദാനാണു  മികച്ച പരിശീലകനുള്ള പുരസ്കാരം. ക്രിസ്റ്റ്യാനോ ലോകതാരമായപ്പോൾ, റയലിന് ഇരട്ടിമധുരമായി  സിദാനു ലഭിച്ച  പുരസ്കാരം. ചെൽസിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രി എ്നിവരെ മറികടന്നാണു സിദാൻ പുരസ്കാരജേതാവായത്. 

യുവന്റസിന്റെ ജിയാൻ ല്യൂജി ബുഫൺ ആണു മികച്ച ഗോൾ കീപ്പർ. റയലിന്റെ ഗോളി കെയ്‍ലർ നവാസിനെയും  ബയണിന്റെ മാനുവൽ ന്യൂയറെയും മറികടന്നാണ് ബുഫൺ  പുരസ്കാരം ഏറ്റുവാങ്ങിയത്.   മികച്ച വനിതാ താരമായി ഹോളണ്ടിന്റെ ലെയ്ക് മാർട്ടിൻസ് തിരഞ്ഞെടുക്കപ്പെട്ടു.  വെനസ്വേലയുടെ ഡെയ്ന കാസ്റ്റലോനസ്, അമേരിക്കയുടെ കാർലി ലോയ്ഡ് എന്നിവരെ മാർട്ടിൻസ് പിന്നിലാക്കി.  മികച്ച ഗോളിനുള്ള  ഫെറെങ്ക് പുസ്കാസ് പുരസ്കാരം ആർസനൽ താരം ഒളിവർ ജിറൂദ് നേടി. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ   ക്രിസ്റ്റൽ പാലസിനെതിരെ നേടിയ സ്കോർപിയൻ ഗോളാണു ജിറൂദിനെ പുരസ്കാരത്തിന് അർഹനാക്കിയത്.