Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലശ്ശേരിയെ സ്നേഹിച്ച ഐ.വി.ശശി; ഓർമകളുമായി ലിബർട്ടി ബഷീർ

iv-sasi-honored സെപ്റ്റംബർ 10നു തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ സമ്മേളനത്തിൽ ഐ.വി. ശശിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചപ്പോൾ. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ‌ സമീപം. ചിത്രം: സജീഷ് ശങ്കർ

കണ്ണൂർ∙ സ്വന്തം വീടു പോലെയായിരുന്നു ഐ.വി.ശശിക്കു തലശ്ശേരിയും. കേരളത്തിൽ അവസാനം പങ്കെടുത്ത പൊതുചടങ്ങു തലശ്ശേരിയിലായിരുന്നുവെന്നത് ആ ആത്മബന്ധത്തിനു സാക്ഷ്യം.

സെപ്റ്റംബർ 10നു തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ സമ്മേളനത്തിൽ ആദരിക്കപ്പെട്ട മുതിർന്ന സിനിമാ പ്രവർത്തകരിൽ ഐ.വി. ശശിയും ഭാര്യ സീമയും ഉണ്ടായിരുന്നു. ക്ഷണിക്കപ്പെട്ട പ്രമുഖരിൽ പലരും വിട്ടു നിന്നിട്ടും ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ചു ശശി എത്തി. ഉറ്റസുഹൃത്തും ദീർഘകാല സഹപ്രവർത്തകനുമായ നിർമാതാവു ലിബർട്ടി ബഷീറാണു തലശ്ശേരിയിൽ വരുമ്പോഴെല്ലാം ശശിയുടെ ആതിഥേയൻ. അവാർഡ് ചടങ്ങിനെത്തിയപ്പോഴും ശശിയും സീമയും രാവിലെ ലിബർട്ടി ബഷീറിന്റെ വീട്ടിലാണു വന്നത്. അവിടെയായിരുന്നു ഊണ്.

ഐ.വി. ശശിയുടെ നിര്യാണ വാർത്തയറി​​ഞ്ഞതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല ബഷീറിന്. ഇടയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നല്ല സ്ഥിതിയിലായിരുന്നു. നാലു ദിവസം മുൻപാണു ശശിയേട്ടനെ ബഷീർ ചെന്നൈയിലെ വസതിയിൽ സന്ദർശിച്ചത്. ‘അവളുടെ രാവുകൾ’ രണ്ടാം ഭാഗമൊരുക്കാൻ ഐ.വി. ശശിയും ബഷീറും ചേർന്ന് ആലോചന തുടങ്ങിയിരുന്നു.

ലിബർട്ടി നിർമിച്ച നാലു ചിത്രങ്ങൾ (അബ്കാരി, ഇൻസ്പെക്ടർ ബൽറാം, അപാരത, ബൽറാം വേഴ്സസ് താരാദാസ്) ഐ.വി. ശശി സംവിധാനം ചെയ്തിട്ടുണ്ട്.

ഇൻസ്പെക്ടർ ബൽറാമിന്റെ ചെന്നൈയിലെ ലാബ് ജോലികൾക്കിടയിൽ 25 ലക്ഷം രൂപയുടെ കുറവു വന്നപ്പോൾ സീമ 25 ലക്ഷത്തിന്റെ ചെക്ക് എഴുതിത്തന്നതു ബഷീറിന് ഓർമയുണ്ട്. ഐ.വി. ശശിയുടെ ‘ഇത്രയും കാലം’ എന്ന ചിത്രം ഷൂട്ടിങ് കഴിഞ്ഞു സാമ്പത്തിക പ്രതിസന്ധി മൂലം പെട്ടിയിലിരുന്നപ്പോൾ റിലീസ് ചെയ്യാൻ സഹായിച്ചതു ബഷീറായിരുന്നു. ബഷീറിന്റെ മക്കളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ ഐ.വി. ശശി പല തവണ തലശ്ശേരിയിൽ വന്നിട്ടുണ്ട്. ശശിയുടെ പല സിനിമകളും കണ്ണൂരിലും തലശ്ശേരിയിലുമായി ചിത്രീകരിച്ചിട്ടുണ്ട്. ബൽറാം വേഴ്സസ് താരാദാസ് ഏതാണ്ടു പൂർണമായും തലശ്ശേരിയിലും പരിസരത്തുമായിരുന്നു. അടിമകൾ ഉടമകളുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചതു കണ്ണൂരിലെ പഴയ തിരുവേപ്പതി മില്ലിലായിരുന്നു. സീമയ്ക്കും തലശ്ശേരിയിൽ വേരുകളുണ്ട്.

മകൾ അനുവിന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ശശി ഇന്നു വൈകിട്ടു തനിയെ ഓസ്ട്രേലിയയിലേക്കു പോവാനിരിക്കുകയായിരുന്നുവെന്നു ബഷീർ പറഞ്ഞു. സീമയ്ക്കു ഷൂട്ടിങ് തിരക്കുള്ളതു കൊണ്ടാണ് ഒറ്റയ്ക്കു യാത്ര തീരുമാനിച്ചതെന്നും ശശിയേട്ടൻ പറഞ്ഞിരുന്നു – ലിബർട്ടി ബഷീർ ഓർക്കുന്നു.