Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പാനിഷ് കോട്ട തകർത്ത് ഇംഗ്ലണ്ടിന്റെ പടയോട്ടം; 5–2 വിജയവുമായി കിരീടം

england-champion3 അണ്ടർ 17 ലോകകപ്പ് കിരീടം ചൂടിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദം. ചിത്രം: സലിൽ ബേറ

കൊൽക്കത്ത ∙ ‘തിരിച്ചുവരവ്’ എന്ന വാക്കിന് കൗമാര ലോകകപ്പിൽ പുതുഭാഷ്യം ചമച്ച ഇംഗ്ലണ്ടിന്റെ ചുണക്കുട്ടികൾക്ക് അണ്ടർ 17 ലോകകപ്പ് കിരീടം. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് യൂറോപ്യൻ ചാംപ്യൻമാരായ സ്പെയിനിനെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ലോകകിരീടത്തിൽ മുത്തമിട്ടത്. സെർജിയോ ഗോമസിന്റെ (10, 31) ഇരട്ടഗോൾ മികവിൽ ലീഡെടുത്ത സ്പെയിനിനെ പിന്നീട് അഞ്ചു ഗോൾ തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ആദ്യപകുതിയിൽ സ്പെയിൻ 2–1നു മുന്നിലായിരുന്നു.‌

ഇംഗ്ലണ്ടിനായി ഫിൽ ഫോഡൻ (69, 88) ഇരട്ടഗോൾ നേടി. റയാൻ ബ്രൂസ്റ്റർ (44), ഗിബ്സ് വൈറ്റ് (58), മാർക്കോ ഗുവേഹി (84) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു ഗോളുകൾ നേടിയത്. രണ്ടു ഹാട്രിക് ഉൾപ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടും ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ ഫോഡൻ ഗോൾഡൻ ബോളും സ്വന്തമാക്കി. ഈ വിജയത്തോടെ ഈ വർഷമാദ്യം നടന്ന യൂറോ അണ്ടർ 17 ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്കും ഇംഗ്ലണ്ട് പകരം വീട്ടി. അന്ന് പെനല്‍റ്റി ഷൂട്ടിലായിരുന്നു സ്പെയിനിന്റെ ജയം.

England Celebrations ഇംഗ്ലണ്ടിനായി ഇരട്ടഗോൾ നേടിയ ഫിൽ ഫോഡന്റെ (7) ആഹ്ലാദം. ആദ്യ ഗോൾ നേടിയ റയാൻ ബ്രൂസ്റ്ററാണ് പിന്നിൽ. എട്ടു ഗോളുകൾ നേടിയ ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയപ്പോൾ ഫിൽ ഫോഡനാണ് ഗോൾഡൻ ബോൾ പുരസ്കാരം. ചിത്രം: സലിൽ ബേറ

ഇംഗ്ലണ്ടിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്. 2009ൽ സ്വിറ്റ്സർലന്‍ഡ് ലോകകപ്പ് നേടിയശേഷം ആദ്യമായാണ് ഒരു യൂറോപ്യൻ രാജ്യം ലോകകപ്പ് നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗോളെണ്ണത്തിലും സ്പെയിൻ–ഇംഗ്ലണ്ട് കലാശപ്പോര് റെക്കോർഡിട്ടു. ഈ മൽസരത്തിലാകെ പിറന്നത് ഏഴു ഗോളുകളാണ്. 1995ലെ ബ്രസീൽ–ഘാന ഫൈനലിൽ പിറന്ന അഞ്ചു ഗോളുകളുടെ റെക്കോർഡാണ് ഈ മൽസരത്തിലൂടെ പിന്നിലായത്.

തോൽവിയോടെ തുടക്കം, തോറ്റു മടക്കം

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തോൽവിയോടെ തുടക്കമിട്ട ലോകകപ്പ് പ്രയാണം, കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ വൻ തോൽവിയോടെ സ്പെയിൻ അവസാനിപ്പിച്ചു. ആദ്യ മൽസരത്തിൽ ബ്രസീലിനോട് 2–1നു തോറ്റു തുടങ്ങിയ സ്പെയിൻ, സെമിയിൽ ഇതേ ബ്രസീലിനെ വീഴ്ത്തിയെത്തിയ ഇംഗ്ലണ്ടിനോട് 5–2നാണ് കലാശപ്പോരിൽ തോറ്റത്. 2–0ന്റെ ലീഡു നേടിയ ശേഷം അഞ്ചു ഗോൾ വഴങ്ങി വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് സ്പെയിനിന്റെ കുട്ടിത്താരങ്ങളെ ഏറെനാൾ സങ്കടപ്പെടുത്തുമെന്നുറപ്പ്!

spain-england-bera-4 സ്പെയിനിനായി ഇരട്ടഗോൾ നേടിയ സെർജിയോ ഗോമസ്. ചിത്രം: സലിൽ ബേറ

അതേസമയം, ഇംഗ്ലണ്ട് സ്പാനിഷ് പോസ്റ്റിൽ അടിച്ചുകയറ്റിയ അഞ്ചു ഗോളുകൾക്കൊപ്പം മൽസരം ബാക്കി വയ്ക്കുന്ന നിർഭാഗ്യത്തിന്റെ ചില നിമിഷങ്ങളുമുണ്ട്. ഇംഗ്ലണ്ട് 2–0നു പിന്നിൽ നിൽക്കെ 42–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ഹഡ്സൻ ഒഡോയിയുടെ ഷോട്ട് വലത്തേ പോസ്റ്റിൽ തട്ടി തെറിച്ചത് സങ്കടത്തോടെയാണ് ആരാധകർ കണ്ടത്. ബോക്സിനുള്ളിൽ ഇടതുഭാഗത്തുനിന്നും പന്തിനെ പോസ്റ്റിന്റെ വലതേ മൂലയിലേക്ക് പായിക്കാനുള്ള ശ്രമമാണ് ഗോളിയെ കടന്നെങ്കിലും പോസ്റ്റിൽ തട്ടിത്തെറിച്ചത്.

74–ാം മിനിറ്റിൽ ഗോളിനോളം ചന്തമുള്ളൊരു ഗോൾലൈൻ സേവിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഗോൾകീപ്പറിനെ കടന്നെത്തിയ സ്പാനിഷ് താരം വിക്ടർ ചസ്റ്റിന്റെ ഹെഡർ ഇംഗ്ലണ്ട് താരം സെസഗ്നനാണ് ഗോൾവരയിൽ വച്ച് രക്ഷപ്പെടുത്തിയത്. മൽസരം ഇൻജുറി ടൈമിലേക്ക് കടന്നതോടെ കളത്തിൽ ചെറിയ തോതിൽ കയ്യാങ്കളിയും നടന്നു. കൈവിട്ട കളിക്കു മുതിർന്ന ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററിനെ മഞ്ഞക്കാർഡ് നൽകിയാണ് റഫറി ശാന്തനാക്കിയത്.

ഗോളുകൾ വന്ന വഴി

സ്പെയിനിന്റെ ഒന്നാം ഗോൾ: കളിയുടെ ഗതിക്കു വിപരീതമായി സ്പെയിൻ മുന്നിൽ. തുടർ ആക്രമണങ്ങളുമായി സ്പാനിഷ് ഗോൾമുഖം വിറപ്പിച്ചുവന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്പെയിനിന് ലീഡ്. ക്യാപ്റ്റൻ ആബേൽ റൂയിസിൽനിന്ന് തുടങ്ങി യുവാൻ മിറാൻഡ–സെസാർ ഗിലാബർട്ടു വഴിയെത്തിയ നീക്കത്തിന് ഗോൾമുദ്ര ചാർത്തി സ്പെയിനിന്റെ 10–ാം നമ്പർ താരം സെർജിയോ ഗോമസ്. ഇംഗ്ലണ്ട് ബോക്സിനു വെളിയിൽ പന്തു കിട്ടിയ ക്യാപ്റ്റൻ ആബേൽ റൂയിസ് ഇടതുവിങ്ങിൽ യുവാൻ മിറാൻഡയ്ക്കു പന്തു മറിക്കുന്നു. പന്തു പിടിച്ചെടുത്ത് ഇംഗ്ലണ്ട് ബോക്സിലേക്ക് മിറാൻഡയുടെ ക്രോസ്. തടയാനെത്തിയ പ്രതിരോധതാരത്തെ കബളിപ്പിച്ച് ഗിലാബർട്ടിന്റെ ദുർബലമായ ഷോട്ട്. ഗോളിക്കു മുന്നിൽ നിലയുറപ്പിച്ചിരുന്ന സെർജിയോ ഗോമസ് പുറംകാലുകൊണ്ട് പന്തു തള്ളി പോസ്റ്റിലേക്കിടുന്നു. ഇംഗ്ലണ്ട് ഗോൾകീപ്പർ നിഷ്പ്രഭൻ. സ്കോർ 1–0.

England Spain

സ്പെയിനിന്റെ രണ്ടാം ഗോൾ: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്പെയിൻ വീണ്ടും ലീഡു നേടുന്ന കാഴ്ച. മൽസരത്തിന് 31 മിനിറ്റു പ്രായം. ഇത്തവണയും വലകുലുക്കാനുള്ള നിയോഗം സ്പെയിനിന്റെ 10–ാം നമ്പർ താരം സെർജിയോ ഗോമസിന്. വഴിയൊരുക്കിയത് സെസാർ ഗിലാബർട്ടു തന്നെ. ഇംഗ്ലണ്ട് ആക്രമണത്തിന്റെ മുനയൊടിച്ച് സ്പെയിൻ നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നെത്തിയ ഗോൾ. ഇംഗ്ലണ്ട് ബോക്സിന്റെ ഇടതുഭാഗത്തു പന്തു ലഭിച്ച ഗിലാബർട്ട് അതുനേരെ വലത് സെർജിയോ ഗോമസിനു മറിക്കുന്നു. വച്ചുതാമസിപ്പിക്കാതെ സെർജിയോ ഗോമസ് തൊടുത്ത പൊള്ളുന്ന ഷോട്ട് ഇംഗ്ലണ്ട് വലയിൽ. സ്കോർ 2–0.

Spain England

ഇംഗ്ലണ്ടിന്റെ ഒന്നാം ഗോൾ: മൽസരം 44–ാം മിനിറ്റിൽ എത്തിനിൽക്കെ ഇംഗ്ലണ്ട് ഒരു ഗോൾ മടക്കുന്നു. ഇതുവരെ നടത്തിയ അത്യദ്ധ്വാനങ്ങൾക്കുള്ള ഫലം ഗോൾരൂപത്തിൽ. വലതുവിങ്ങിൽനിന്നും സ്റ്റീവൻ സെസെഗ്‌നൻ ഉയർത്തിവിട്ട ക്രോസിൽ റയാൻ ബ്രൂസ്റ്ററിന്റെ തകർപ്പൻ ഹെഡർ. സ്പാനിഷ് ഗോൾകീപ്പർ അൽവാരോ ഫെർണാണ്ടസിനെ കബളിപ്പിച്ച് പന്തു വലയിൽ. സ്കോർ 1–2. ടൂർണമെന്റിൽ ബ്രൂസ്റ്ററിന്റെ എട്ടാം ഗോൾ!

Brewster

ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ: സമനില ഗോളിനായുള്ള ഇംഗ്ലണ്ടിന്റെ ശ്രമം ഫലിക്കുന്നു. മൽസരത്തിന്റെ തുടക്കം മുതൽ സ്പാനിഷ് പ്രതിരോധത്തിന് തലവേദന സൃഷ്ടിക്കുന്ന ഫോഡൻ–സെസഗ്‌സൻ–ഗിബ്സ് വൈറ്റ് ത്രയം ലക്ഷ്യം കാണുന്നു. മൽസരത്തിനു പ്രായം 58 മിനിറ്റു മാത്രം. ബോക്സിനു പുറത്ത് ഫിൽ ഫോഡനു ലഭിച്ച പന്ത് ബോക്സിനുള്ളിൽ വലതുഭാഗത്ത് സെസെഗ്സനിലേക്ക്. പന്തു ബോക്സിനു സമാന്തരമായി ഗിബ്സ് വൈറ്റിനു മറിച്ച സെസെഗ്സനു പിഴച്ചില്ല. ഗിബ്സ് വൈറ്റിന്റെ തകർപ്പൻ ഷോട്ട് സ്പാനിഷ് വലയിൽ. സ്കോർ 2–2.

ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ: കൊൽക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ തീർത്തും അവിശ്വസനീയമായ ഫുട്ബോൾ കാഴ്ച. രണ്ടാം ഗോളിന്റെ ആവേശം അടങ്ങും മുൻപ് ലീഡെടുത്ത് ഇംഗ്ലണ്ടിന്റെ കുട്ടിപ്പട. രണ്ടു ഗോളിനു പിന്നിലായിരുന്ന ഇംഗ്ലണ്ട് 69 മിനിറ്റു പൂർത്തിയാകുമ്പോൾ 3–2നു മുന്നിൽ. ഇത്തവണ വെടിപൊട്ടിക്കാനുള്ള നിയോഗം ഫിൽ ഫോഡന്. മധ്യവരയ്ക്കു സമീപത്തുനിന്നും ജോർജ് മക്ഗീരൻ ഉയർത്തി നൽകിയ പന്ത് ഇടതുവിങ്ങിൽ ഹഡ്സൻ ഒഡോയിയിലേക്ക്. സ്പാനിഷ് ബോക്സിന് സമാന്തരമായി ഓടിക്കയറിയ ഹഡ്സൻ പന്ത് ബോക്സിലേക്ക് മറിക്കുന്നു. പോസ്റ്റിനു മുന്നിൽ ഫിൽ ഫോഡന്റെ പിഴവുകളില്ലാത്ത ഫിനിഷിങ്. സ്കോർ 3–2. സാൾട്ട്‌ലേക്കിൽ ആവേശം അത്യുച്ചിയിൽ.

England Celebrations

ഇംഗ്ലണ്ടിന്റെ നാലാം ഗോൾ: സ്പാനിഷ് കോട്ട തകർത്ത് വീണ്ടും ഇംഗ്ലണ്ടിന്റെ പടയോട്ടം. ഇത്തവണ ഗോൾ നേടാനുള്ള നിയോഗം മാർക്ക് ഗുവേഹിക്ക്. മൽസരം 84–ാം മിനിറ്റിൽ. ബോക്സിനു പുറത്ത് ഹഡ്സൻ ഒഡോയിയെ മത്തേവു ജവുമി വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽനിന്ന് ഗോൾനീക്കത്തിന്റെ തുടക്കം. ഫ്രീകിക്കിൽനിന്ന് വന്ന പന്ത് ജൊനാഥൻ പാൻസോ വഴി ഗുവേഹിയിലേക്ക്. ഗുവേഹിയുടെ പിഴയ്ക്കാത്ത ഷോട്ട് നേരെ സ്പാനിഷ് വലയിൽ. സ്കോർ 4–2.

England-Spain-5

ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾ: സ്പെയിൻ ആരാധകരെ കണ്ണീരിലാഴ്ത്തി വീണ്ടും ഇംഗ്ലണ്ടിന് ഗോൾ. മൽസരത്തിന് പ്രായം 88 മിനിറ്റ്. നാലാം ഗോളിന് നാലു മിനിറ്റു മാത്രം പ്രായം. ഹഡ്സൻ ഒഡോയിയുടെ മുന്നേറ്റത്തിനൊടുവിൽ പന്ത് ഫിൽ ഫോഡനിലേക്ക്. രണ്ടു ചുവടു മുന്നോട്ടുവച്ച് ഫിൽ ഫോഡൻ തൊടുത്ത നിലം പറ്റെയുള്ള ഷോട്ട് സ്പാനിഷ് വലയിൽ. സ്കോർ 5–2. മൽസരത്തിൽ ഫോഡന്റെ രണ്ടാം ഗോൾ.

India Soccer U-17 WCup England Spain
England-Spain-3 സ്പെയിനിനെ തോൽപ്പിച്ച് അണ്ടർ 17 ലോകകപ്പ് കിരീടം ചൂടിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദ പ്രകടനത്തിൽനിന്ന്. ചിത്രങ്ങൾ: സലിൽ ബേറ
England-Spain-4 സ്പെയിനിനെ തോൽപ്പിച്ച് അണ്ടർ 17 ലോകകപ്പ് കിരീടം ചൂടിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദ പ്രകടനത്തിൽനിന്ന്. ചിത്രങ്ങൾ: സലിൽ ബേറ
England-Spain-2 സ്പെയിനിനെ തോൽപ്പിച്ച് അണ്ടർ 17 ലോകകപ്പ് കിരീടം ചൂടിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദ പ്രകടനത്തിൽനിന്ന്. ചിത്രങ്ങൾ: സലിൽ ബേറ
England-Spain-1 സ്പെയിനിനെ തോൽപ്പിച്ച് അണ്ടർ 17 ലോകകപ്പ് കിരീടം ചൂടിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദ പ്രകടനത്തിൽനിന്ന്. ചിത്രങ്ങൾ: സലിൽ ബേറ
related stories