Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനെ ‘കരുതൽ വിഭാഗ’ത്തിൽ ഉൾപ്പെടുത്തണം: യുഎസ് സെനറ്റർമാർ

Del526593

വാഷിങ്ടൻ ∙ മതസ്വാതന്ത്ര്യം തുടർച്ചയായി ഹനിക്കപ്പെടുന്ന രാജ്യമെന്ന നിലയിൽ, പാക്കിസ്ഥാനെ ‘കരുതൽ വിഭാഗ’ത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് സെനറ്റിൽ നിർണായക സ്വാധീനമുള്ള ആറ് അംഗങ്ങൾ രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് ആറംഗ സംഘം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന് കത്തെഴുതിയതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പാക്കിസ്ഥാനിലെ വിവേചനപരമായ മതനിയമങ്ങൾ മൂലം ഒട്ടേറെ വ്യക്തികൾ മതവിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നതായി ഇവർ ചൂണ്ടിക്കാട്ടി.

സെനറ്റർമാരായ ബോബ് മെനെൻഡസ്, മാർക്കോ റൂബിയോ, ക്രിസ് കൂൺസ്, റ്റോഡ് യങ്, ജെഫ് മെർക്കെലെ, ജയിംസ് ലാൻക്ഫോർഡ് എന്നിവരാണ് ടില്ലേഴ്സിന് കത്തെഴുതിയത്. പാക്കിസ്ഥാനെ ‘കരുതൽ വിഭാഗ’ത്തിൽ ഉൾ‌പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശം നവംബർ 13നു മുന്നോടിയായി കോണ്‍ഗ്രസിനെ അറിയിക്കണമെന്ന് ഇവരുടെ ആവശ്യം.

ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയശേഷം തിരിച്ചെത്തിയതിനു പിന്നാലെയാണ് ടില്ലേഴ്സനു മുന്നിൽ ഈ ആവശ്യവുമായി സെനറ്റർമാർ എത്തിയിരിക്കുന്നത്. രാജ്യാന്തര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുഎസ് കമ്മിഷന്റെ നിർദ്ദേശമനുസരിച്ച് പാക്കിസ്ഥാനെ കരുതൽ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

രാജ്യവ്യാപകമായി നടക്കുന്ന മതസ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളെ പാക്ക് സർക്കാർ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയുമാണെന്ന് സെനറ്റർമാർ കത്തിൽ ചൂണ്ടിക്കാട്ടി. പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട നിയമം ഉൾപ്പെടെയുള്ളവ ഇതിനായി ദുരുപയോഗിക്കുകയാണ്. വിവിധ മതങ്ങളിൽ വിശ്വസിക്കന്നവരെ ഇതിന്റെ പേരിൽ പീഡിപ്പിക്കുകയാണെന്നും കത്തിൽ പറയുന്നു.

പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടവരുടെയും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരുടെയും എണ്ണം 40 കവിഞ്ഞു. പാക്കിസ്ഥാനിലെ മത ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഷിയ മുസ്‌ലിം വിഭാഗവും ഇത്തരത്തിൽ പീഡനം അനുഭവിക്കുന്നവരാണ്. – കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചൈന, ഇറാൻ, ഉത്തരകൊറിയ, സുഡാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയെല്ലാം യുഎസിന്റെ കരുതൽ വിഭാഗത്തിൽ ഉള്‍പ്പെടുന്നവയാണ്.