Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലുവരി റെയിലിനു കയ്യടി; 1.25 ലക്ഷം കോടി കടം വാങ്ങി ഹൈസ്പീഡ് റെയിൽ വേണോ?

High-Speed Trains (Representative Image)

കണ്ണൂർ ∙ കാസർകോട്–തിരുവനന്തപുരം റൂട്ടിൽ റെയിൽവേ ലൈൻ നാലുവരിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശം റയിൽവേ ബോർഡ് തത്വത്തിൽ അംഗീകരിച്ചതോടെ, നേരത്തേ ആലോചിച്ച തിരുവനന്തപുരം–കാസർകോട് അതിവേഗ റെയിൽപാത ചോദ്യമാവുന്നു. മൂവായിരം ഏക്കറോളം സ്വകാര്യഭൂമി ഏറ്റെടുത്ത്, നാലായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച്, നാൽപ്പതിനായിരത്തോളം മരങ്ങൾ വെട്ടിനീക്കി, ഒന്നേകാൽ ലക്ഷം കോടി രൂപ ചെലവിൽ അതിവേഗ റെയിൽപാത ഇനി ആവശ്യമുണ്ടോ എന്ന ചോദ്യം യാത്രക്കാരിൽ നിന്നുതന്നെ ഉയർന്നു തുടങ്ങി. നിലവിലുള്ള റെയിൽപാതയ്ക്കു സമീപം മിക്ക സ്ഥലത്തും റെയിൽവേയ്ക്കു സ്വന്തമായി സ്ഥലമുള്ളതിനാൽ നാലുവരിക്കു വേണ്ടി കാര്യമായ സ്ഥലമെടുപ്പും വേണ്ടിവരില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2016 ജൂലൈയിലാണു ഡെൽഹി മെട്രോ റെയിൽ കോർപറേഷ‍ൻ (ഡിഎംആർസി) തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാതയ്ക്കു വേണ്ടി പഠനം നടത്തി വിശദമായ റിപ്പോർട്ട് (ഡിപിആർ) സംസ്ഥാന സർക്കാരിനു സമർപ്പിച്ചത്. 430 കിലോമീറ്റർ പാത നിർമാണത്തിന് 1.27 ലക്ഷം കോടി രൂപയാണു ചെലവു കണക്കാക്കിയത്. ഫണ്ട് വിദേശരാജ്യങ്ങളിൽ നിന്നു വായ്പ വാങ്ങാം എന്നായിരുന്നു ഡിഎംആർസിയുടെ ശുപാർശ. അതിവേഗ പാത കാസർകോട്ടേക്കു നീട്ടണമെന്നും പിന്നീടു നിർദേശമുണ്ടായി. സ്ഥലമേറ്റെടുക്കലും വായ്പയെടുക്കലുമായി ബന്ധപ്പെട്ടു രൂക്ഷമായ എതിർപ്പ് ഉയർന്നതോടെ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം സമാഹരിക്കാൻ കഴിഞ്ഞ വർഷം അവസാനം സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടയിലാണു 16,600 കോടി രൂപ ചിലവിൽ തിരുവനന്തപുരം–കാസർകോട് നാലുവരി റെയിൽപാതയെന്ന നിർദേശം സംസ്ഥാന സർക്കാരിൽ നിന്നുതന്നെ ഉയർന്നിരിക്കുന്നത്.

നിലവിൽ കേരളത്തിന് ഏറ്റവും അനുയോജ്യമായതും ഏറ്റവും യാഥാർ‌ഥ്യബോധത്തോടെയുള്ളതുമായ നിർദേശമാണു നാലുവരി റെയിൽപാതയെന്നു സംസ്ഥാനത്തെ റെയിൽവേ വികസനത്തിനു കാലാകാലങ്ങളിൽ പ്രായോഗിക മാർഗനിർദേശങ്ങൾ അവതരിപ്പിക്കാറുള്ള തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. നിർദ്ദിഷ്ട അതിവേഗ പാത നിർമിക്കാൻ കിലോമീറ്ററിന് 250–300 കോടി രൂപ ചിലവു വരുമ്പോൾ, നിലവിലെ ഇരട്ടപ്പാത നാലുവരിയാക്കാൻ കിലോമീറ്ററിന് 25–30 കോടി രൂപ മാത്രമേ വേണ്ടി വരൂ – പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാർ പറയുന്നു. 

അവർ വിമാനത്തിൽ പറക്കട്ടെ

അതിവേഗപാത സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ലെന്നാണ് അസോസിയേഷന്റെ അഭിപ്രായം. കേരളത്തിലെ ഹ്രസ്വദൂര യാത്രക്കാർക്കോ, കേരളത്തിൽ നിന്നു പുറത്തേക്കു പോവുന്ന ദീർഘദൂര യാത്രക്കാർക്കോ അതിവേഗപാത ഉപകരിക്കില്ല. മെമു ട്രെയിനുകളോ മറ്റു ദീർഘദൂര വണ്ടികളോ അതിലൂടെ ഓടിക്കാനാവില്ല. തിരുവനന്തപുരത്തു നിന്നു രണ്ടു മണിക്കൂർ കൊണ്ടു കണ്ണൂരിലെത്തേണ്ട അത്യാവശ്യമുള്ളവർക്കു മാത്രമേ അത് ഉപകരിക്കൂ. അതിനു വേണ്ടി സംസ്ഥാനം ഒന്നേകാൽ ലക്ഷം കോടി രൂപയുടെ കടബാധ്യത സാധാരണക്കാരിൽ അടിച്ചേൽപിക്കേണ്ടതുണ്ടോ?

മാത്രമല്ല, ഇത്ര വലിയ ചിലവിൽ നിർ‌മിക്കുന്ന അതിവേഗ പാതയിൽ യാത്രക്കൂലിയും വളരെ കൂടുതലായിരിക്കും. മിക്കവാറും വിമാനക്കൂലിയേക്കാൾ പല മടങ്ങു വരും. അത്ര ഉയർന്ന തുകയ്ക്കു ടിക്കറ്റെടുക്കാൻ തയാറുള്ളവർ വിമാനത്തിൽ തന്നെ യാത്ര ചെയ്യട്ടെ. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും മംഗലാപുരത്തും നിലവിൽ വിമാനത്താവളമുണ്ടല്ലോ. കണ്ണൂരിലും വിമാനത്താവളം വൈകാതെ പ്രവർത്തനം തുടങ്ങും – അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. 

രണ്ടു വരി ലോക്കലിന്, രണ്ടു വരി ഹൈ സ്പീഡിന്

നാലുവരി റെയിൽപാത കേരളത്തിലെ ദീർഘദൂര യാത്രക്കാർക്കും ഹ്രസ്വദൂര യാത്രക്കാർക്കും ഒരു പോലെ പ്രയോജനപ്പെടുമെന്നു പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. രണ്ടു വരി ദീർഘദൂര ട്രെയിനുകൾക്കും ചരക്കുവണ്ടികൾക്കും മാത്രമായി മാറ്റിവയ്ക്കാം. രണ്ടു വരി മെമു ഉപയോഗിച്ചുള്ള ഹ്രസ്വദൂര സർവീസുകൾക്ക് ഉപയോഗിക്കാം. ഹ്രസ്വദൂര യാത്രക്കാർക്കു വേണ്ടി ഇടതടവില്ലാതെ മെമു വണ്ടികൾ ഏർപ്പെടുത്തിയാൽ ദീർഘദൂര വണ്ടികൾക്കു സ്റ്റോപ്പ് ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമാക്കാം. അത്തരം വണ്ടികളുടെ വേഗം കൂടാനും അതു സഹായിക്കും.

മണിക്കൂറിൽ 150–200 കിലോമീറ്റർ വേഗത്തിലോടുന്ന ‘അർധ അതിവേഗ’ സെമി ഹൈ സ്പീഡ് ട്രെയിനുകൾക്കും അതിലൂടെ സർവീസ് നടത്താം – കൃഷ്ണകുമാർ പറയുന്നു. നിലവിലുള്ള പാതയിലെ ചില കയറ്റിറക്കങ്ങളും വളവുതിരിവുകളും സാങ്കേതികമായി പരിഹരിച്ചാൽ കേരളത്തിന്റെ റെയിൽ ആവശ്യത്തിനു മറ്റു വഴികളൊന്നും വേണ്ടിവരില്ല.

related stories