Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടണൽ തകർന്ന് 200 മരണം; ഹൈഡ്രജൻ ബോംബ് ‘ആദ്യ പണി’ കൊടുത്തത് ഉത്തരകൊറിയയ്ക്ക്?

Kim-Jong-Un

ടോക്കിയോ ∙ ഉത്തരകൊറിയ ആറാം ആണവപരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ പരീക്ഷണസ്ഥലത്തെ ടണൽ തകർന്നുവീണ് ഇരുനൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കിൽജു പട്ടണത്തിലെ പുങ്‌ഗിയേ–റിക്കു സമീപം സെപ്റ്റംബർ ആദ്യവാരമാണു സംഭവം. രാജ്യാന്തര തലത്തിൽ ഞെട്ടലുളവാക്കിയ സെപ്റ്റംബർ മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനു പിന്നാലെയായിരുന്നു ഇത്. ജപ്പാൻ തലസ്ഥാനമായ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസാഹി ടിവിയാണു പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഉത്തരകൊറിയൻ അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ടണലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് ആദ്യം അപകടമുണ്ടായതെന്നാണു വെളിപ്പെടുത്തൽ. ഈ സമയത്ത് നൂറോളം പേർ ടണലിലുണ്ടായിരുന്നു. പിന്നീട് രക്ഷാപ്രവർത്തനം നടക്കുന്ന സമയത്ത് ടണലിന്റെ മറ്റൊരു ഭാഗംകൂടി അടർന്നുവീഴുകയായിരുന്നു. ഇതോടെയാണ് മരണസംഖ്യ 200 കടന്നത്. അതിശക്തമായ ഹൈഡ്രജൻ ബോംബ് പരീക്ഷണമാണ് ടണലിന്റെ തകർച്ചയിലേക്കും ഇരുനൂറിലധികം പേരുടെ ദാരുണാന്ത്യത്തിലേക്കും നയിച്ചതെന്ന് ടിവി ആസാഹി റിപ്പോർട്ട് ചെയ്തു.

ഉത്തരകൊറിയയുടെ തുടർ പരീക്ഷണങ്ങൾ നിമിത്തം മലകൾപോലും ഇടിഞ്ഞുവീണേക്കാമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. ചൈനീസ് അതിർത്തിയോടു ചേർന്ന് റേഡിയേഷനുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. 2006നു ശേഷം ഈ മേഖലയിൽ നടത്തിയ ആറാമത്തെ അതീവശക്തിയുള്ള പരീക്ഷണമായിരുന്നു സെപ്റ്റംബർ മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീക്ഷണം.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ബോംബർ വിമാനങ്ങൾ വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിന്റെ (15 കിലോ ടൺ) എട്ടിരട്ടി (120 കിലോ ടൺ) സംഹാരശേഷിയുള്ളതായിരുന്നു ഈ പരീക്ഷണമെന്നു യൂറോപ്പിലെ ഭൂചലന വിദഗ്ധർ വിലയിരുത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളിൽ സ്ഫോടനം 6.3 തീവ്രത രേഖപ്പെടുത്തി. പരീക്ഷണം നടന്ന സ്ഥലത്തു വൻതോതിൽ മണ്ണിടിച്ചിലുണ്ടായതായി ഇവിടെനിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. ഹൈഡ്രജൻ പരീക്ഷണത്തിനു പിന്നാലെ ഈ മേഖലയിൽ നാലിലധികം തവണ ചെറുതും വലുതുമായ ഭൂചലനങ്ങളുമുണ്ടായി.

അതേസമയം, ഇത്തരം വൻകിട അപകടങ്ങൾ സംഭവിച്ചാൽ അതു സമ്മതിക്കുന്ന പതിവ് ഉത്തരകൊറിയയ്ക്കില്ല. പ്രത്യേകിച്ചും അവരുടെ ആണവ പരിപാടികളുമായി ബന്ധപ്പെട്ടുള്ള അപകടങ്ങൾ. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എന്താണ് ഹൈഡ്രജൻ ബോംബ് ?

സാധാരണ അണുബോംബുകൾ അണു വിഘടനത്തിലൂടെ സ്ഫോടനം നടത്തുമ്പോൾ അണുസംയോജനത്തിലൂടെയാണു ഹൈഡ്രജൻ ബോംബ് സ്ഫോടനം. പലമടങ്ങു ശക്തിയേറിയവയാണ് ഇവ, വലുപ്പം കുറവും. ആണവായുധങ്ങളിൽ ഏറ്റവും അപകടകാരിയാണു തെർമോ ന്യൂക്ലിയർ ബോംബ് അഥവാ ഹൈഡ്രജൻ ബോംബ്.

ഹൈഡ്രജൻ ഐസോടോപ്പുകളായ ഡ്യൂട്ടീരിയം, ട്രീഷിയം എന്നിവയുടെ സംയോജനത്തിലൂടെയാണ് (ന്യൂക്ലിയർ ഫ്യൂഷൻ) ബോംബിന്റെ പ്രവർത്തനം. ഇന്നുവരെ പരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും മാരകമായ ബോംബ് പഴയ യുഎസ്എസ്ആർ (റഷ്യ) നിർമിച്ച ആർഡിഎസ് 220 ഹൈഡ്രജൻ ബോംബാണ്. സ്ഫോടനശേഷി 50 മെഗാടൺ (500 ലക്ഷം ടൺ).