Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ സന്ദർശനം; മിസൈൽ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നെന്നു റിപ്പോർട്ട്

Donald Trump, Kim Jong Un

സോൾ∙ മറ്റൊരു മിസൈൽ പരീക്ഷണത്തിന് ഉത്തര കൊറിയ തയാറെടുക്കുകയാണെന്നു രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചു ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി അറിയിച്ചു. പ്യോങ്യാങ്ങിലെ മിസൈൽ ഗവേഷണ കേന്ദ്രത്തിൽ അടുത്തിടെ ധാരാളം വാഹനങ്ങൾ വന്നുപോയതാണു സംശയത്തിനു കാരണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദർശിക്കാനിരിക്കെയാണ് ഈ വാർത്ത പുറത്തുവരുന്നത്.

ജൂലൈയിൽ രണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ വിക്ഷേപിച്ചിരുന്നു. ഈ മിസൈലുകൾക്ക് യുഎസിന്റെ ഭൂപ്രദേശം വരെ എത്താനാകും. അമേരിക്കയ്ക്ക് ഒരു സമ്മാനമെന്നാണ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്‍ വിക്ഷേപണത്തെ വിശേഷിപ്പിച്ചത്. ഇതിനുപിന്നാലെ ജപ്പാനുമുകളിൽക്കൂടി രണ്ടു മിസൈലുകളും ഹൈഡ്രജൻ ബോംബ് പരീക്ഷണവും ഉത്തര കൊറിയ നടത്തി.

അടുത്ത ചൊവ്വാഴ്ചയാണ് ട്രംപ് ദക്ഷിണ കൊറിയയിൽ എത്തുന്നത്. ജപ്പാൻ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ ഏഷ്യൻ രാജ്യങ്ങളും ട്രംപ് സന്ദർശിക്കും. കൊറിയയിലെത്തുന്നതിനുപിന്നാലെ കിമ്മിനു ശക്തമായ സന്ദേശം നൽകാൻ ട്രംപ് മടിക്കില്ലെന്നാണു റിപ്പോർട്ട്.

അതേസമയം, ആറാം ആണവ പരീക്ഷണം മൂലം നിരവധിപ്പേർ കൊല്ലപ്പെട്ടെന്ന വാർത്ത ഉത്തര കൊറിയ തള്ളി. ജപ്പാൻ മാധ്യമമായ ടിവി അസാഹിയാണ് ആണവ പരീക്ഷണത്തെത്തുടർന്നു പരീക്ഷണശാല തകർന്നു നിരവധിപ്പേർ കൊല്ലപ്പെട്ടെന്ന വാർത്ത റിപ്പോർട്ട് ചെയ്തത്.