Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദായനികുതി പരിശോധന പോയസ് ഗാർഡനിലും; ശശികലയ്ക്കു മേൽ കുരുക്ക് മുറുകുന്നു

Poes Garden പോയസ് ഗാർഡനിലെ ജയലളിതയുടെ വസതിയായിരുന്ന ‘വേദനിലയം’ (ഫയൽ ചിത്രം)

ചെന്നൈ∙ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെയും കൂട്ടാളികളുടെയും മേൽ കുരുക്ക് മുറുക്കി ആദായനികുതി വകുപ്പ്. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നികുതി വകുപ്പ് ഉദ്യോഗസ്ഥർ തുടർന്നുവരുന്ന പരിശോധന ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയസ് ഗാർഡനിലേക്കും എത്തി.

സംഭവമറിഞ്ഞ് അണ്ണാഡിഎംകെ ദിനകര പക്ഷം പ്രവർത്തകർ കൂട്ടമായെത്തിയത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു ആദായനികുതി വകുപ്പിന്റെ 10 ഉദ്യോഗസ്ഥർ പോയസ് ഗാർഡനിലെ ജയലളിതയുടെ വസതിയായിരുന്ന ‘വേദനിലയ’ത്തിൽ എത്തിയത്. ഇവിടത്തെ ഓഫിസ് ബ്ലോക്കിലും റെക്കോർഡ്സ് റൂമിലുമായിരുന്നു പ്രധാന പരിശോധന.

ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പൂങ്കുണ്ട്റൻ ഉപയോഗിച്ച ഒന്നാം നിലയിലെ മുറിയിലും പരിശോധന നടത്തി. ജയലളിതയുടെ മരണ ശേഷം ശശികല ഉപയോഗിച്ച മുറിയിലുമുണ്ടായി പരിശോധന. എന്നാൽ പോയസ് ഗാർഡനിൽ മൊത്തമായുള്ള പരിശോധനയില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പരിശോധനയിൽ ലാപ്ടോപ് പിടിച്ചെടുത്തിട്ടുണ്ട്. കനത്ത പൊലീസ് കാവലിലായിരുന്നു പോയസ് ഗാർഡനിലെ പരിശോധന. സംഭവം അറിഞ്ഞെത്തിയ അണ്ണാഡിഎംകെ ദിനകര പക്ഷത്തെ പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇവർ പോയസ് ഗാർഡനിനു മുന്നിൽ കുത്തിയിരിപ്പു സമരവും നടത്തി. ശശികലയുടെ അനന്തരവനും ജയ ടിവി സിഇഒയുമായ വിവേക് ജയരാമൻ വേദനിലയത്തിലേക്കു പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയതിനെ തുടർന്നു കടത്തിവിട്ടു. 

കേന്ദ്രം ഒരു കുടുംബത്തെ മാത്രം ലക്ഷ്യവച്ചു നടപടി സ്വീകരിക്കുകയാണെന്നും കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയാണ് ഇതിനു പിന്നിലെന്നും ദിനകരപക്ഷം ആരോപിച്ചു. 

ജയ ടിവി ഓഫിസിലും അടുത്തിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ശശികലയുടെ ബന്ധുക്കളുടെയും സഹായികളുടെയുമെല്ലാം ഓഫിസുകളിലും വീടുകളിലും പരിശോധന തുടരുകയാണ്. ഒട്ടേറെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.

വിവിധ നഗരങ്ങളിലായി നവംബർ ഒൻപതു മുതൽ 13 വരെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 187ലേറെ ഇടങ്ങളിൽ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. 

അതിനിടെ, നികുതി വെട്ടിച്ച് ആഡംബര കാർ ഇറക്കുമതി ചെയ്ത കേസിൽ ശശികലയുടെ ഭർത്താവ് നടരാജൻ, അനന്തരവൻ വി.എൻ.ഭാസ്കരൻ എന്നിവരുൾപ്പെടെ നാലുപേർക്കു സാമ്പത്തിക കുറ്റകൃത്യ കോടതി വിധിച്ച രണ്ടു വർഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു. പ്രതികളെ എത്രയും വേഗം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും വിചാരണക്കോടതിയോടു നിർദേശിച്ചു.

അണ്ണാ ഡിഎംകെ വിമത നേതാവ് ടി.ടി.വി.ദിനകരന്റെ സഹോദരനാണു ഭാസ്കരൻ. അനധികൃത സ്വത്തു കേസിൽ ഇയാൾക്കും ഭാര്യയ്ക്കും സിബിഐ കോടതി വിധിച്ച ശിക്ഷയും ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. 

ഭാസ്കരനു വിവാഹസമ്മാനമായാണു നടരാജൻ 1994ൽ ബ്രിട്ടനിൽനിന്നു കാർ ഇറക്കുമതി ചെയ്തത്. ഒരു വർഷം പഴയ കാറാണിതെന്നു കാട്ടാൻ വ്യാജ രേഖകൾ ചമച്ച് 1.06 കോടി രൂപയുടെ നികുതി വെട്ടിച്ചെന്നാണു കേസ്. കരളും വൃക്കയും മാറ്റിവച്ച നടരാജൻ ഇപ്പോൾ വിശ്രമത്തിലാണ്. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ജാമ്യത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.