Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് ഹാദിയ..? നീതിപീഠത്തിനു മുന്നിലേക്കു കേസ് എത്തിയ നാള്‍വഴി

Shafin-Jahan-Hadiya ഷഫീൻ ജഹാനും ഹാദിയയും

വൈക്കം ടിവി പുരം കാരാട്ട് വീട്ടില്‍ കെ.എം. അശോകന്റെ മകള്‍ അഖിലയാണു (24) മതംമാറി ഹാദിയയായത്. സേലത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഹോമിയോപ്പതി കോഴ്സിനു പഠിക്കുമ്പോഴാണു മതംമാറ്റം. സഹപാഠികളുടെ മതത്തില്‍ ആകൃഷ്ടയായാണു മതംമാറിയതെന്ന് അഖില എന്ന ഹാദിയ പറയുന്നത്.

നീതിപീഠത്തിനു മുന്നിലേക്കു ഹാദിയ എത്തിയ നാള്‍വഴി

∙ 2015 സെപ്റ്റംബര്‍ 10: മതംമാറ്റ നടപടികള്‍ തുടങ്ങുന്നു, അഭിഭാഷകനെക്കൊണ്ടു സത്യവാങ് മൂലം തയാറാക്കി.
∙ 2015 നവംബറില്‍ മാതാപിതാക്കള്‍ വിവരം അറിയുന്നു.

∙ 2016 ജനുവരി ഒന്നിനു വീട്ടില്‍നിന്നു കൂട്ടുകാരിയുടെ വീട്ടിലേക്കു ഹാദിയ താമസം മാറി.
∙ 2016 ജനുവരി ആറിനു മതാചാരപ്രകാരമുളള വസ്ത്രം ധരിച്ചു കോളജിലേത്തി. പിതാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
∙ 2016 ജനുവരി 11ന് അശോകന്റെ പരാതിയില്‍ കൂട്ടുകാരിയുടെ പിതാവ് അബൂബക്കര്‍ അറസ്റ്റിലായി.
∙ 2016 ജനുവരി 12ന് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി.

∙ 2016 ജനുവരി 18 അശോകന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാദിയയെ നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രസിഡന്റ് എ.എസ്. സൈനബ ഹൈക്കോടതിയില്‍ ഹാജരാക്കി. ഹാദിയ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചു, സൈനബയ്ക്കൊപ്പം ഹാദിയയെ വിട്ടു. മഞ്ചേരിയിലെ സത്യസരണിയില്‍ മതം പഠിക്കണമെന്ന ഹാദിയയുടെ അപേക്ഷ കോടതി അംഗീകരിച്ചു.
∙ 2016 ജനുവരി 21 മുതല്‍ മാര്‍ച്ച് 21 വരെ സത്യസരണയില്‍ മതപഠനം.
∙ 2016 ഓഗസ്റ്റ് 17 അശോകന്റെ പുതിയ ഹര്‍ജി, മകളെ സിറിയയിലേക്കു കടത്താന്‍ ശ്രമമെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
∙ 2016 ഓഗസ്റ്റ് 22 ഹാദിയയെ ഹൈക്കോടതി കൊച്ചിയില്‍ ഹോസ്റ്റലിലേക്കു മാറ്റി.

∙ 2016 ഓഗസ്റ്റ് 26 സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ചെന്ന സത്യവാങ്മൂലം ഹാദിയ കോടതിയില്‍ നല്‍കി. ‌
∙ 2016 ഡിസംബര്‍ 19നു ഹാദിയയെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ വിവാഹം ചെയ്യുന്നു.
∙ 2016 ഡിസംബര്‍ 21ന് ഷഫിന്‍ ജഹാനൊപ്പം ഹൈക്കോടതിയില്‍. വിവാഹം അംഗീകരിക്കാതിരുന്ന കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചു ഹാദിയയെ കാണുന്നതിനു വിലക്കുമേര്‍പ്പെടുത്തി.

∙ 2017 മേയ് 24 ഷഫിന്‍ ജഹാനുമായുളള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കുന്നു. നിർബന്ധിച്ചു മതം മാറ്റിയെന്ന അഖിലയുടെ പിതാവ് കെ.എം. അശോകന്റെ ഹേബിയസ് കോര്‍പസ് ഹർജിയിലാണു വിധി. ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുന്നു, മേയ് 24 മുതല്‍ സായുധ പൊലീസിന്റെ കാവലില്‍.
∙ 2017 ജൂലൈ 5: ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍. വീട്ടുതടങ്കലിലുള്ള യുവതിയെ സുപ്രീം കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യം.
∙ 2017 ഓഗസ്റ്റ് 4: ‌എൻഐഎയ്ക്കും സംസ്‌ഥാന സർക്കാരിനും സുപ്രീം കോ‍ടതി നോട്ടിസ്. മതംമാറ്റം സാധൂകരിക്കുന്ന രേഖ ഹാജരാക്കാന്‍ അശോകനു നിര്‍ദേശം. ചീഫ് ജസ്‌റ്റിസ് ജെ.എസ്. കേഹാർ, ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി.

∙ 2017 ഓഗസ്റ്റ് 10: ഹാദിയ - ഷഫിന്‍ ജഹാന്‍ വിവാഹത്തിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്കു കൈമാറാന്‍ കേരള പൊലീസിനു സുപ്രീം കോടതി നിര്‍ദേശം.
∙ 2017 ഓഗസ്റ്റ് 16: ഹാദിയ - ഷഫിന്‍ ജഹാന്‍ വിവാഹത്തിന്റെ വിഷയം എന്‍ഐഎ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി മുൻ ജഡ്ജി ആർ.വി. രവീന്ദ്രനെ മേൽനോട്ടത്തിനായി കോടതി നിയോഗിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി താല്‍പര്യപ്രകാരമായിരുന്നു തീരുമാനം.
∙ 2017 ഓഗസ്റ്റ് 19: എന്‍ഐഎ കൊച്ചി കോടതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മലപ്പുറം സ്വദേശി ചെറക്കപ്പറമ്പ് അബൂബക്കറായിരുന്നു കേസിലെ പ്രതി. കൂട്ടുകാരി ജസീനയുടെ പിതാവായ അബൂബക്കർ മതം മാറാൻ അഖിലയെ പ്രലോഭിപ്പിച്ചെന്നാണ് അശോകന്റെ പരാതി.

∙ 2017 ഓഗസ്റ്റ് 30: മേൽനോട്ട ചുമതലയിൽനിന്നു മുൻ സുപ്രീം കോടതി ജഡ്ജി ആർ.വി. രവീന്ദ്രൻ പിന്മാറി.
∙ 2017 സെപ്റ്റംബര്‍ 16: എന്‍ഐഎ അന്വേഷണം പിന്‍വലിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും വീണ്ടും ഷഫിന്‍ ജഹാന്‍റെ ഹര്‍ജി.
∙ 2017 ഒക്ടോബര്‍ 3: കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. പ്രായപൂർത്തിവിവാഹം അസാധുവാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ? എൻഐഎ അന്വേഷണത്തിനു നിർദേശിച്ച ഉത്തരവു ശരിയോ?

∙ 2017 ഒക്ടോബര്‍ 7: എന്‍ഐഎ അന്വേഷണം വേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം.
∙ 2017 ഒക്ടോബര്‍ 9: ഹൈക്കോടതിക്കു വിവാഹം റദ്ദാക്കാൻ അധികാരമില്ലെന്നു വാക്കാൽ സുപ്രീം കോടതി. യുവതിക്കു മാനസിക പ്രശ്നങ്ങളില്ലെങ്കില്‍ പിതാവിന്റെ കസ്റ്റഡിയില്‍ വയ്ക്കാനാകില്ല.
∙ 2017 ഒക്ടോബര്‍ 30: നവംബര്‍ 27നു ഹാദിയയെ ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവ്.
∙ 2017 നവംബർ 27: അഖില കോടതിയിൽ ഹാജരായി.

related stories