Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിക്കു വിശ്രമം; ലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് നായകൻ

Rohit Sharma

ന്യൂ‍ഡൽഹി ∙ വിശ്രമം നല്‍കാത്ത മൽസരക്രമത്തെക്കുറിച്ച് പരാതിപ്പെട്ട ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ ഒഴിവാക്കി ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിന് ധരംശാലയിൽ ആരംഭിക്കുന്ന മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കോഹ്‍ലിയുടെ അഭാവത്തിൽ ഓപ്പണർ രോഹിത് ശർമയാകും ടീമിനെ നയിക്കുക. ബോളർ സിദ്ധാർഥ് കൗളാണ് ടീമിലെ ഏക പുതുമുഖം. വിരാട് കോഹ്‍ലിക്കു പകരം പാതി മലയാളിയായ ശ്രേയസ് അയ്യർ ഏകദിന ടീമിൽ ഇടം നേടി.

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ രണ്ടാം ടെസ്റ്റിൽനിന്ന് വിട്ടുനിന്ന ഓപ്പണർ ശിഖർ ധവാൻ ടീമിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ മൂന്നാം ടെസ്റ്റിനുള്ള ഓപ്പണിങ് സഖ്യത്തെ തിരഞ്ഞെടുക്കുന്നത് ടീമിന് തലവേദനയാകുമെന്ന് ഉറപ്പായി. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 94 റൺസ് നേടിയ ശേഷമാണ് ധവാൻ ടീമിൽനിന്ന് വിട്ടുനിന്നത്. പകരമെത്തിയ മുരളി വിജയ് ആകട്ടെ രണ്ടാം ടെസ്റ്റിൽ സെഞ്ചുറി നേടുകയും ചെയ്തു.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് മുതൽ വിശ്രമമില്ലാതെ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിട്ടുള്ള കോഹ്‍ലി, സങ്കീർണമായ മൽസരക്രമത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കു മുൻപ് കോഹ്‍ലിക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചത്.

മൂന്നാം ടെസ്റ്റിനുള്ള ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, വിജയ് ശങ്കർ

ഏകദിന പരമ്പരയ്ക്കുള്ള ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ

related stories