Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാൻ കടലിലേക്ക് വീണ്ടും മിസൈൽ; പ്രകോപനം തുടർന്ന് ഉത്തര കൊറിയ

Kim-Jong-Un ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മിസൈൽ പരീക്ഷണം വീക്ഷിക്കുന്നതിന്റെ ഫയൽ ചിത്രം.

സോൾ ∙ ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ ഇന്നലെ അർധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ജപ്പാന്റെ അധീനതയിലുള്ള കടലിൽ പതിച്ചതായി റിപ്പോർട്ട്. അൻപതു മിനിട്ട് പറന്ന മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. സ്ഥിതിഗതികൾ വിലയിരുത്താൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി.

ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് ആണ് മിസൈൽ വിക്ഷേപണ വാർത്ത ആദ്യം പുറത്തുവിട്ടത്. തുടർന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവച്ചു. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്സോങ്ങിൽനിന്നാണ് മിസൈൽ പ്രയോഗിച്ചത്. ഇതിനു മറുപടിയെന്നോണം ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈൽ തൊടുത്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നു യുഎസ് കരുതുന്നു.

ഏതാനും ദിവസങ്ങൾക്കകം ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു നൽകിയതിനു തൊട്ടുപിന്നാലെയാണിത്. കൊറിയ മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നൽകുന്ന റേഡിയോ സിഗ്നലുകൾ ലഭിച്ചതായി ജപ്പാനും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബറിൽ ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈൽ പറത്തിയിരുന്നു.