Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവീസിനായി ആധാർ നിർബന്ധമാക്കി ഇന്റർനെറ്റ് കമ്പനികളും

Aadhaar

ബെംഗളൂരു∙ ആധാർ നമ്പർ നൽകിയാൽ മാത്രമേ സർവീസുകൾ ലഭ്യമാക്കുകയുള്ളൂവെന്ന് ഇന്റർനെറ്റ് കമ്പനികൾ. ആമസോൺ, സൂംകാർ, പേടിഎം കമ്പനികളാണ് ആധാർ നമ്പർ നിർബന്ധമാക്കിയത്. ലോസ്റ്റ് പാക്കേജുകൾ കണ്ടെത്താൻ ആധാർ നമ്പർ വേണമെന്ന് ആമസോൺ അറിയിച്ചു. അതേസമയം, ബെംഗളൂരു ആസ്ഥാന കമ്പനിയായ കാർ വാടകയ്ക്കു നൽകുന്ന ‘സൂംകാർ’ തിരിച്ചറിയൽ രേഖയായി ആധാർ നൽകിയില്ലെങ്കിൽ ബുക്കിങ് എടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സർക്കാർ തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടാറുണ്ട്. വ്യാപകമായി ഉപയോഗിക്കുന്നത് ആധാർ കാർഡായതിനാൽ ഞങ്ങളും അതിനാണു മുൻഗണന നൽകുന്നതെന്ന് ആമസോൺ ഇന്ത്യ വക്താവ് പറഞ്ഞു. എന്നാൽ ആധാർ കാർഡ് നൽകാതെയും ബുക്കിങ് നടത്താം. ഉപഭോക്താക്കൾക്കു മികച്ച പരിഗണന നൽകുന്നതിനാൽ ആധാറില്ലെങ്കിലും അവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആമസോൺ പ്രവർത്തനം നടത്തും – വക്താവ് കൂട്ടിച്ചേർത്തു.

എന്നാൽ വാഹന ബുക്കിങ്ങിന് ‘സൂംകാർ’ കമ്പനി ആധാർ നിർബന്ധമാക്കി. ആധാറില്ലെങ്കിൽ ഉത്തരേന്ത്യയിലും വിജവാഡയിലുമുള്ളവർക്ക് ‘സൂംകാർ’ വഴി വാഹനം ബുക്ക് ചെയ്യാൻ സാധിക്കില്ല. ജൂണിലാണ് ഇവർ ആധാർ നിർബന്ധമാക്കാൻ ആരംഭിച്ചത്. പിന്നീട് ഇത് രാജ്യവ്യാപകമാക്കുകയായിരുന്നു. എപിഐ ഏകീകരണത്തിന് മികച്ച സഹായം നൽകുന്നത് ആധാറാണ്. ബാങ്ക് അക്കൗണ്ടുകളുമായി പുതിയ രേഖകളും ബന്ധത്തിലാകും. ആധാർ കാർഡുണ്ടെങ്കിൽ കെവൈസി പെട്ടെന്ന് നടപ്പാക്കാനാകുമെന്നും സൂംകാർ വക്താവ് അറിയിച്ചു. 2013ൽ പ്രവർത്തനം ആരംഭിച്ച കമ്പനി 15 നഗരങ്ങളിലാണ് പ്രവർത്തിക്കുന്നത്.

മൊബൈൽ വാലറ്റായ പേടിഎമ്മും ആധാർ വിവരങ്ങൾ ലിങ്ക് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാലറ്റിന്റെ സുഗമമായ ഉപയോഗത്തിനാണിത്. ഓൺലൈൻ വാഹനസർവീസുകളായ ഊബർ, ഓല എന്നിവയും ആധാർ നിർബന്ധമാക്കുന്നതിനുള്ള നടപടികൾ തുടർന്നു വരികയാണ്. നിലവിൽ സർക്കാർ സബ്സിഡി, ബാങ്ക് അക്കൗണ്ട്, ഫോൺ കണക്‌ഷൻ തുടങ്ങിയവയ്ക്കാണ് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. ഈ വർഷം അവസാനത്തിനകം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാണു നിർദേശം.