Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: ഇനിയും തീരമണയാതെ 140 പേർ; ഇന്ന് കനത്ത കാറ്റിന് സാധ്യത

Ockhi1

തിരുവനന്തപുരം∙ കേരളത്തിന്റെ തീരപ്രദേശത്ത് ആധി ഒഴിയുന്നില്ല. ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തു നാശംവിതച്ചു കടന്നുപോയി മൂന്നുനാൾ പിന്നിട്ടിട്ടും കടലിൽനിന്നു മടങ്ങിയെത്താതെ 140 പേർ. ശനിയാഴ്ച മാത്രം എട്ടുപേർ മരിച്ചു. ഇതോടെ കേരളത്തിൽ ചുഴലിക്കാറ്റു മൂലമുള്ള ആകെ മരണം 15 ആയി. തമിഴ്നാട്ടിൽ മരണം ഒൻപതായി.

തീരരക്ഷാ സേനയും നാവിക സേനയും തുടരുന്ന തിരച്ചിലിൽ 15 പേരെ രക്ഷിക്കാനായി. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണം നിലനിൽക്കേ, മരിച്ചവരുടെയും തിരിച്ചെത്താനുള്ളവരുടെയും കണക്കു പോലും തിട്ടപ്പെടുത്താൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തു മാത്രം 110 പേരെ കാണാതായിട്ടുണ്ടെന്നാണു ലത്തീൻ അതിരൂപതയുടെ കണക്ക്.

തിരുവനന്തപുരത്ത് അഞ്ചുപേരുടെ മൃതദേഹം കരയ്ക്കെത്തിച്ചു. ‌‌‌ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂരിൽ ആയിക്കര കടപ്പുറത്തു ഹൈമാസ്റ്റ് വിളക്കിന്റെ ഭാഗം കാറ്റിൽ പൊട്ടിവീണു മത്സ്യത്തൊഴിലാളി തയ്യിൽ സ്വദേശി പവിത്രൻ (55), എറണാകുളം ജില്ലയിലെ ചെല്ലാനത്തു കടൽ ഇരച്ചുകയറിയുണ്ടായ വെള്ളക്കുഴിയിൽ വീണ ജോസഫ് റെക്സൻ (40), കൊല്ലം തെന്മലയിൽ കഴിഞ്ഞദിവസത്തെ കാറ്റിൽ മരം വീണു ചികിൽസയിലായിരുന്ന രാജീവ് (40) എന്നിവർ ഇന്നലെ മരിച്ചു.

Boat capsizes in Kasargod കാസർകോട് നീലേശ്വരത്തു മുങ്ങിയ ബോട്ടിൽനിന്നു കാണാതായ ആൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നു. ചിത്രം: രാഹുൽ ആർ. പട്ടം

തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ഏഴു മൃതദേഹങ്ങളിൽ ഒന്ന് തൂത്തുക്കുടി സ്വദേശി ജൂഡ് (42) ആണെന്നു തിരിച്ചറിഞ്ഞു. മറ്റുള്ളവർ ആരെന്നറിയാൻ ചിത്രങ്ങളുമായി പൊലീസ് തീരമേഖലയിലെ കുടുംബങ്ങളിലെത്തും.

10 ലക്ഷം നഷ്ടപരിഹാരം

ചുഴലിക്കാറ്റ് ദുരന്തത്തിൽപ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്കു കൂടുതൽ തുക ലഭിക്കും. ബോട്ടും ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്കു ധനസഹായം നൽകും. ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ട് പ്രകാരമാകും തുക നിശ്ചയിക്കുക.

Cyclone Ockhi hits കാണാതായ മൽസ്യത്തൊഴിലാളികൾക്കു വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ റോഡ് ഉപരോധിച്ചപ്പോൾ

ബോട്ടുകൾ മുംബൈയിലും ലക്ഷദ്വീപിലും

കേരളത്തിൽനിന്നുള്ള 66 ബോട്ടുകളും തമിഴ്നാട്ടിലെ രണ്ടു ബോട്ടുകളും മഹാരാഷ്ട്രയിലെ സിന്ധുദുർഗ് തീരത്തെത്തി. ബോട്ടുകളിലെ 952 മൽസ്യത്തൊഴിലാളികളും സുരക്ഷിതർ. കേരളതീരത്തുനിന്നുള്ള 10 മൽസ്യ ബന്ധനബോട്ടുകൾ ചുഴലിക്കാറ്റിൽ വഴിതെറ്റി ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിലെത്തി. ബോട്ടിലുണ്ടായിരുന്ന 120 മൽസ്യ തൊഴിലാളികൾ സുരക്ഷിതരാണ്. ഇവരെ ക്യാംപുകളിലേക്കുമാറ്റി.

കാറ്റു തുടരും; കടലിൽ പോകരുത്

∙ സംസ്ഥാനത്തെ തീരമേഖലയിൽ ഇന്നു വൈകിട്ടു വരെ 65 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശും. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ചില സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത
∙ ആൻഡമാനു സമീപം രൂപപ്പെട്ട പുതിയ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കുമെന്നു കാലാവസ്ഥാ പ്രവചനം.

Ockhi Cyclone ക‍ടലിൽനിന്ന് രക്ഷിച്ചവരെ കരയിലെത്തിച്ചപ്പോൾ

വിപുലമായ രക്ഷാപ്രവർത്തനം

Pinarayi-Vijayan1 ഓഖി ചുഴലിക്കാറ്റും കടൽക്ഷോഭവും നാശം വിതച്ച പ്രദേശങ്ങളിലെ രക്ഷാപ്രർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കോസ്റ്റ്ഗാർഡ് അഡീഷനൽ ഡയറക്ടർ ജനറൽ കെ.നടരാജൻ, കേരള കമാൻഡർ നീരജ് തിവാരി എന്നിവർ വിവരങ്ങൾ പങ്കുവയ്ക്കുന്നു. ചിത്രം: ഫെയ്സ്ബുക്

നേവിയുടെയും എയര്‍ഫോഴ്‌സിന്റേയും സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം. മര്‍ച്ചന്റ് ഷിപ്പുകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാൻ നിര്‍ദേശമുണ്ട്.

∙ തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.
∙ രക്ഷാപ്രവര്‍ത്തന ഏകീകരണവും രക്ഷപെട്ടവരുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും കണ്‍ട്രോള്‍ റൂം വഴി.
∙ നാവികസേനയുടെ ഷാര്‍ധൂ, നിരീക്ഷക്, കബ്രാ, കല്‍പേനി കപ്പലുകള്‍ സജീവമായി രംഗത്ത്.
∙ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും ഇവരുമായി ഏകോപിപ്പിച്ചു.
∙ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാര്‍, പൊഴിയൂര്‍, പുതിയതുറ, തുമ്പ, കുളച്ചല്‍, കൊല്ലം ജില്ലയിലെ പരവൂര്‍, തങ്കശ്ശേരി, നീണ്ടകര, മയ്യനാട്, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍.
∙ മറ്റ് ജില്ലകളിലെ തീരപ്രദേശങ്ങളെ കേന്ദ്രീകരിച്ചും വേണമെങ്കിൽ ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തും.

Ockhi Cyclone

നാവികസേനയുടെ അഞ്ച് യുദ്ധക്കപ്പലുകൾ

ഒാഖി ചുഴലിക്കാറ്റിന്റെ കെടുതികൾ നേരിടുന്നതിനു നാവികസേനയുടെ അഞ്ചു യുദ്ധക്കപ്പലുകളുടെ നേതൃത്വത്തിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ കാർവെ പറഞ്ഞു. ഇതിനു പുറമേ, രണ്ടു കപ്പലുകൾ ലക്ഷദ്വീപിലേക്കും പുറപ്പെട്ടു. കുടിവെള്ളം, ബ്ലാങ്കറ്റുകൾ, ഔഷധങ്ങൾ, ഭക്ഷണം, രക്ഷാ ബോട്ടുകൾ എന്നിവയെല്ലാം നാവികസേനയുടെ കപ്പലിലുണ്ട്. അത്യന്തം പ്രക്ഷുബ്ധമായ കടലിൽ അതിശക്തമായ കാറ്റും പടുകൂറ്റൻ തിരമാലകളും ഉൾപ്പെടെയുള്ള പ്രതികൂലകാലാവസ്ഥയെ അതിജീവിച്ചാണു സേന രക്ഷാദൗത്യം നിർവഹിക്കുന്നത്.

related stories