Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്ഘട്ടിൽ ‘സംഭാവനപ്പെട്ടി’; രാഷ്ട്രപിതാവിനെ അപമാനിക്കരുതെന്ന് കോടതി

Rajghat Hazare 2011ൽ അണ്ണാ ഹസാരെ രാജ്ഘട്ട് സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ ‘സംഭാവനപ്പെട്ടി’ സ്ഥാപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി ഡൽഹി ഹൈക്കോടതി. രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമാണ് ഇതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സമാധിസ്മാരകം കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ആരാണ് സംഭാവനപ്പെട്ടി സ്ഥാപിക്കാൻ തീരുമാനമെടുത്തതെന്നും അതിൽ നിന്നു ലഭിക്കുന്ന പണം എവിടേക്കാണു പോകുന്നതെന്നും അറിയിക്കണമെന്ന് കോടതി രാജ്ഘട്ട് സമാധി സമിതിയോട് ആവശ്യപ്പെട്ടു. സമിതിക്കാണ് ഗാന്ധിസമാധി സ്മാരകത്തിന്റെ സംരക്ഷണ ചുമതല. മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജൻ സേവക് സംഘിന് ആണ് സംഭാവനപ്പെട്ടിയിൽ നിന്നുള്ള പണം ലഭിക്കുന്നത്. ഇവർ തന്നെയാണ് പെട്ടി സ്ഥാപിച്ചതെന്നും കൗൺസൽ ഫോർ സെൻട്രൽ പബ്ലിക് വർക്സ് ഡിപാർട്മെന്റ് അറിയിച്ചു. തുടർന്ന് ഗാന്ധിസമാധിയിൽ സംഭാവനപ്പെട്ടി വയ്ക്കരുതെന്ന് കോടതി നിർദേശിക്കുകയായിരുന്നു.

‘ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഗാന്ധിസമാധിയിലേക്കെത്തുന്ന സന്ദർശകർക്കു മുന്നിൽ ഇങ്ങനെയാണോ രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കേണ്ടത്? സമാധിസ്മാരം എല്ലാ ബഹുമാനവും അർഹിക്കുന്ന ഇടമാണ്. ബന്ധപ്പെട്ട അധികൃതർ ഇത് കൃത്യമായി സംരക്ഷിക്കുകയും വേണം’– കോടതി പറഞ്ഞു.

രാജ്ഘട്ടിലെ സന്ദർശകർക്ക് എന്തെല്ലാം സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എത്രയും പെട്ടെന്നു നടപടിയുണ്ടാകണമെന്നാണ് രാജ്ഘട്ട് സമാധി സമിതി സെക്രട്ടറിയോട് ഉത്തരവിട്ടിരിക്കുന്നത്. ഹർജിയിൽ വരുന്ന ജനുവരി 30നു വീണ്ടും വാദം കേൾക്കും. അതിനു മുൻപ് നടപടിറിപ്പോർട്ട് സമർപ്പിക്കാനാണു കോടതി നിർദേശം. 

സ്മാരകത്തിന്റെ അവസ്ഥ സംബന്ധിച്ച് നഗരവികസന മന്ത്രാലയത്തെയും സമിതിയെയും അറിയിച്ചെങ്കിലും നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് ശ്യാം നാരായൺ എന്ന വ്യക്തി കോടതിയെ സമീപിച്ചത്. സമാധിയുടെ പ്രവേശന കവാടത്തിൽ നിറയെ മുറുക്കാൻ തുപ്പിയ പാടുകളായിരുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.

തറ പലയിടത്തും പൊട്ടിപ്പൊളിഞ്ഞു. സമാധിയിലെ വെളുത്ത മാർബിൾ‌ വൃത്തിയാക്കാത്തതിനെത്തുടർന്ന് കറുപ്പുനിറമായി. സന്ദർശകർക്കായുള്ള പരവതാനിയും മോശം അവസ്ഥയിലാണ്. രണ്ട് ശുചിമുറികളുടെയും അവസ്ഥ പരിതാപകരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2014ലും 2015ലും 2016ലും സമാധി സന്ദർശിച്ചപ്പോൾ കണ്ട മോശം അവസ്ഥ ചിത്രങ്ങൾ സഹിതമാണു കോടതിയിൽ സമർപ്പിച്ചത്.