Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാര്‍ട്ടപ്പുകള്‍ ഉപഭോക്താക്കളുടെ ജീവിതം അനായാസമാക്കണം: രാംചരണ്‍

ram-charan രാംചരണ്‍

തിരുവനന്തപുരം∙ സാധാരണ ഉപഭോക്താവിന്റെ ജീവിതം എങ്ങനെ അനായാസമാക്കാമെന്നു സ്റ്റാര്‍ട്ടപ്പുകള്‍ നിരന്തരം ചിന്തിക്കേണ്ടതാണെന്നു പ്രമുഖ ബിസിനസ് ഉപദേഷ്ടാവും മാനേജ്‌മെന്റ് വിദഗ്ധനുമായ രാംചരണ്‍. പുതിയ ആശയങ്ങള്‍ കണ്ടെത്തി, സ്റ്റാര്‍ട്ടപ്പുകള്‍ സാങ്കേതിക മാറ്റങ്ങള്‍ക്ക് ഒരു പടി മുന്നില്‍ നീങ്ങുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഐടി കമ്പനി, യുഎസ്ടി ഗ്ലോബലിന്റെ ത്രിദിന ഗ്ലോബല്‍ ഡവലപ്പര്‍ സമ്മേളനമായ 'ഡി3'-യില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തെ ഒന്നാംകിട കമ്പനികള്‍, സിഇഒമാര്‍, ബോര്‍ഡുകള്‍ എന്നിവയുമായി ബന്ധപ്പെട്ടു 35 വര്‍ഷത്തെ അനുഭവസമ്പത്തിനുടമയാണു രാംചരണ്‍.

കണ്ടെത്തലുകള്‍, നൂതനാശയങ്ങള്‍, വ്യവസായവല്‍ക്കരണം എന്നിവയാണു സ്റ്റാര്‍ട്ടപ്പുകള്‍ക്കു പ്രധാനം. സ്വയം സമര്‍പ്പണം നിങ്ങള്‍ക്ക് ആത്മവിശ്വാസം പകരും, പങ്കാളികളെ കണ്ടെത്തുന്നതും നിര്‍ണായകമാണ്. എന്താണു സ്വന്തം ഇഷ്ടമെന്നു തിരിച്ചറിഞ്ഞ് ആ ലക്ഷ്യത്തിനായി സ്വയം അര്‍പ്പിച്ചു പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നും രാംചരണ്‍ സമ്മേളനത്തില്‍ പങ്കാളികളായെത്തിയ സംരംഭകരോടു നിര്‍ദേശിച്ചു.

ഉപഭോക്താവിന്റെ ജീവിതത്തില്‍ നല്ല രീതിയിലുള്ള മാറ്റം കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനാണു സ്റ്റാര്‍ട്ടപ്പുകള്‍ ശ്രമിക്കേണ്ടത്. സംരംഭകര്‍ക്ക് ആത്മവിശ്വാസവും സമര്‍പ്പണവും ഭാവിയിലും ഉടനടിയുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുമാണു വേണ്ടത്.

ലോകത്ത് ഏറ്റവും വിജയം വരിച്ച സംരംഭകരായ ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്, സ്റ്റീവ് ജോബ്‌സ് എന്നിവര്‍ക്കു പൊതുവായുണ്ടായിരുന്നത്, ഏറ്റവും കടുത്ത പ്രതിസന്ധി എന്താണെന്നതു സൂക്ഷ്മമായി തിരിച്ചറിയാനുള്ള കഴിവായിരുന്നുവെന്നും അവരുടെ വിജയകഥകള്‍ പരാമര്‍ശിച്ചു രാംചരണ്‍ ചൂണ്ടിക്കാട്ടി. ഇവര്‍ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവരായിരുന്നില്ല. പക്ഷേ മനക്കരുത്തും സ്ഥിരതയുമുണ്ടായിരുന്നു. ഗൂഗിള്‍ ഇല്ലാതിരുന്ന കാലത്ത്, വന്‍കിട കമ്പനികളുടെ സിഇഒമാരുമായി നേരിട്ടു ബന്ധപ്പെടാനുള്ള ധൈര്യം അവര്‍ക്കുണ്ടായിരുന്നുവെന്നും രാംചരണ്‍ ചൂണ്ടിക്കാട്ടി.

വേഗത, സമര്‍പ്പണം, ആദ്യാവസാന പങ്കാളിത്തം, വഴക്കം എന്നിവ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടാകണം. യുഎസ്ടി ഗ്ലോബല്‍ മാറ്റങ്ങള്‍ക്കൊപ്പം നീങ്ങുന്നതില്‍ എന്നും മുന്നിലാണ്. സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ ശേഷി വര്‍ധിക്കുകയും വന്‍തോതില്‍ വളര്‍ച്ച സാധ്യമാവുകയും ചെയ്യും. സ്റ്റാര്‍ട്ടപ്പുകളെ ഉപഭോക്താക്കളിലേക്കെത്തിക്കുമ്പോള്‍ അവയുടെ വളര്‍ച്ചയും അതുവഴി സംഭവിക്കുകയാണ്. വിപണി കണ്ടെത്തുന്നതിലും സ്വന്തം ഇടം കണ്ടെത്തുന്നതിലുമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വെല്ലുവിളികളും അതിലൂടെ പരിഹരിക്കപ്പെടുന്നുവെന്നു രാംചരണ്‍ സംരംഭകരോടു പറഞ്ഞു.

സാങ്കേതികവിദ്യയുടെ പിന്തുണയോടെ 30 ലക്ഷം പേരുടെ ജീവിതത്തില്‍ മാറ്റം വരുത്തുകയെന്നതായിരുന്നു ആദ്യദിനം മുതലുള്ള യുഎസ്ടി ഗ്ലോബലിന്റെ ലക്ഷ്യമെന്ന് സിഇഒ സാജന്‍ പിള്ള പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തില്‍ ആശയങ്ങള്‍ക്കാണു ശക്തി. ആശയത്തിന്റെ ശക്തിക്കനുസരിച്ചാണു സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കുന്ന സ്വീകാര്യത. ആശയങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണമാണ് സ്റ്റാര്‍ട്ടപ്പുകളുടെ ജീവന്‍. നിങ്ങളുടെ ആശയങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങളും കാതോര്‍ക്കുന്നത്. പുതിയ ആശയങ്ങള്‍ക്കു മുന്നില്‍ തുറക്കാത്ത വാതിലുകളില്ല എന്നും സാജന്‍ പിള്ള പറഞ്ഞു.

ട്രാന്‍സഫര്‍മേറ്റീവ് ടെക്‌നോളജി സൊല്യൂഷന്‍സില്‍ ബൗദ്ധിക ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സൃഷ്ടിക്കാനുള്ള യുഎസ്ടി ഗ്ലോബലിന്റെ പരിശ്രമങ്ങളുടെ വേദിയാണ് 'ഡി3' സമ്മേളനം. ആഗോളപ്രശസ്തരായ പ്രഭാഷകരാണ് ഈ സമ്മേളനത്തിനെത്തുന്നത്.