Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി മോദിക്കെതിരായ പരാമർശം: മണിശങ്കർ അയ്യർക്ക് സസ്പെൻഷൻ

Mani Shankar Aiyar

ന്യൂഡൽഹി∙ പ്രധാനമന്ത്രി മോദിക്കെതിരെ മോശം പരാമർശം നടത്തിയതിനു കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഷൻ. പ്രധാനമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചതിനെ തുടർന്നാണ് നടപടി. പ്രസ്താവനയ്ക്കെതിരെ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മോദിയോട് മാപ്പുപറയണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം അവസാനിച്ചതിനിടെയാണ് കോൺഗ്രസിനെ വെട്ടിലാക്കി മണിശങ്കർ അയ്യരുടെ പ്രസ്താവനയെത്തിയത്. ഇതു വിവാദമായതോടെ ബിജെപിയും മോദിയുമാണ് ഇത്തരം മോശം വാക്കുകൾ ഉപയോഗിക്കുന്നതെന്നും പറഞ്ഞ് രാഹുൽ രംഗത്തെത്തി. ഇത്തരം പരാമർശങ്ങൾ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും മണിശങ്കർ അയ്യർ മാപ്പു പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മണിശങ്കർ അയ്യർ മാപ്പു പറയുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ അംബേദ്ക്കര്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഉദ്ഘാടനത്തിനിടെ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി നടത്തിയ പരമാര്‍ശങ്ങളാണ് വാക്പോരിന് തുടക്കം കുറിച്ചത്. അംബേദ്ക്കറിന്‍റെ പേരില്‍ വോട്ടു തേടിയവര്‍ അദ്ദേഹത്തെ മറന്നെന്നും രാജ്യത്തിനായുള്ള സേവനങ്ങളെ ഗൗനിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായി, അംബേദ്ക്കറുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണെന്നും ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കുന്ന വാക്കുകള്‍ മോദി ഉപയോഗിക്കരുതെന്നും മണിശങ്കര്‍ അയ്യരും പറഞ്ഞു.

പ്രസ്താവന കോൺഗ്രസിന്റെ സവർണാധിപത്യ മനോഭാവത്തിന്റെ തെളിവ്: കുമ്മനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ പ്രസ്താവന കോൺഗ്രസിന്റെ സവർണാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. നെഹ്റു കുടുംബത്തിന് വെളിയിൽനിന്നുള്ള ആൾ പ്രധാനമന്ത്രിയായത് അംഗീകരിക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. പാവങ്ങൾക്കും പിന്നാക്കക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നത് നീച പ്രവർത്തനമായാണ് കോൺഗ്രസ് കരുതുന്നത്. അതുകൊണ്ടാണ് പിന്നാക്കക്കാരനായ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്.

പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മോദിയുടെ പ്രവർത്തനം കോൺഗ്രസിനെ അസ്വസ്ഥമാക്കുകയാണ്. വികസന കാര്യങ്ങൾ ചർച്ചയാക്കാൻ കോൺഗ്രസിനു താത്പര്യം ഇല്ലാത്തതുകൊണ്ടാണ് തരംതാണ പ്രസ്താവന നടത്തുന്നത്. മണിശങ്കർ അയ്യരെ നിലയ്ക്ക് നിർത്തുന്നതിന് പകരം ബിജെപിയെ കുറ്റപ്പെടുത്തുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ അനുമതിയോടെയാണ് ഈ പ്രസ്താവനയെന്ന് ഇതോടെ തെളിഞ്ഞെന്നും കുമ്മനം ആരോപിച്ചു.

related stories