Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓഖി’ ചുഴലിക്കാറ്റ്: ലക്ഷദ്വീപിൽ കുടുങ്ങിയ 180 മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി

Cyclone Ockhi Rescue കടലിൽനിന്നു രക്ഷപ്പെടുത്തിയ മൽസ്യത്തൊഴിലാളികളുമായി അധികൃതർ സംസാരിക്കുന്നു. ചിത്രം: റോബർട്ട് വിനോദ്.

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റിൽപ്പെട്ട 180 മല്‍സ്യത്തൊഴിലാളികളെ ലക്ഷദ്വീപില്‍നിന്നു നാവികസേന കണ്ടെത്തി. 17 ബോട്ടുകളിലായാണു മല്‍സ്യത്തൊഴിലാളികള്‍ ഉള്ളത്. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

Cyclone Ochki | St Mary's Church കടലിൽ ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കിയിരിക്കുന്ന വിഴിഞ്ഞം സെന്റ് മേരീസ് പഴയപള്ളി. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരികെ എത്താനുള്ളവർ 397, മരണം 37

ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു കടലിൽ കാണാതായവരുടെ എണ്ണം 397 എന്നു സർക്കാരിന്റെ പുതിയ കണക്ക്. ചെറുവള്ളങ്ങളിൽ പോയവരിൽ 96 പേരും വലിയ ബോട്ടുകളിൽ പോയവരിൽ 301 പേരും തിരിച്ചെത്താനുണ്ടെന്നു പൊലീസ് സ്റ്റേഷനുകൾ മുഖേനയും കടലോര ഗ്രാമങ്ങളിൽ നേരിട്ടെത്തിയും റവന്യു വകുപ്പു ശേഖരിച്ച കണക്കിൽ പറയുന്നു. വലിയ ബോട്ടുകളിൽ പോയവരുടെ കണക്ക് ആദ്യമായാണു ശേഖരിക്കുന്നത്. ഇതാണു കാണാതായവരുടെ എണ്ണം തൊണ്ണൂറ്റിരണ്ടിൽ നിന്നു 397 ആയി ഉയരാൻ കാരണമെന്നു റവന്യു അധികൃതർ വ്യക്തമാക്കി. ചെറുവള്ളങ്ങളിൽ പോയി തിരിച്ചെത്താനുള്ള 96 പേരും തിരുവനന്തപുരം ജില്ലക്കാരാണ്. കടലിൽ നാലു മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തതോടെ ആകെ മരണസംഖ്യ 37 ആയി. ഈ നാലു മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.

Cyclone Ockhi Rescue കവരത്തിയിലെ ദുരിതാശ്വാസ ക്യംപില്‍ നിന്ന്.

ചെല്ലാനത്ത് ജനകീയസമരം തുടരുന്നു

ചെല്ലാനത്തു കടൽഭിത്തി നിർമാണം ആരംഭിക്കണമെന്നാവശ്യവുമായി തീരദേശവാസികളുടെ സംയുക്താഭിമുഖ്യത്തിൽ ജനകീയസമരം അഞ്ചാംദിവസവും തുടരുന്നു. സെന്റ് േമരീസ് ഹൈസ്കൂളിലെ ദുരിതാശ്വാസക്യാംപിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെയാണു റിലേ നിരാഹാര സമരം. കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തില്‍ തൃപ്തികരമായ ഉറപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണു പ്രതിഷേധ സമരം തുടരുന്നത്. അൻപതോളം കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിൽ തുടരുകയാണ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നു ചെല്ലാനത്തെ കടലാക്രമണ പ്രദേശങ്ങളിൽ സന്ദർശനം നടത്തും.

Cyclone Ockhi Rescue

ബോട്ടുകൾ കേരളത്തിലേക്കു തിരിച്ചു

കേരളത്തിൽനിന്നുള്ള വലിയ ബോട്ടുകാരിൽ പകുതിയിലേറെപ്പേർ ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തീരമേഖലയിൽ എത്തിയിട്ടുണ്ടെന്നു സർക്കാർ സ്ഥിരീകരിച്ചു. ഇന്ധനവും ഭക്ഷണം നൽകിയാൽ ബോട്ടിൽ തന്നെ കേരളത്തിലേക്കു മടങ്ങാമെന്നു മത്സ്യത്തൊഴിലാളികൾ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ഇതിനുള്ള പണം കൈമാറി. ഇന്നലെ തന്നെ ഈ ബോട്ടുകൾ കേരളത്തിലേക്കു തിരിച്ചു.

Cyclone Ockhi Rescue

മൽസ്യത്തൊഴിലാളികൾക്ക് വീണ്ടും മുന്നറിയിപ്പ്

കേരളതീരത്തും ലക്ഷദ്വീപിലും അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുദിശയിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു.

Cyclone Ockhi Rescue

സുനാമി മുന്നറിയിപ്പ് ഇല്ല

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെ സുനാമി മുന്നറിയിപ്പുകളില്ലെന്ന് ഇൻകോയിസ് അറിയിച്ചു.

സാധാരണ ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങി മൽസ്യത്തൊഴിലാളികൾ

ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച കൊല്ലം തീരദേശമേഖല സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നു. വരും ദിവസങ്ങളില്‍ തന്നെ കടലില്‍ മീന്‍പിടിക്കാന്‍ പോകാമെന്ന പ്രതീക്ഷയിലാണ് മല്‍സ്യതൊഴിലാളികള്‍. കടലിലേക്കു പോകാന്‍ തയാറെടുക്കുന്ന മല്‍സ്യതൊഴിലാളികള്‍ക്ക്, അപകടം വരുമ്പോള്‍ വയര്‍ലെസ് സംവിധാനം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നതിനെപ്പറ്റി ജില്ലാ ഭരണകൂടം ബോധവത്കരണം നടത്തി.

Cyclone Ockhi Rescue

കാറ്റ് വീശിയടിച്ചതിനെത്തുടർന്ന് ആശങ്കയിലായ തീരദേശ ജീവിതം സാധാരണഗതിയിലേക്കു നീങ്ങുകയാണ്. വള്ളങ്ങള്‍ എല്ലാം ഇന്നോ നാളയോ കടലിലേക്കു പോകാന്‍ തയാറായി കിടക്കുന്നു. കടലില്‍ പോകുന്നതിനെപ്പറ്റി വ്യക്തമായ നിര്‍ദേശം ലഭിക്കാത്തതിനാല്‍ കാത്തിരിക്കുകയാണു തീരദേശമേഖല. കടലില്‍ പോകുന്നവര്‍ കടല്‍ സുരക്ഷ ഉപകരങ്ങള്‍ കൃത്യതയോടെ ഉപയോഗിക്കണമെന്നു കൊല്ലം ജില്ലാ കലക്ടര്‍ എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. വയര്‍ലെസ് സെറ്റുകള്‍ തുടര്‍ച്ചയായ സംഭാഷണത്തിന് ഉപയോഗിക്കരുത്. അവശ്യഘട്ടങ്ങളിലൊഴികെയുള്ള ഉപയോഗം അപകടമുന്നറിയിപ്പു സന്ദേശങ്ങളുടെ വ്യക്തതയെ പ്രതികൂലമായി ബാധിക്കുമെന്നു കലക്ടര്‍ പറഞ്ഞു.

ഉപകരണത്തിന്റെ സാങ്കേതിക വശങ്ങള്‍ പരിശീലനത്തിലൂടെ ഓരോരുത്തരും സ്വായത്തമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വള്ളവും വലയും എല്ലാം മല്‍സ്യതൊഴിലാളികള്‍ തയാറാക്കി വച്ചിരിക്കുകയാണ്. ക്വയിലോണ്‍ അമച്ച്വര്‍ റേഡിയോ ലീഗാണ് വയര്‍ലെസ് ഉപയോഗത്തെപ്പറ്റി ബോധവത്കരണം നടത്തിയത്.