Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായക്കടയിൽനിന്ന് പടർന്ന് പന്തലിച്ച് പനീർസെൽവം; ആസ്തി 2200 കോടി

O Panneerselvam

ചെന്നൈ∙ തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വവും കുടുംബവും അധികാരത്തിന്റെ പിന്തുണയോടെ സമ്പാദിച്ചത് 2200 കോടി രൂപ. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭൂമി വാങ്ങിക്കൂട്ടിയ പനീർസെൽവം ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവച്ചു. വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍നിന്നു കോടികള്‍ കൈപ്പറ്റിയെന്നും രേഖകളുണ്ട്. ആദായനികുതി റെയ്ഡില്‍ പിടിച്ചെടുത്ത ശേഖര്‍ റെഡ്ഡിയുടെ ഡയറിയുടെ പകര്‍പ്പ് മനോരമ ന്യൂസും പനീർസെൽവത്തിന്റെ വിശദമായ സ്വത്തുവിവര റിപ്പോര്‍ട്ട് ദ് വീക്ക് വാരികയും പുറത്തുവിട്ടു.

ചായക്കടക്കാരന്‍, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരൻ‍, മുനിസിപ്പല്‍ ചെയര്‍മാന്‍, എംഎല്‍എ എന്നിങ്ങനെയായിരുന്നു ഒ.പനീര്‍സെല്‍വം എന്ന ഒപിഎസിന്റെ വളര്‍ച്ച. 20,000 രൂപ വായ്പയെടുത്തു തേനിയിലെ പെരിയകുളം ജംങ്ഷനില്‍ ചായക്കട തുടങ്ങിയ ഒപിഎസിന്‍റെ ഇന്നത്തെ ആസ്തി 2200 കോടിയാണ്. തേനി, പെരിയകുളം, ആണ്ടിപ്പെട്ടി, കമ്പം, കുമിളി എന്നിവിടങ്ങളിലടക്കം ബെനാമി പേരിലും ബന്ധുക്കളുടെ പേരിലും ഒപിഎസ് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് റിപ്പോർട്ട്.

എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ 1.5 കോടിയോളം രൂപയുടെ ആസ്തി മാത്രമാണു രേഖപ്പെടുത്തിയത്. തെങ്കരൈ എന്ന പ്രദേശത്തു മാത്രം നിരവധി വീടുകള്‍ ഒപിഎസിന്‍റെ കുടുംബാംഗങ്ങളുടേതായുണ്ട്. ഭാര്യ വിജയലക്ഷ്മി, മക്കളായ കവിത, ഭാനു എന്നിവരുടെ സ്വത്തിലും വന്‍ വര്‍ധനവുണ്ടായി. ആണ്‍ മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാര്‍ എന്നിവര്‍ക്ക് 2000 കോടിയോളമാണ് ആസ്തി. 11 വന്‍കിട കമ്പനികളില്‍ നിക്ഷേപവുമുണ്ട്. 

വിവാദ മണല്‍ ഖനന വ്യവസായി ശേഖര്‍ റെഡ്ഡിയുമായി പണമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിവിധ ആളുകള്‍ മുഖേന കോടികളാണ് ഒപിഎസ് കൈപ്പറ്റിയത് എന്നാണ് ഡയറിലുള്ളത്. മറ്റ് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയ വിവരങ്ങളും ഡയറിയിലുണ്ട്.