Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെമു, പാസഞ്ചർ ട്രെയിൻ റദ്ദാക്കൽ: ഉദ്യോഗസ്ഥരുടെ പിടിപ്പുകേടെന്ന് ആരോപണം

Memu Train

കൊച്ചി∙ കൊല്ലം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എട്ട് മെമു, പാസഞ്ചർ ട്രെയിനുകൾ ശനിയാഴ്ച മുതൽ രണ്ടു മാസത്തേക്കു റദ്ദാക്കാനുള്ള നടപടി റെയിൽവേ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു മൂലമാണെന്ന ആക്ഷേപം ശരിവച്ച് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ രംഗത്ത്. റെയിൽവേ അധികാരികളുടെ കെടുകാര്യസ്ഥതയും, ദീർഘവീക്ഷണമില്ലായ്മയുമാണു പ്രശ്നങ്ങൾക്കു കാരണമെന്നു അസോസിയേഷൻ ആരോപിച്ചു.

ലോക്കോപൈലറ്റുമാരുടെ ക്ഷാമം മൂലമാണു ട്രെയിനുകൾ റദ്ദാക്കിയതെന്നു റെയിൽവേ പറയുന്നുണ്ടെങ്കിലും നിയമനം നടത്താതെ ക്ഷാമം ഉണ്ടാക്കിയത് അധികൃതർ തന്നെയാണ്. ഏകദേശം 100 പേരുടെ ഒഴിവാണു ഡിവിഷനിലുള്ളത്. ഗുഡ്സ്, പാസഞ്ചർ, മെയിൽ ലോക്കോപൈലറ്റുമാരുടെ 90 ഒഴിവും ക്രൂ കൺട്രോളർമാരുടെ 10 ഒഴിവുമുണ്ട്. ഇതിൽ എഴുപതിൽ അധികം ഒഴിവുകൾ വിരമിക്കൽ മൂലമുണ്ടായതാണ്. പകരം നിയമനം നടത്താൻ റെയിൽവേ തയ്യാറായിട്ടില്ല.

പുതിയ നിയമനം നടത്തുന്നതിൽ റെയിൽവേയുടെ ഭാഗത്തു ഗുരുതര വീഴ്ചയാണു ഉണ്ടായത്. ഇത് മറച്ചു വച്ചു ട്രെയിൻ സർവീസുകൾ റദ്ദാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണു അധികൃതർ ചെയ്യുന്നത്. ഹൂബ്ലി, ചെന്നൈ, സേലം, പാലക്കാട് അടക്കം മറ്റ്‌ സോൺ/ ഡിവിഷനുകളിൽ നിന്ന് അറുപതിൽ അധികം മലയാളികളായ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർക്ക് കേരളത്തിലേക്കു സ്ഥലമാറ്റ ഉത്തരവു ലഭിച്ചിരുന്നെങ്കിലും അവരെ വിടുതൽ ചെയ്യാതിരുന്നതിനാൽ ഇവിടെ ലോക്കോപൈലറ്റ് ക്ഷാമം കൂടിയിട്ടുണ്ടെന്നു സോണൽ ഓർഗനൈസിങ് സെക്രട്ടറി പി.എൻ.സോമൻ പറഞ്ഞു.

തിരുവനന്തപുരം ആർആർബി നിയമന നടപടികൾ ആരംഭിക്കാത്തതും പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ട്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമാണു തങ്ങൾക്കുള്ളതെന്ന ലോക്കോപൈലറ്റുമാർ പറയുന്നു. ഒഴിവുകൾ നികത്തി റദ്ദാക്കിയ ട്രെയിനുകളോടിക്കാനുളള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സംഘടന ദക്ഷിണ റെയിൽവേ മാനേജർക്കു നിവേദനം നൽകി. വരുമാനം കുറഞ്ഞ സർവീസുകൾ നിർത്തലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു ട്രെയിൻ റദ്ദാക്കൽ നടപടിയെന്നു ആക്ഷേപമുണ്ട്.

എന്നാൽ ഏറ്റവും നഷ്ടത്തിലോടുന്ന കൊല്ലം പുനലൂർ റൂട്ടിലെ ഏഴു ജോഡി പാസഞ്ചറുകളും തൃശൂർ ഗുരുവായൂർ റൂട്ടിലെ പാസഞ്ചറുകളും റെയിൽവേ റദ്ദാക്കിയിട്ടില്ല. പകരം തിരക്കേറിയ എറണാകുളം കൊല്ലം റൂട്ടിലെ പകൽ നേരത്തുള്ള മെമു, പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൊല്ലം-പുനലൂർ റൂട്ടിൽ റെയിൽവേ പാതയ്ക്കു സമാന്തരമായി ദേശീയ പാത കടന്നു പോകുന്നതിനാൽ ട്രെയിനുകൾ കാലിയായാണ് ഒാടുന്നതെന്ന് റെയിൽവേ മുൻപു നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.

ഗുരുവായൂർ റൂട്ടിലും ഇതേ പ്രശ്നമുണ്ട്. കൊല്ലം ചെങ്കോട്ട പാത ഗേജ് മാറ്റത്തിനു ശേഷം തുറക്കുന്നതോടെ നഷ്ടത്തിലോടുന്ന പാസഞ്ചർ ട്രെയിനുകൾ തെങ്കാശി, തിരുനെൽവേലി, മധുര, തൂത്തുകുടി, പഴനി എന്നിവടങ്ങളിലേക്കു നീട്ടുമെന്ന ധാരണയിലാണു പുനലൂർ റൂട്ടിൽ നഷ്ടം സഹിച്ചും ട്രെയിനുകളോടിക്കുന്നതെന്നാണ് സൂചന. 

∙ റദ്ദാക്കിയ മെമു, പാസഞ്ചർ ട്രെയിനുകൾ: 

1. കൊല്ലം എറണാകുളം മെമു (രാവിലെ 7.45) 

2. എറണാകുളം-കൊല്ലം മെമു (ഉച്ചയ്ക്ക് 2.40) 

3. എറണാകുളം കായംകുളം പാസഞ്ചർ (12.00) 

4. കായംകുളം-എറണാകുളം പാസഞ്ചർ (വൈകിട്ട് 5.10) 

5. എറണാകുളം-കൊല്ലം മെമു (രാവിലെ 5.50) 

6. കൊല്ലം-എറണാകുളം മെമു (രാവിലെ 11.10)

7. എറണാകുളം കായംകുളം പാസഞ്ചർ (10.05) 

8. കായംകുളം-എറണാകുളം പാസഞ്ചർ (ഉച്ചയ്ക്ക് 1.30)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.