Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്രട്ടേറിയറ്റിൽ ജനുവരി മുതൽ പഞ്ചിങ് നിർബന്ധം; ചെയ്തില്ലെങ്കിൽ ശമ്പളമില്ല

punching

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റില്‍ 2018 ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി. ബയോമെട്രിക് പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂവെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ഹാജർ ബന്ധിപ്പിക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുംവിധം ധരിക്കണമെന്നും നിർദേശമുണ്ട്.

15ന് മുൻപ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. തുടർച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങൾക്കു വേറെ ഓഫിസുകളിൽ പോകുന്ന ജീവനക്കാർക്ക് അവിടെയും ഹാജർ രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനമാണിത്.

Punching

വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ കെൽട്രോൺ വഴിയാണ് വാങ്ങുക. 5250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. നിലവിൽ സർക്കാർ ഓഫിസുകളിൽ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജർ നിരീക്ഷിക്കാൻ മാത്രമാണ് ഇതുപയോഗിക്കുന്നത്. സ്പാർക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാൽ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ ജീവനക്കാരെ ബാധിക്കാറില്ല.

പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജർ റജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഇൗ ഹാജർ ബുക്കിന്റെ അടിസ്ഥാനത്തിലാണ് അവധി നിർണയിക്കുക. മേലുദ്യോഗസ്ഥന്റെ കാരുണ്യമുണ്ടെങ്കിൽ ഒപ്പിടലിൽ ഇളവും ലഭിക്കും. എന്നാൽ, സ്പാർക്കുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് പഞ്ചിങ് വരുന്നതോടെ ഈ കള്ളക്കളി നടക്കില്ല.

കേന്ദ്രസർക്കാരിന്റെ ഒട്ടേറെ ഓഫിസുകളിൽ എൻഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്‌വെയർ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. പരിഷ്കാരത്തിനു മുന്നോടിയായി സ്പാർക്കിനെ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലേക്കു മാറ്റും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് ഉടൻ നടപ്പാക്കാൻ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്. 

മൂന്നുദിവസം തുടർച്ചയായി ഒരു മണിക്കൂർ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താൽ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. മറ്റ് ഓഫിസുകളിൽ ഒൗദ്യോഗിക ആവശ്യങ്ങൾക്കു പോകുന്ന ജീവനക്കാർ അവിടെ പഞ്ച് ചെയ്താൽ മതി.