Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്തിലെ ദുരനുഭവം: ബോളിവുഡ് നടിയുടെ പരാതിയ്ക്കു പിന്നാലെ പ്രതി പിടിയിൽ

Dangal actress Zaira Wasim തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് നടി പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വിഡിയോയിൽ നിന്ന്.(ഇടത്)

ന്യൂഡൽഹി ∙ ഡൽഹിയിൽ നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെ സഹയാത്രികനിൽനിന്ന് ദുരനുഭവം നേരിടേണ്ടി വന്ന ബോളിവുഡ് നടിയുടെ പരാതി ഫലം കണ്ടു. സംഭവത്തെപ്പറ്റി സമൂഹമാധ്യമത്തിലൂടെ തുറന്നു പറഞ്ഞ് മണിക്കൂറുകൾക്കകം നടപടിയുമായി പൊലീസ്. പതിനേഴുകാരി നടിയുടെ പരാതിയിൽ ഒരാൾ പിടിയിലായി.

വികാസ് സച്ദേവ് എന്ന മുപ്പത്തിയൊൻപതുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ഡപ്യൂട്ടി കമ്മിഷണർ അനിൽ കുംഭാരെ അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്സോ ആക്ട് പ്രകാരമാണ് അറസ്റ്റ്. മറ്റു വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

എയർ വിസ്താര വിമാനത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വിവരിച്ച് ഇന്‍സ്റ്റഗ്രാമിലാണ് നടി വിഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പൊലീസ് മൊഴിയെടുത്തു. അതിന്റെ അടിസ്ഥാനത്തിനാണ് സഹർ പൊലീസ് കേസെടുത്തത്. അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. 

നടിയുടെ ഇൻസ്റ്റഗ്രാം വിഡിയോ വിവാദമായതിനെത്തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലും എയർ വിസ്താരയോടു വിശദീകരണം ആവശ്യപ്പെട്ടു.

സീറ്റിനു പിന്നിലിരുന്ന വ്യക്തി താൻ പാതിയുറക്കത്തിലായിരിക്കുമ്പോൾ കാലുകൊണ്ട് പിന്നിൽനിന്ന് കഴുത്തുവരെ ഉരസി അപമാനിച്ചുവെന്നാണ് താരത്തിന്റെ ആരോപണം. തനിക്കുണ്ടായത് വളരെ മോശം അനുഭവമാണെന്നും ഇവർ പറയുന്നു. ‘അയാൾ ചെയ്തതു ശരിയായില്ല. ഒരു പെൺകുട്ടിക്കും ഇത്തരം അനുഭവം ഇനിയുണ്ടാകരുത്. ഇത് ഭീകരമാണ്. പെൺകുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നത് ഇങ്ങനെയാണോ? നമ്മെ സഹായിക്കാൻ നാം സ്വയം തീരുമാനിച്ചില്ലെങ്കിൽ ആരും സഹായത്തിനുണ്ടാകില്ല’– ഈ വ്യക്തിയുടെ ചിത്രം പകർത്താൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവു മൂലം സാധിച്ചില്ലെന്നും നടി വ്യക്തമാക്കുന്നു.

‘പതിനഞ്ചു മിനിറ്റോളം അയാൾ മോശം പെരുമാറ്റം തുടർന്നു. അയാൾ എന്റെ ചുമലിൽ തട്ടുകയും കാലുകൊണ്ട് പുറവും കഴുത്തും തിരുമ്മുകയും ചെയ്തു. ഇതിന്റെ വിഡിയോ ചിത്രീകരിക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യമൊക്കെ വിമാനത്തിന്റെ ഇളക്കം മൂലം തനിക്കു തോന്നുന്നതാണെന്നാണു കരുതിയത്. പിന്നീടാണ് തന്നെ മനഃപൂർവം അപമാനിക്കുന്നതാണെന്നു മനസ്സിലായത്’– നടി പറഞ്ഞു. തന്നെ സഹായിക്കാൻ തയാറാകാതിരുന്ന വിമാനാധികൃതരെയും വിമർശിച്ചു.

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എയർ വിസ്താര അറിയിച്ചു. മറ്റൊരു യാത്രക്കാരിയും ഇതേ അനുഭവത്തെക്കുറിച്ചു പരാതിപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും എയർ വിസ്താര വ്യക്തമാക്കി.

related stories