Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ്: രണ്ടാംഘട്ട ചർച്ചയ്ക്ക് അനുമതി, 2019 മുതലുള്ള മാറ്റങ്ങൾ ചർച്ചയാകും

Theresa May

ലണ്ടൻ∙ ബ്രിട്ടനുമായി രണ്ടാംഘട്ട ബ്രെക്സിറ്റ് ചർച്ചകൾ ആരംഭിക്കാൻ യൂറോപ്യൻ കൗൺസിലിന്റെ അനുമതി. വ്യാഴാഴ്ച രാത്രി ബ്രസൽസിൽ ചേർന്ന 27 യൂറോപ്യൻ രാഷ്ട്രത്തലവന്മാരുടെ യോഗമാണ് ഒന്നാംഘട്ട ചർച്ചയിൽ ഉരുത്തിരിഞ്ഞ ഉടമ്പടിക്ക് അംഗീകാരം നൽകി രണ്ടാംഘട്ട ചർച്ചകൾക്കു പച്ചക്കൊടി കാട്ടിയത്. എന്നാൽ യൂറോപ്പുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചു ബ്രിട്ടൻ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും യൂറോപ്യൻ കൗൺസിൽ മുന്നറിയിപ്പു നൽകുന്നുണ്ട്.

ബ്രെക്സിറ്റ് നടപ്പാകുന്ന 2019 മാർച്ച് മുതലുള്ള രണ്ടുവർഷ കാലത്തെ മാറ്റങ്ങളെക്കുറിച്ചാകും രണ്ടാംഘട്ട ചർച്ചയുടെ തുടക്കത്തിൽ ധാരണയാകുക. സുരക്ഷാ രംഗത്തെ സഹകരണം, വ്യാപാരം, കസ്റ്റംസ് യൂണിയൻ തുടങ്ങിയ വിഷയങ്ങൾ അതിനുശേഷമാകും ചർച്ചയ്ക്കെടുക്കുക. ബ്രിട്ടന്റെ ആവശ്യമായ വ്യാപാര ഉടമ്പടി അവസാനത്തേക്കു വച്ച് മറ്റെല്ലാ വിഷയങ്ങളിലും വിലപേശൽ സാധ്യമാകും വിധമാണ് കൗൺസിൽ യോഗം ചർച്ചയുടെ തീയതികളും ഘട്ടങ്ങളും നിശ്ചയിച്ചിട്ടുള്ളത്.

രാഷ്ട്രീയമായി ഓരോ ദിവസവും ദുർബലമായിക്കൊണ്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യൻ നേതാക്കളുടെ ആവശ്യങ്ങൾക്കു വഴങ്ങുന്ന കാഴ്ചയാണ് ചർച്ചയുടെ ഓരോ ഘട്ടത്തിലും.

ഒന്നാം ഘട്ട ചർച്ചകൾ വിജയകരമായി പൂർത്തിയായതും ഇതിലെ വ്യവസ്ഥകൾ യൂറോപ്യൻ കൗൺസിൽ അംഗീകരിച്ചതും സുപ്രധാന നടപടിയായി തെരേസ മേയ് വിശദീകരിച്ചപ്പോൾ രണ്ടാംഘട്ടം കൂടുതൽ ദുഷ്കരമായിരിക്കുമെന്ന അഭിപ്രായമായ ജർമൻ ചാൻസിലർ അംഗല മെർക്കൽ പ്രകടിപ്പിച്ചത്. ഒന്നാംഘട്ടത്തിലെ വ്യവസ്ഥകൾ പൂർണമായും 27 രാഷ്ട്രത്തലവന്മാരും അംഗീകരിച്ചതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്കും വ്യക്തമാക്കി.

അയർലൻഡ് അതിർത്തിയിലെ നിയന്ത്രണം, നഷ്ടപരിഹാരത്തുക, പൗരാവകാശം, യൂറോപ്യൻ കോടതിയുടെ അധികാരം എന്നീ വിഷയങ്ങളിലാണ് ഇരുകൂട്ടരും ഒന്നാംഘട്ട ചർച്ചയിൽ ധാരണയിലെത്തി ഉടമ്പടിയായത്. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കറും തമ്മിൽ ബ്രസൽസിൽ കഴിഞ്ഞയാഴ്ച നടന്ന ദീർഘമായ കൂടിക്കാഴ്ചയിലായിരുന്നു ഇതുസംബന്ധിച്ച് തുടർന്നുവന്ന അനിശ്ചിതത്വങ്ങൾക്കു വിരാമമായത്.