Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാനാക്രൈ ആക്രമണം നടത്തിയത് ഉത്തരകൊറിയ; വെളിപ്പെടുത്തലുമായി യുഎസ്

Cyber Attack Representative image

വാഷിങ്ടൻ∙ ലോകത്തെമ്പാടും കംപ്യൂട്ടർ ശൃംഖലയെ സാരമായി ബാധിച്ച വാനാക്രൈ സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തര കൊറിയയാണെന്ന് യുഎസ്. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയ ആക്രമണത്തിന്റെ ഉത്തരവാദികൾ ഉത്തര കൊറിയയാണെന്ന് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ബോസേർട്ട് വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കി.

പത്തുവർഷത്തിനു മുകളിലായി വളരെ മോശം രീതിയിലാണ് ഉത്തര കൊറിയയുടെ പെരുമാറ്റം. അവരുടെ വിദ്വേഷം ഇപ്പോൾ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. വാനാക്രൈ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിരുന്നു. ഉത്തര കൊറിയയ്ക്കു വേണ്ടി ലാസറസ് ഗ്രൂപ്പാണു ഹാക്കിങ് നടത്തിയതെന്നും ബോസേർട്ട് ഉറപ്പിച്ചു പറയുന്നു. അതേസമയം, യുഎസിന്റെ ആരോപണത്തെക്കുറിച്ചു പ്രതികരിക്കാൻ ഉത്തര കൊറിയ തയാറായിട്ടില്ല. നേരത്തെയും വാനാക്രൈയ്ക്കു പിന്നിൽ ഉത്തര കൊറിയയാണെന്ന് ആരോപണമുയർന്നിരുന്നു.

മേയിലാണു വാനാക്രൈ ആക്രമണമുണ്ടായത്. കംപ്യൂട്ടറുകളിൽ കടന്നുകയറി ഫയലുകൾ ലോക്ക് ചെയ്യുകയും തുറക്കാൻ ബിറ്റ്കോയിൻ രൂപത്തിൽ പണം ആവശ്യപ്പെടുകയുമായിരുന്നു. കേരളത്തിൽ പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫിസ് അടക്കം ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും ആക്രമണത്തിന് ഇരയായി. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സർവീസിനെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്.

സോണി പിക്ചേഴ്സിനെ ആക്രമിച്ച ലസാറസ്

ഉത്തര കൊറിയയിലെ മാൽവെയറുകളുടെ ഫാക്ടറി എന്നറിയപ്പെടുന്ന ലസാറസ് സംഘമാണു വാനാക്രൈയുടെ ഉപജ്ഞാതാക്കളെന്ന് നേരത്തെതന്നെ ആരോപണമുണ്ട്. 2014ൽ സോണി പിക്ചേഴ്സിന്റെ സൈറ്റുകളിൽ കടന്നുകയറി, റിലീസ് ചെയ്യാനുള്ള സിനിമകളടക്കം ചോർത്തിയതും ഇതേ സംഘമാണെന്നാണു കരുതുന്നത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിക്കുന്ന ‘ഇന്റർവ്യൂ’ എന്ന സിനിമ സോണി റിലീസ് ചെയ്യുന്നതിനു തൊട്ടുമുൻപായിരുന്നു ആക്രമണം. ദക്ഷിണ കൊറിയൻ സൂപ്പർ മാർക്കറ്റുകളുടെ സൈബർ ശൃംഖലയിലും മുൻപു ലസാറസ് സംഘം കടന്നു കയറിയിരുന്നു.

ചൈനീസ് ഹാക്കർമാരെന്നും ആരോപണം

വാനാക്രൈ ആക്രമണത്തിനു പിന്നിൽ ചൈനീസ് ഹാക്കർമാരാകാമെന്ന പഠനവും ആദ്യസമയങ്ങളിൽ പുറത്തുവന്നിരുന്നു. സൈബർ സുരക്ഷാസ്ഥാപനമായ ഫ്ലാഷ്പോയിന്റിലെ വിദഗ്ധരാണ് ഈ കണ്ടെത്തൽ നടത്തിയത്. മാൽവെയർ ബാധിച്ച കംപ്യൂട്ടറുകളിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രത്യക്ഷമായ സന്ദേശത്തിലെ ഭാഷാപരമായ പ്രത്യേകതകൾ പരിശോധിച്ചാണ് ചൈനീസ് ബന്ധം ചൂണ്ടിക്കാട്ടുന്നത്.

വിവിധ രാജ്യങ്ങളിലായി 28 ഭാഷകളിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതിൽ ചൈനീസ് ഭാഷയിലുള്ള സന്ദേശത്തിൽ മാത്രമാണ് വ്യാകരണനിയമങ്ങൾ കൃത്യമായി പാലിച്ചിട്ടുള്ളത്. ഇംഗ്ലിഷ്, ചൈനീസ് ഭാഷകളിലൊഴികെ ബാക്കിയെല്ലാം കംപ്യൂട്ടർ ഉപയോഗിച്ചു പരിഭാഷപ്പെടുത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലിഷ് സന്ദേശത്തിൽ കാര്യമായ വ്യാകരണപിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. അതിനാൽ ചൈനീസ് ഭാഷ നന്നായി ഉപയോഗിക്കുന്ന ആരെങ്കിലുമാകാമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.