Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും: ഊബർ

uber-taxi-Paris

കൊച്ചി∙ റെയിൽവേ സ്റ്റേഷനുകളിൽ ഓൺലൈൻ ടാക്സി സർവീസുകൾ തടയുന്ന സാഹചര്യത്തിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹാരം സാധ്യമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു ഊബർ. തിരുവനന്തപുരം, എറണാകുളം ടൗൺ, തൃശൂർ, ആലുവ സ്റ്റേഷനുകളിലാണു ഊബർ ടാക്സികൾക്കു പാർക്കിങ് സൗകര്യവും കിയോസ്കും റെയിൽവേ നൽകിയിരിക്കുന്നത്. സ്മാർട് ഫോൺ ഉപയോഗിക്കാത്തവർക്കു കിയോസ്ക് വഴി ടാക്സി ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ഇതു വഴി ഏർപ്പെടുത്തിയതെന്നു ഊബർ കേരള ജനറൽ മാനേജർ നിതിൻ നായർ പറഞ്ഞു. തിരുവനന്തപുരത്തൊഴികെ ബാക്കി മൂന്നു സ്റ്റേഷനുകളിലും സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണ്. പലയിടത്തും ഊബർ ജീവനക്കാരോടു ഒാട്ടോ-ടാക്സി തൊഴിലാളികൾ മോശമായി പെരുമാറുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനമായതിനാൽ ഇത്തരം സംഭവങ്ങളിൽ‍ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ആരുമായും ചർച്ചയ്ക്കു ഊബർ തയ്യാറാണ്.രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഒാൺലൈൻ ടാക്സി സർവീസ് സുഗമമായി നടക്കുന്നുണ്ട്. നിരക്കു കുറഞ്ഞ യാത്രാ മാർഗമെന്ന നിലയിലാണു യാത്രക്കാർ ഒാൺലൈൻ ടാക്സി ആശ്രയിക്കുന്നത്. ഇപ്പോൾ നടക്കുന്ന സമരങ്ങൾ ദൗർഭാഗ്യകരമാണ്.ചിലർ പ്രചരിപ്പിക്കുന്ന പോലെ ഊബർ ടാക്സികൾ,ഒാട്ടോറിക്ഷകൾക്കു ഭീഷണിയല്ല. മീറ്റർ ഇട്ട് ഒാടുകയാണെങ്കിൽ ഊബറിനേക്കാൾ 40 ശതമാനം നിരക്കു കുറവിൽ ലഭിക്കുന്ന യാത്രാസൗകര്യമാണ് ഒാട്ടോറിക്ഷകൾ. യാത്രക്കാർക്കു അവർക്കു ഇഷ്ടമുള്ള വാഹനത്തിൽ യാത്ര െചയ്യാമെന്നിരിക്കെ ഒാൺലൈൻ ടാക്സികൾ യാത്രക്കാരെ കാൻവാസ് ചെയ്യുമെന്ന പ്രചാരണം ശരിയല്ല. സ്റ്റേഷനുകളിലെ കിയോസ്കുകൾ സ്മാർട് ഫോൺ ഉപയോഗിക്കാൻ അറിയാത്ത പ്രായമായവരേയും ഫോൺ ഇല്ലാത്തവരെയും ഉദ്ദേശിച്ചുള്ളതാണെന്നും കമ്പനി വ്യക്തമാക്കി. നിയമ പ്രകാരം റെയിൽവേ ടെൻഡറിൽ പങ്കെടുത്താണു പെർമിറ്റ് ലഭിച്ചതെന്നും അധികൃതർ പറഞ്ഞു.