Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർലമെന്റിലെ കംപ്യൂട്ടറിൽ നീലച്ചിത്രം കണ്ട ബ്രിട്ടിഷ് മന്ത്രിയെ പുറത്താക്കി

damian-green ഡാമിയൻ ഗ്രീൻ

ലണ്ടൻ∙ പാർലമെന്റ് ഓഫിസിലെ കംപ്യൂട്ടറിൽ നീലച്ചിത്രങ്ങളും അശ്ലീല ഫൊട്ടോകളും കണ്ടെത്തിയെന്ന ആരോപണം ശരിയാണെന്നു തെളിഞ്ഞതിനെത്തുടർന്നു തെരേസ മേ സർക്കാരിലെ രണ്ടാമനും ഫസ്റ്റ് സെക്രട്ടറിയുമായ ഡാമിയൻ ഗ്രീനിനെ പുറത്താക്കി. 10 വർഷം മുമ്പത്തെ സംഭവത്തിന്റെ പേരിലാണ് ഡാമിയൻ ഗ്രീനിന്റെ രാജി. ഇതുസംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണു പാർട്ടിയിൽ തന്റെ വിശ്വസ്തനും മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയുടെ ചുമതലയുമുള്ള ഡാമിയനോടു രാജിവച്ചൊഴിയാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. രണ്ടു മാസത്തിനുള്ളിൽ തെരേസ മേ സർക്കാരിൽനിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ കാബിനറ്റ് മന്ത്രിയാണു ഡാമിയൻ.

നേരത്തെ ലൈംഗികാരോപണത്തിൽ കുടുങ്ങി മന്ത്രിസഭയിലെ മൂന്നാമനും മുതിർന്ന നേതാവുമായ മൈക്കിൾ ഫാലനും സർക്കാരിന്റെ അനുമതിയില്ലാതെ ഇസ്രയേൽ നേതാക്കളുമായി നയതന്ത്ര - വ്യാപാര ചർച്ചകൾ നടത്തിയതിന്റെ പേരിൽ പ്രീതി പട്ടേലും രാജിവച്ചിരുന്നു. രണ്ടുമാസത്തിനുള്ളിൽ മൂന്നാമത്തെ മന്ത്രികൂടി രാജിവയ്ക്കേണ്ടിവന്നതു തെരേസ മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്കു വലിയ കോട്ടമായി. രാജിവച്ച മൂന്നുപേരും മന്ത്രിസഭയിലെ വമ്പന്മാരാണെന്നതും അതിൽതന്നെ രണ്ടുപേർ ലൈംഗികാപവാദത്തിൽ കുടുങ്ങിയാണു പുറത്തായതെന്നതും ഇരട്ടപ്രഹരമാണ്.

2008ലാണു കോമൺസ് ഓഫിസിലെ ഡാമിയന്റെ കംപ്യട്ടറിൽനിന്നു നിരവധി അശ്ലീല ഫൊട്ടോകളും നീലച്ചിത്രങ്ങളു സ്കോട്ട്ലൻഡ് യാർഡ് കണ്ടെത്തിയത്. ഇത് അദ്ദേഹം ഡൗൺലോഡ് ചെയ്തതല്ലെന്നു നിഷേധമുണ്ടായെങ്കിലും ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തിൽ അദ്ദേഹം നൽകിയ വിശദീകരണങ്ങൾ തൃപ്തികരമായിരുന്നില്ല. ഇതിനു പുറമേ അടുത്തകാലത്തു പത്രപ്രവർത്തകയും ടോറി പാർട്ടിയിലെ വനിതാ ആക്ടിവിസ്റ്റായ കേറ്റ് മാൽട്ബെ എന്ന യുവതി ഡാമിയനെതിരെ ലൈംഗിക ആരോപണവും ഉന്നയിച്ചിരുന്നു. 2015ൽ ലണ്ടനിലെ ഒരു പബ്ബിൽവച്ച് ഡാമിയൻ അവരുടെ കാലിൽ സ്പർശിക്കുകയും സഭ്യേതരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ചു നടത്തിയ പുതിയ അന്വേഷണത്തിലാണു പഴയ വിവാദം വീണ്ടും തലപൊക്കിയത്. ഇതോട മന്ത്രിമാർ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങളിൽനിന്നുപോലും വ്യതിചലിച്ച ഡാമിയൻ ഗ്രിനിനെ പുറത്താക്കാൻ പ്രധാനമന്ത്രി നിർബന്ധിതയാകുകയായിരുന്നു.

മെട്രോപൊളിറ്റൻ പൊലീസിലെ മുൻ മേധാവിയായിരുന്ന ബോബ് ക്യൂക്കാണ് ഗ്രീനിന്റെ കംപ്യൂട്ടറിൽനിന്ന് ഒട്ടേറെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയതായി ആദ്യം വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രി കഴിഞ്ഞാൽ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഫസ്റ്റ് സെക്രട്ടറിയായ ഡാമിയൻ ഗ്രീൻ. 61 കാരനായ ഗ്രീൻ രാജിവച്ചൊഴിഞ്ഞെങ്കിലും കേറ്റിന്റെ ആരോപണങ്ങൾ ഇപ്പോഴും നിഷേധിക്കുകയാണ്.