Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭ്യൂഹങ്ങൾക്കു വിട; രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി, നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രി

vijay-rupani വിജയ് രൂപാണി

അഹമ്മദാബാദ് ∙ ഫലപ്രഖ്യാപനം മുതൽ തുടരുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായെത്തിയ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരുടെ സാന്നിധ്യത്തിൽ ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ് രൂപാണിയെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത്. നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും തുടരും.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെയുള്ള പ്രമുഖരെ മറികടന്നാണ് രൂപാണി വീണ്ടും മുഖ്യമന്ത്രിയാകുന്നത്. അഭിപ്രായ സമന്വയത്തിന്റെ ശിൽപിയായിട്ടാണു രൂപാണി അറിയപ്പെടുന്നത്. പട്ടേൽ, ദലിത് പ്രക്ഷോഭങ്ങളെത്തുടർന്ന് ആനന്ദിബെൻ പട്ടേലിനു മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടപ്പോൾ പല കരുത്തരെയും മറികടന്നു രൂപാണിക്കു വഴിയൊരുക്കിയതും ഈ കഴിവുതന്നെ.

ഗുജറാത്തിൽ ഇത്തവണ ബിജെപിക്കു സീറ്റുകൾ കുറഞ്ഞ സാഹചര്യത്തിൽ രൂപാണിയെ മാറ്റി പുതിയ മുഖ്യമന്ത്രി വരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സ്മൃതി ഇറാനിക്കു പുറമെ കേന്ദ്രമന്ത്രിമാരായ പുരുഷോത്തം റൂപാല, മൻസുഖ് മണ്ഡാവ്യ, കർണാടക ഗവർണർ വജുഭായ് വാല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് വിജയ് രൂപാണിയെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചത്.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ കോൺഗ്രസിനെ മറികടന്ന് തുടർച്ചയായ ആറാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തുന്നത്. വ്യക്തിപരമായി മികച്ച വിജയം നേടാനായെങ്കിലും പാർട്ടിയുടെ മൊത്തത്തിലുള്ള പ്രകടനം മോശമായത് രൂപാണിക്ക് ഇത്തവണ വിനയായേക്കുമെന്നായിരുന്നു റിപ്പോർട്ട്.

മുഖ്യമന്ത്രിയെ തോൽപിക്കുമെന്ന ശപഥത്തോടെ, സിറ്റിങ് സീറ്റ് ഉപേക്ഷിച്ചു മൽസരത്തിനെത്തിയ കോൺഗ്രസ് സ്ഥാനാർഥി ഇന്ദ്രാനിൽ രാജ്യഗുരുവിനെ അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രൂപാണി മറികടന്നത്. ഇതേസമയം, നൂറ്റൻപതിലധികം സീറ്റെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്ന സംസ്ഥാനത്തു നൂറു സീറ്റ് തികയ്ക്കാനുമായില്ല. രണ്ടു പതിറ്റാണ്ടിനിടയിലെ ഗുജറാത്തിൽ ബിജെപിയുടെ ഏറ്റവും മോശം പ്രകടനമാണിത്.