Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ ഉപരോധം യുദ്ധതുല്യം: ഉത്തരകൊറിയ

Kim Jong Un

ബെയ്ജിങ് ∙ ഐക്യരാഷ്ട്ര രക്ഷാസമിതി പ്രഖ്യാപിച്ച ഏറ്റവും പുതിയ ഉപരോധങ്ങൾ യുദ്ധത്തിന് തുല്യമാണെന്ന് ഉത്തരകൊറിയ. രാജ്യത്തിന് സമ്പൂർണ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ശ്രമമെന്നും ഉത്തരകൊറിയ ആരോപിച്ചു. ആണവരാഷ്ട്രമെന്ന നിലയിലുള്ള തങ്ങളുടെ വളർച്ച കണ്ട് വിരണ്ട യുഎസ്, മറ്റു രാജ്യങ്ങളെ സ്വാധീനിച്ച് തങ്ങൾക്കുമേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണെന്നും ഉത്തരകൊറിയ ആരോപിച്ചു.

ഉത്തരകൊറിയയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന അവരുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയാണ് പുറത്തുവിട്ടത്. പ്രധാനമായും യുഎസ് തങ്ങൾക്കെതിരെ ഉയർത്തുന്ന ആണവഭീഷണി നേരിടുന്നതിന് കൂടുതൽ ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി. തീർത്തും ശത്രുതാപരമായ നിലപാട് പിന്തുടരുന്ന യുഎസിനോടു പിടിച്ചുനിൽക്കാൻ ഇതാണ് ഏക മാർഗമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

അസംസ്കൃത എണ്ണ ഇറക്കുമതി വർഷം 40 ലക്ഷം ബാരലാക്കി കുറച്ചതുൾപ്പെടെ ഉത്തരകൊറിയയ്ക്കെതിരെ യുഎൻ രക്ഷാസമിതി കഴിഞ്ഞ ദിവസം കടുത്ത ഉപരോധ നടപടികൾ പ്രഖ്യാപിച്ചിരുന്നു. ശുദ്ധീകരിച്ച എണ്ണ ഇറക്കുമതി അഞ്ചുലക്ഷം ബാരലാക്കിയും നിജപ്പെടുത്തിയതോടെ ഫലത്തിൽ ഉപഭോഗത്തിന്റെ 90 ശതമാനമാണു വെട്ടിക്കുറച്ചത്.

വിദേശത്തു ജോലിചെയ്യുന്ന ഉത്തര കൊറിയൻ പൗരന്മാരെ രണ്ടു വർഷത്തിനകം സ്വന്തം രാജ്യത്തേക്കു മടക്കി അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു വർഷത്തിനകം എന്ന തീരുമാനം അവസാന നിമിഷം രണ്ടാക്കി ഭേദഗതി ചെയ്തു. യുഎസാണ് ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന പ്രമേയം കൊണ്ടുവന്നത്. മറ്റു രാജ്യങ്ങൾ ഇതിനെ എതിർത്തുമില്ല. വീണ്ടും ആണവ, മിസൈൽ പരീക്ഷണത്തിൽ ഏർപ്പെട്ടാൽ ഉപരോധം കൂടുതൽ കഠിനമാക്കാനാണ് തീരുമാനം. യുഎസിലെത്തുന്ന ഭൂഖണ്ഡാന്തര മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തര കൊറിയ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതാണു പ്രകോപനം. ഉത്തര കൊറിയയ്ക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നു യുഎന്നിലെ യുഎസ് അംബാസഡർ നിക്കി ഹേലി വ്യക്തമാക്കുകയും ചെയ്തിരുന്നു.