Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും സൈബർ ആക്രമണം; ഇരയായത് തിരുവനന്തപുരത്തെ സഹകരണബാങ്ക്

Cyber-Attack സഹകരണ ബാങ്കിലെ കംപ്യൂട്ടറിൽ തെളിഞ്ഞ സന്ദേശം.

തിരുവനന്തപുരം∙ വാനാക്രി (വാനാക്രിപ്റ്റ്) ആക്രമണത്തിനു പിന്നിൽ ആരാണെന്നു പോലും വ്യക്തമായിട്ടില്ലാതിരിക്കെ സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം. കംപ്യൂട്ടർ പ്രവർത്തനരഹിതമാക്കി ‘മോചനദ്രവ്യം’ ആവശ്യപ്പെടുന്ന റാൻസംവെയർ ആക്രമണമാണു വീണ്ടും റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലാ മർക്കന്റയിൻ സഹകരണ സംഘത്തിലുണ്ടായ ആക്രമണത്തിൽ സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചു.

ബാങ്കിലെ സെർവറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കംപ്യൂട്ടറിനു നേരെയായിരുന്നു ആക്രമണം. 23ന് വൈകിട്ടായിരുന്നു ആക്രമണം ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് കംപ്യൂട്ടർ പ്രവർത്തനരഹിതമാകുകയായിരുന്നു. റീസ്റ്റാർട്ട് ചെയ്തെങ്കിലും ഒരു സന്ദേശം മാത്രമാണു കണ്ടത്. നേരത്തേ വാനാക്രി ആക്രമണസമയത്ത് കംപ്യൂട്ടറുകളിൽ തെളിഞ്ഞ സന്ദേശത്തിനു സമാനമായിരുന്നു ഇത്.

കംപ്യൂട്ടറിലെ ഫയലുകൾ ‘എൻക്രിപ്റ്റ്’  ചെയ്തിരിക്കുകയാണെന്നും ‘ഡീക്രിപ്റ്റ്’ ചെയ്തു കിട്ടണമെങ്കിൽ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു വന്നത്. വിർച്വൽ കറൻസിസായ ബിറ്റ് കോയിന്‍ വഴി പണം നൽകണമെന്നാണ് ആവശ്യം.

ഒരു ഇമെയിലിലേക്ക് മറുപടി അയയ്ക്കാനും നിർദേശമുണ്ട്. എന്നാൽ സംഭവത്തെത്തുടർന്ന് ബാങ്ക് അധികൃതർ സൈബർ സെല്ലിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

related stories