Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈബർ ആക്രമണം: പാർവതിയുടെ പരാതിയിൽ വടക്കാഞ്ചേരി സ്വദേശി അറസ്റ്റിൽ

Parvathy

കൊച്ചി ∙ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന നടി പാർവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചുമാണു കേസ്.

കൊച്ചി സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ഐജി പി. വിജയനാണ് പാർവതി പരാതി നൽകിയത്. ഏതാനും പേരുടെ അപകീർത്തികരമായ ഫെയ്സ്ബുക് പോസ്റ്റുകൾ പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഇവരുടെ ഐപി വിലാസം ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണോദ്യോഗസ്ഥനായ സിഐ സിബി ടോം പറഞ്ഞു.

മമ്മൂട്ടി ചിത്രമായ ‘കസബ’യിലെ സ്ത്രീ വിരുദ്ധ നിലപാടുകളെ വിമർശിച്ചതിനെത്തുടർന്നാണു പാർവതിക്കെതിരെ ശക്തമായ സൈബർ ആക്രമണമുണ്ടായത്. ട്രോളുകളിലൂടെയും മറ്റും വ്യക്തിഹത്യ നടത്താൻ സംഘടിത ശ്രമം നടക്കുന്നതിനൊപ്പം ഭീഷണി സന്ദേശങ്ങളും വരുന്നതായി പരാതിയിൽ പറയുന്നു.