Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ദുരന്തം: കണക്കുകൾ തമ്മിൽ വൈരുദ്ധ്യമില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

J Mercykkuttiyamma

തൊടുപുഴ∙ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ കണക്കുകൾ തമ്മിൽ വൈരുദ്ധ്യമില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തൊടുപുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. പാർലമെന്റിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞതു ഡിസംബർ 20 വരെയുള്ള കണക്ക് മാത്രമാണ്. അതിനുശേഷം നിരവധിപ്പേർ തിരിച്ചെത്തി.

ശ്രദ്ധ പിടിച്ചു പറ്റാൻ വിവാദങ്ങളുണ്ടാക്കുന്നതു നിർഭാഗ്യകരമാണ്. ദുരന്തങ്ങളെ ഇങ്ങനെ ആഘോഷിക്കുന്നതു ശരിയല്ല. കേന്ദ്ര സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിൽ കണ്ടിട്ടുണ്ട്. സംഘത്തെ താൻ പ്രത്യേകമായി കാണേണ്ടതില്ല. ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്– മന്ത്രി കൂട്ടിച്ചേർത്തു.

ചുഴലിക്കാറ്റിൽ കടലിൽ കാണാതായവരെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറത്തുവിട്ടത് വ്യത്യസ്ത കണക്കുകളാണ്. ഇവ രണ്ടിൽനിന്നും വ്യത്യസ്തമാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതാ നേതൃത്വം നൽകുന്ന കണക്കുകൾ.

കേന്ദ്രസർക്കാർ പറഞ്ഞത് 261

കേന്ദ്രമന്ത്രി നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ച കണക്കു പ്രകാരം കേരളത്തിൽനിന്നുള്ള 261 പേരെ കൂടി കണ്ടെത്താനുണ്ട്.

കാണാതായവർ (ഡിസംബർ 15 വരെ ലഭിച്ച വിവരങ്ങൾ പ്രകാരം)
കേരളം – 261*
തമിഴ്നാട് – 400

രക്ഷപ്പെടുത്തൽ (ഡിസംബർ 20 വരെ ലഭിച്ച വിവരങ്ങൾ പ്രകാരം)
കേരളം – 362
തമിഴ്നാട് – 453
ലക്ഷദ്വീപ് – 30

*ഡിസംബർ 15നു ശേഷം കേരള തീരത്ത് തിരിച്ചെത്തിയത് 42 പേരാണ്. ഈ എണ്ണം കുറച്ചാലും 219.

ലത്തീൻ സഭ പറയുന്നത് – 243

ലത്തീൻ സഭയുടെ കണക്കുപ്രകാരം ഓഖി ദുരന്തത്തിൽ മൊത്തം കാണാതായത് 317 പേരാണ്. ഇതിൽ 74 പേരുടെ മൃതദേഹം ലഭിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ മൃതദേഹങ്ങളിൽ 37 പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

മന്ത്രി മേഴ്സിക്കുട്ടിയമ്മ ആവർത്തിക്കുന്നത് – 143

തിരുവനന്തപുരം ജില്ലയിൽനിന്നുള്ള 17 പേർ ഉൾപ്പെടെ മൊത്തം 143 പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറയുന്നു. ഇതിൽ തിരുവനന്തപുരത്തെ 17 പേരെക്കുറിച്ചു ചില സൂചനകൾ ലഭിച്ചതിനാൽ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല.

മന്ത്രി നൽകിയ കണക്ക്

രക്ഷപ്പെടുത്തൽ – 1116

കാണാതായവർ

ഫൈബർ ബോട്ടുകളിൽ: 95
യന്ത്രവൽകൃത യാനങ്ങളിൽ: 31
എഫ്ഐആർ റജിസ്റ്റർ െചയ്യാത്തവർ: 17

related stories